2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

മാലിന്യമുക്ത പ്രഖ്യാപനം നാളെ: മാലിന്യങ്ങള്‍ പെരുവഴിയിലും

പൊതു വഴികളില്‍ മാലിന്യക്കൂമ്പാരങ്ങളില്ലാതാകാന്‍ ഇനിയെത്രകാലം കൂടി കാത്തിരിക്കണം

 

ആദില്‍ ആറാട്ടുപുഴ

തിരുവനന്തപുരം: ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേര്‍ന്ന് സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്ത കേരളമാക്കി പ്രഖ്യാപിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ്. ശുചിത്വമിഷന് കീഴില്‍ പദ്ധതിയാവിഷ്‌കരണവും ഹരിത കേരളം മിഷനു കീഴില്‍ പ്രൊജക്ടുകള്‍ തയാറാക്കലുമൊക്കെ തകൃതിയായി നടക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ തെരുവോരങ്ങള്‍ ഇനിയും മാലിന്യമുക്തമായിട്ടില്ല. ബയോഗ്യാസ് പ്ലാന്റുകളെ പ്രോത്സാഹിപ്പിക്കാന്‍ ബയോബിന്‍, കിച്ചണ്‍ബിന്‍, കമ്പോസ്റ്റിങിനായി ഇനോക്കുലം തുടങ്ങിയ പദ്ധതികളാവിഷ്‌ക്കരിച്ചെങ്കിലും ഉദ്ദേശിച്ച രീതിയില്‍ നടപ്പാക്കാനായില്ലെന്ന ആരോപണമാണ് ഉയരുന്നത്.
സമ്പൂര്‍ണ മാലിന്യമുക്ത കേരളം പ്രഖ്യാപനം മാര്‍ച്ച് 30ന് നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. ഇതിനായി 95 ശതമാനത്തോളം മാലിന്യ നിര്‍മാര്‍ജനം പൂര്‍ത്തിയായെന്ന് ഹരിതകേരളം മിഷന്‍ ഓഫിസില്‍ നിന്ന് അറിയിച്ചു. എന്നാല്‍ സംസ്ഥാനത്തുടനീളം തെരുവോരങ്ങളില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യത്തെ ഒഴിവാക്കിയാണോ പ്രഖ്യാപനം എന്ന ചോദ്യമാണ് പൊതുജനങ്ങളില്‍ നിന്നുയരുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ബീച്ചുകളിലെയെല്ലാം തെരുവുനായ ശല്യത്തിന് പ്രധാന കാരണമായി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയത് തെരുവോരങ്ങളിലെ മാലിന്യമാണ്. വിവാദമുണ്ടാകുമ്പോള്‍ മാത്രം ശുചീകരണം നടത്തുന്ന പതിവിന് മാറ്റം സൃഷ്ടിക്കാന്‍ ശുചിത്വമിഷനും ഹരിതകേരള മിഷനും സംയുക്തമായി പല പദ്ധതികളാവിഷ്‌കരിച്ചുവെങ്കിലും അവയൊന്നും കൃത്യമായി നടപ്പാകുന്നില്ല എന്നതാണ് വസ്തുത.
അജൈവ മാലിന്യ സംസ്‌കരണത്തിനും തരംതിരിക്കലിനുമായി 153 മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതും 2 ലക്ഷംവീടുകളില്‍ പുതുതായി ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സജ്ജമാക്കിയതും 865 ടണ്ണിലധികം ഇ-മാലിന്യവും 375 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യവും അധികമായി പുനഃചംക്രമണത്തിന് കൈമാറിയും 90,563 പ്രോജക്ടുകള്‍ക്ക്‌വിവിധ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ രൂപം നല്‍കിയതും ഉള്‍പ്പെടെയുള്ള കണക്കുകള്‍ ഇതിന്റെ ഭാഗമായി ഹരിത കേരളം മിഷന്‍ നല്‍കുന്നുണ്ട്. ഈ കണക്കുകളും പൊതു വഴികളില്‍ അവശേഷിക്കുന്ന മാലിന്യവും വൈരുധ്യം സൃഷ്ടിക്കുന്നുണ്ടെങ്കിലും സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനമെന്ന സ്വപ്നത്തിനായി എത്രനാള്‍ കൂടി കാത്തിരിക്കണമെന്നതാണ് പൊതുജനങ്ങളില്‍ നിന്നുയരുന്ന ചോദ്യം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News