2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മികച്ച ഗോള്‍ പ്രഖ്യാപിച്ച് ഫിഫ

സൂറിച്ച്: റഷ്യന്‍ ലോകകപ്പിലെ മികച്ച ഗോള്‍ ഫിഫ പ്രഖ്യാപിച്ചു. അര്‍ജന്റീനക്കെതിരേ ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ പവാര്‍ഡ് നേടിയ ഗോളാണ് 2018 ലോകകപ്പിലെ മികച്ച ഗോളായി ഫിഫ തിരഞ്ഞെടുത്തത്. രണ്ടാം പകുതിക്ക് ശേഷം ഇരു ടീമുകളും സമനിലയില്‍ നില്‍ക്കുമ്പോഴായിരുന്നു പവാര്‍ഡിന്റെ ഗോള്‍ പിറന്നത്. അര്‍ജന്റീനിയന്‍ ബോക്‌സിന്റെ ഇടത് മൂലയില്‍ നിന്ന് ഹെര്‍ണാണ്ടസ് നല്‍കിയ പാസില്‍ നിന്നായിരുന്നു പവാര്‍ഡിന്റെ സുന്ദര ഗോള്‍. ബോക്‌സിന്റെ വലത് മൂലയിലേക്ക് മുട്ടുകാലിന്റെ ഉയരത്തില്‍ ഉയര്‍ന്ന് വന്ന പന്തിനെ ആദ്യ കിക്കില്‍ തന്നെ ഗോളാക്കി മാറ്റുകയായിരുന്നു.

റഷ്യയിലെ മികച്ച പത്തുഗോളുകളില്‍ നിന്നാണ് പവാര്‍ഡിന്റെ ഗോളിനെ തിരഞ്ഞെടുത്തത്. 94-ാം മിനുട്ടില്‍ സ്വീഡനെതിരേ ടോണി ക്രൂസ് നേടിയ ഗോളും പട്ടികയിലുണ്ടായിരുന്നു. ഇറാനെതിരേ പോര്‍ച്ചുഗലിന്റെ റിക്കാര്‍ഡോ കരിസ്മ നേടിയ ഗോളിന് 9ാം സ്ഥാനം ലഭിച്ചു. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഐസ്‌ലന്റിനെതിരേ നൈജീരിയന്‍ താരം അഹ്മദ് മൂസ നേടിയ ഗോളും അവസാന പത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ജപ്പാന്‍-ബെല്‍ജിയം മത്സരത്തില്‍ ബെല്‍ജിയം താരം ചാഡ്‌ലി നേടിയ ഗോളിന് വോട്ടെടുപ്പില്‍ ഏഴാം സ്ഥാനം ലഭിച്ചു. ക്രൊയേഷ്യക്കെതിരേ റഷ്യക്കായി ഡെനിസ് ചെറിഷേവ് നേടിയ ഗോളാണ് ആറാം സ്ഥാനത്തുള്ളത്. നൈജീരിയക്കെതിരായ മത്സരത്തില്‍ മെസ്സി നേടിയ ഗോളിന് അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. കളിയുടെ നിര്‍ണായക നിമിഷത്തില്‍ ഓട്ടമെന്റിയുടെ പാസില്‍ നിന്നായിരുന്നു ലയണല്‍ മെസ്സിയുടെ സൂപ്പര്‍ ഗോള്‍ പിറന്നത്.
പോര്‍ച്ചുഗല്‍ സ്‌പെയിന്‍ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫ്രീകിക്ക് ഗോള്‍ പട്ടികയില്‍ നാലാമതെത്തി. പോര്‍ച്ചുഗല്‍ തോറ്റെന്നുറപ്പായപ്പോഴായിരുന്നു ക്രിസ്റ്റ്യാനോയുടെ സമനില ഗോള്‍ പിറന്നത്. അര്‍ജന്റീനക്കെതിരേ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച് നേടിയ ഗോളാണ് മൂന്നാം സ്ഥാനത്തുള്ളത്. മോഡ്രിച്ചിന്റെ ഗോളുള്‍പ്പെടെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അന്ന് ക്രൊയേഷ്യ ജയിച്ചത്. കൊളംബിയന്‍ താരം യുവാന്‍ ക്വെന്റോ ജപ്പാനെതിരേ നേടിയ ഗോളാണ് ഗോള്‍ പട്ടികയില്‍ രണ്ടാമതെത്തിയത്. ജപ്പാന്‍ ബോക്‌സിന്റെ വലത് മൂലയില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ഗ്രൗണ്ട് കിക്കിലൂടെ പന്ത് ക്വെന്റോ വലയിലെത്തിക്കുകയായിരുന്നു.
സ്‌പെനിനെതിരേയുള്ള മത്സരത്തിലെ ക്രിസ്റ്റ്യാനോയുടെ പ്രകടനത്തെ മികച്ച ഇന്‍ഡിവിഡ്യുല്‍ പ്രകടനമായി ഫിഫ തിരഞ്ഞെടുത്തു. സെനഗല്‍- കൊളംബിയ മത്സരത്തിനിടെ കൊളംബിയന്‍ താരം യാര മിന ഗോള്‍ നേടിയപ്പോള്‍ കൊളംബിയന്‍ താരങ്ങള്‍ ഗോള്‍ നേട്ടം ആഘോഷിച്ചതായിരുന്നു ലോകകപ്പിലെ മികച്ച ഗോള്‍ ആഘോഷം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.