2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മാലിന്യത്തട്ടായി പാലക്കയം തട്ട്

പാലക്കയംതട്ട്: ഉത്തരമലബാറിലെ പ്രധാന ടൂറിസം മേഖലയായി ഉയര്‍ന്നുവരുന്ന പാലക്കയം തട്ടില്‍ ദൃശ്യ വിസ്മയത്തോടൊപ്പം സഞ്ചാരികളെ കാത്തിരിക്കുന്നതു മാലിന്യങ്ങളും. നിരന്ന കരിങ്കല്‍പ്പാറയും വിസ്തൃതമായ പുല്‍മേടുമുള്ള ഇവിടെ പ്ലാസ്റ്റിക് കുപ്പികള്‍, പ്ലെയിറ്റ്, പ്ലാസ്റ്റിക് കാരി ബാഗുകള്‍, മദ്യക്കുപ്പികള്‍ തുടങ്ങിയവ സഞ്ചാരികള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുകയാണ്. ഫെസിലിറ്റേഷന്‍ സെന്ററിന്റെ പിറകില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കുന്നുകൂട്ടിയതായും കാണാം. യാതൊരു നിയന്ത്രണവും ഇല്ലാതെയാണു സഞ്ചാരികള്‍ ഇവിടെ വന്നു പോകുന്നത്. മദ്യപാനികളുടെ വിഹാരകേന്ദ്രമായും ഇപ്പോള്‍ മാറിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്ന ഈ മേഖല പരിസ്ഥിതി ദുര്‍ബല പ്രദേശം കൂടിയാണ്. മനുഷ്യന്റെ നേരിയ ഇടപെടല്‍ പോലും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. പൈതല്‍മല കഴിഞ്ഞാല്‍ ജില്ലയിലെ ഏറ്റവും ഉയരമുള്ള ഭൂപ്രദേശമാണു പാലയക്കയംതട്ട്.
സമുദ്ര നിരപ്പില്‍ നിന്നു 3500ലധികം അടി ഉയരമുള്ള ഇവിടെ ദിനേന നിരവധി പേരാണു സന്ദര്‍ശകരായി എത്തുന്നത്. കമ്പിവേലികള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികളെ നിയന്ത്രിക്കുന്നതിനു ഗാര്‍ഡുകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഒന്നുമില്ല. കാഞ്ഞിരക്കൊല്ലി, പൈതല്‍മല, പാലക്കയംതട്ട് എന്നീ സ്ഥലങ്ങളെ ഉള്‍പ്പെടുത്തി ഫെബ്രുവരിയിലാണു പാലക്കയംതട്ട് ടൂറിസം ട്രയാംഗിള്‍ സര്‍ക്യൂട്ടിന്റെ പ്രവൃത്തി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സോളാര്‍ വിളക്കുകള്‍, സഞ്ചാരികള്‍ക്കുള്ള ഇരിപ്പിടം, ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, ശൗചാലയം, വ്യൂപോയിന്റ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി.
കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ഒരുകോടി രൂപ ചെലവഴിച്ചാണ് ഇതിന്റെ നിര്‍മാണം നടത്തിയത്. പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും പുറമ്പോക്ക് ഭൂമിയായ ഈ പ്രദേശം ഇതുവരെ ടൂറിസം വകുപ്പ് ഏറ്റെടുത്തിട്ടില്ല. രണ്ടാഴ്ചയ്ക്കകം പ്രദേശം ടൂറിസം വകുപ്പ് ഏറ്റെടുക്കുമെന്നും ഉദ്ഘാടനം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്നും ഡി.ടി.പി.സി സെക്രട്ടറി സജി വര്‍ഗീസ് അറിയിച്ചു. ഗാര്‍ഡുകളെ നിയമിച്ച് സഞ്ചാരികളുടെ മേല്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെയുള്ള മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News