
മനാമ: മിഅ്റാജ് ദിനത്തില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി മനാമയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് സംഘടിപ്പിച്ച ആത്മീയ സംഗമം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്വലാത്ത്, പ്രാര്‍ത്ഥന, ഉദ്ബോധനം എന്നിവ ഉള്‍പ്പെടുത്തിയ സംഗമത്തില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ മിഅ്റാജ് ദിന സന്ദേശം നല്കി.
നിസ്കാരം വിശ്വാസികളുടെ മിഅ്റാജാണെന്നും അല്ലാഹുവുമായി നടത്തുന്ന മുനാജാത്താണ് (സംഭാഷണം) അഞ്ചു നേരത്തെ നമസ്കാരമെന്നും സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ പറഞ്ഞു.
വിശ്വാസികള്‍ അല്ലാഹുവുമായി അടുത്തു നില്ക്കുന്ന രണ്ടു സന്ദര്‍ഭങ്ങളാണുള്ളത്. ഒന്ന് സ്വര്‍ഗത്തിലും മറ്റൊന്നും ഭൂമിയിലുമാണത്. ഭൂമിയില്‍ വെച്ച് ഏറ്റവും കൂടുതല്‍ അടുക്കുന്നത് നിസ്കാരത്തിലാണെന്നും നിസ്കാരം കൃത്യമായി നിര്‍വ്വഹിക്കുന്ന ഒരു വിശ്വാസിക്ക് പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ കഴിയുമെന്നും തങ്ങള്‍ വിശദീകരിച്ചു.
സുബ്ഹി നിസ്കാരം യഥാര്‍ത്ഥ സമയത്ത് നിസ്കരിച്ച് ജോലിക്കു പോകുന്നവര്‍ക്ക് തന്റെ കച്ചവടത്തിലും ജീവിതത്തിലും ഖൈറും ബര്‍കത്തും (സൗഭാഗ്യങ്ങളും ഗുണങ്ങളും) ഉണ്ടാകും. നിസ്കാരവും പ്രാര്‍ത്ഥനയുമാണ് വിശ്വാസിയുടെ ആയുധം. അല്ലാഹു തന്നെ സഹായിക്കുമെന്ന രൂഢമായ വിശ്വാസത്തോടെ തന്റെ പ്രയാസങ്ങള്‍ അല്ലാഹുവിനു മുമ്പില്‍ അവതരിപ്പിച്ചാല്‍ തീര്‍ച്ചയായും പരിഹാരം ഉണ്ടാകും. അല്ലാഹുവുമായി ബന്ധം സ്ഥാപിക്കുന്ന നിസ്കാരത്തില്‍ അലംഭാവം അരുത്. നബി(സ)അല്ലാഹുവുമായി സംസാരിച്ചതുപോലെ വിശ്വാസികളും അല്ലാഹുവിനോട് സംസാരിക്കുന്ന ഒരേയൊരു ഫര്ളാണ് നിസ്കാരമെന്നും മിഅ്റാജ് രാവില്‍ അല്ലാഹു നമുക്ക് സമ്മാനമായി നല്കിയതാണതെന്ന ചിന്ത അല്ലാഹുവിനെയും റസൂലിനെയും മിഅ്റാജിനെയും സ്നേഹിക്കുന്നവര്ക്കുണ്ടാകണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
കോ-ഓഡിനേറ്റര്‍ ഹാഫിള് ശറഫുദ്ധീന്‍ മൗലവി ഉദ്ബോധനം നടത്തി. സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ്, ശഹീര്‍ കാട്ടാമ്പള്ളി എന്നിവര്‍ നേതൃത്വം നല്കി.