2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മിനിക്കഥകള്‍

അമീന്‍ പുറത്തീല്‍

താജ്മഹല്‍

”എനിക്കു വേണ്ടിയാണോ നിങ്ങളിതു പണിതത്? സത്യം പറ, നിങ്ങള്‍ക്കെന്നോട് ഇഷ്ടമുണ്ടോ?”
മുംതാസ് ഷാജഹാനോടാരാഞ്ഞു.
”എന്റെ പ്രിയ സഖീ…”
ഷാജഹാന്റെ വാക്കുകളില്‍ പ്രണയ പൂക്കള്‍ വിരിഞ്ഞു.
”എന്നിട്ടവര്‍ പറഞ്ഞത് അല്ലെന്നാണല്ലോ”
മുംതാസ് സന്ദേഹത്തോടെ പ്രിയതമനെ നോക്കി.
”അതു സാരമില്ല. നീ എന്റേതല്ലെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത് ”
ഷാജഹാന്റെ കണ്ണുകളില്‍നിന്നു പ്രണയജലം അടര്‍ന്നുവീണ് താജ്മഹലിന്റെ
മാര്‍ബിള്‍തറ പൊട്ടിച്ചിതറി.

ധാര്‍മികത

”അശാന്തിയും അനാശാസ്യവും നിന്റെ സൃഷ്ടിയാണ്.” വെളിച്ചം ഇരുട്ടിനോടു പറഞ്ഞു.
”മനുഷ്യന്‍ മനുഷ്യനെ വെട്ടിനുറുക്കുന്നതും വൃദ്ധന്‍ ബാലികയെ പീഡിപ്പിക്കുന്നതും
നിന്റെ കണ്‍മുന്നിലാണ് ” ഇരുട്ട് മറുമൊഴി നല്‍കി.
വെളിച്ചം തല താഴ്ത്തി.

 

ചിത

പ്രസവിക്കാന്‍ തുടങ്ങവേ അവര്‍ പറഞ്ഞു.
‘വെയിറ്റ്..’
ഗര്‍ഭപാത്രം തുറന്നു ജാതി നോക്കി.
വീടു കൊണ്ട് ചിതയൊരുക്കി.
ചിത ചൂണ്ടിക്കാണിച്ചവര്‍ പറഞ്ഞു.
‘ഉം. ഇനി പ്രസവിച്ചോളൂ..’

 

കുറ്റവും ശിക്ഷയും

ബാലിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതിന് അയാള്‍ക്കെതിരേ കേസ്. തെളിവ് ഹാജരാക്കാത്തതിനാല്‍ കോടതി അയാളെ വെറുതെവിട്ടു.
അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അവള്‍ക്കു ശിക്ഷ!
തെളിവ് നശിപ്പിക്കാന്‍ അവള്‍ക്കായിരുന്നില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News