2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മാലിന്യ വണ്ടി മറിഞ്ഞു; റോഡ് മാലിന്യക്കൂമ്പാരമായി, ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കിളിമാനൂര്‍ :സംസ്ഥാന പാതയില്‍ കിളിമാനൂര്‍ മഹാദേവേശ്വരം ജങ്ഷനില്‍ ഹോട്ടല്‍ മാലിന്യം കയറ്റി വന്ന മിനി ലോറി മറിഞ്ഞു. പാര്‍ക്ക് ചെയ്തിരുന്ന ലോറിയിലിടിച്ചാണ് മറിഞ്ഞത്. ആളപായമില്ല. ബാരല്‍ കണക്കിന് മാലിന്യം റോഡില്‍ ചിതറി. 2 മണിക്കൂര്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
വെഞ്ഞാറമൂടില്‍ നിന്ന് എത്തിയ അഗ്നിശമനസേനാ വിഭാഗം മറിഞ്ഞ ലോറി മാറ്റിയ ശേഷം റോഡ് പൂര്‍ണമായി കഴുകി പൂര്‍വ സ്ഥിതിയിലാക്കി. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം.
ആയൂര്‍ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ നിന്നും നിരവധി പ്ലാസ്റ്റിക്ക് ബാരലുകളില്‍ ശേഖരിച്ച പഴകിയ ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളുമായി മാര്‍ത്താണ്ഡത്തേക്ക് പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് സിമന്റുമായി വന്ന് റോഡിന്റെ ഓരം ചേര്‍ത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ മുന്നില്‍ ഇടിക്കുകയും മറിയുകയുമായിരുന്നു. മിനി ലോറിയുടെ ഡ്രൈവര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മിനി ലോറി ഡ്രൈവര്‍ മാര്‍ത്താണ്ഡം സ്വദേശി മഹേഷ് ആണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് റോഡ് പൂര്‍ണമായി മാലിന്യ കൂമ്പാരമായി. പരിസരത്ത് അതി ഭയങ്കര ദുര്‍ഗന്ധമായിരുന്നു.
മിനി ലോറി പര്‍ണമായും പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ മുന്‍ ഭാഗം ഭാഗികമായും തകര്‍ന്നു. റോഡില്‍ തിരക്ക് കുറവായതിനാല്‍ വലിയ അപകടം ഒഴിവായി.
വെഞ്ഞാറമൂടില്‍ നിന്നും സ്റ്റേഷന്‍ ഓഫിസര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമന സേനാ വിഭാഗമാണ് മറിഞ്ഞ മിനി ലോറി മാറ്റി റോഡ് പൂര്‍ണമായി കഴുകി പൂര്‍വ സ്ഥിതിയില്‍ ആക്കിയത്.
മാലിന്യം മുഴുവന്‍ മറ്റൊരു വാഹനത്തില്‍ കയറ്റി മാര്‍ത്താണ്ഡത്തേക്ക് വിട്ടു. കിളിമാനൂര്‍ പൊലീസ് കേസെടുത്തു .


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.