2017 January 20 Friday
നീ ഇഹലോകത്ത് ഒരു വിദേശിയെപ്പോലെ അല്ലെങ്കില്‍ വഴിപോക്കനെപ്പോലെ ആകണം
-മുഹമ്മദ് നബി (സ്വ)

മാള സൗഹൃദതീരം അടച്ചുപൂട്ടി; ബോട്ട് യാത്ര നിലച്ചു

മാള: ഗ്രാമപഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന് മാള ചാലിന്റെ തീരത്ത് ഏതാനും വര്‍ഷം മുന്‍പ് ആരംഭിച്ച സൗഹൃദ തീരം അടച്ച് പൂട്ടി. ഇതോടെ ഉല്ലാസ ജലയാത്രക്കായി മാള ചാലില്‍ തുടങ്ങിയ ബോട്ട് സര്‍വിസും നിലച്ചിരിക്കുകയാണ്. സൗഹൃദ തീരത്തുള്ള ഭക്ഷണ ശാല നടത്തുന്നതിനായി ലേലത്തില്‍ എടുത്തവര്‍ തന്നെയാണ് ബോട്ട് സര്‍വിസും നടത്തിയിരുന്നത്. 

രണ്ട് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കും സഞ്ചരിക്കാവുന്ന പെഡല്‍ ഫൈബര്‍ ബോട്ടില്‍ മാള ചാലില്‍ ഉല്ലാസ ജലയാത്രക്കായി നിരവധി ആളുകള്‍ ദിനേന എത്തിയിരുന്നു. അന്‍പത് രൂപയാണ് ഒരു മണിക്കൂര്‍ ബോട്ട് യാത്രക്ക് വാടക ഈടാക്കിയിരുന്നത്. അഞ്ച് ഫൈബര്‍ പെഡല്‍ ബോട്ടുകളാണ് ഉല്ലാസ ജലയാത്രക്കായി സൗഹൃദ തീരത്ത് ഉണ്ടായിരുന്നത്.

ഒഴിവ് ദിനങ്ങളിലും വൈകുന്നേരങ്ങളിലും കുടുംബസമേതം വിനോദ ജലയാത്രക്കുള്ള സൗകര്യമാണ് സൗഹൃദ തീരം അടച്ചതോടെ ഇല്ലാതായിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച സൗഹൃദ തീരത്ത് ഭക്ഷണ ശാലയും ഫൈബര്‍ ബോട്ട് സര്‍വിസുമാണ് പ്രധാനമായും നടന്നിരുന്നത്. ഓരോ വര്‍ഷവും ലേലം നടത്തിയാണ് നടത്തിപ്പുകാരെ കണ്ടെത്തിയിരുന്നത്.
നടത്തിപ്പുകാര്‍ ഗ്രാമപഞ്ചായത്തിന് മാസം തോറും വാടക സംഖ്യ നല്‍കുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ സൗഹൃദ തീരം നടത്തിയവര്‍ ലേല സംഖ്യ നല്‍കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ പറഞ്ഞത്. ഏതാനും മാസം കഴിയുന്നതോടെ ഇപ്പോഴത്തെ ലേല കാലവധി അവസാനിക്കുമെന്നും ശേഷം പുനര്‍ലേലത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുന്‍ പഞ്ചായത്ത് ഭരണ സമിതി നിശ്ചയിച്ച മാസവാടക താങ്ങാനാവാത്തതിനാലാണ് ഒരു മാസത്തിലേറെയായി സൗഹൃദ തീരം അടച്ചതെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്. ലക്ഷങ്ങള്‍ ചിലവഴിച്ച് രണ്ട് വര്‍ഷം മുന്‍പ് നിര്‍മിച്ച സൗഹൃദ തീരത്തിന്റെ നടത്തിപ്പുകാര്‍ പറയുന്നത്. ശരിയാണോ എന്ന് പരിശോധിച്ച് വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാതെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സൗകര്യങ്ങള്‍ ഇല്ലാതാക്കുന്നതിന് ഇടയാക്കുന്ന രീതിയില്‍ ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള അനാസ്ഥക്കെതിരെ പ്രതിഷേധം ഉയരുകയാണ്.