2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

മിഡില്‍ ഈസ്റ്റില്‍ സൈബര്‍ ആക്രമികള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യംവയ്ക്കുന്നത് സഊദി അറേബ്യയെ

ദമ്മാം: സൈബര്‍ ആക്രമണ പോരാളികള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വയ്ക്കുന്ന രാജ്യങ്ങളില്‍ സഊദി അറേബ്യയെന്ന് മുന്നറിയിപ്പ്. സൈബര്‍ ആക്രമണം നടത്തി തകര്‍ക്കാന്‍ ശ്രമിച്ച കേസുകള്‍ രാജ്യത്ത് വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വിവര സാങ്കേതിക സുരക്ഷാ ഗവേഷകനായ മുഹമ്മദ് അമീനാണ് കണക്കുകള്‍ സഹിതം ഇത് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രമായി 60 മില്യണ്‍ സൈബര്‍ ആക്രമണങ്ങളാണ് രാജ്യത്ത് നടന്നത്. കണക്കുകള്‍ പ്രകാരം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നതും സഊദി അറേബ്യയാണ്. രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളെയാണ് സൈബര്‍ അക്രമികള്‍ ലക്ഷ്യം വെക്കുന്നത്. രാജ്യത്തെ ഉയര്‍ന്ന സാമ്പത്തിക ശേഷിയും ഓയില്‍, ഗ്യാസ് തുടങ്ങിയവയിലൂടെയുള്ള വന്‍മൂലധനവും കണ്ടുകൊണ്ടാണ് സൈബര്‍ ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഓയില്‍, ഗ്യാസ്, ടെലികമ്മ്യൂണിക്കേഷന്‍ സെക്ടറുകളിലാണ് ഗവണ്‍മെന്റിന് സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നത്. രാജ്യത്തെ പ്രമുഖ കമ്പനികളായ സഊദി അരാംകോ, സാലിന്‍ വാട്ടര്‍ കണ്‍വെര്‍ഷന്‍ കോര്‍പറേഷന്‍ (SWCC) തുടങ്ങിയ കമ്പനികളെയും ഹാക്കര്‍മാര്‍ ലക്ഷ്യം വച്ചിട്ടുണ്ട്. ബാങ്ക് മേഖലയില്‍ ഭൂരിപക്ഷം ഹാക്കര്‍മാരും ഉപഭോക്താക്കളെയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിലും ചിലര്‍ എ.ടി.എം മെഷീനുകളെയും സാമ്പത്തിക ക്രയവിക്രയം നടത്തുന്ന സെന്ററുകളെയും ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇന്റര്‍നെറ്റിലെ ഉപയോഗം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ സൈബര്‍ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.