
വടകര: എടോടിയിലെ ജീപ്പാസ് ബില്‍ഡിങ്ങില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ അടക്കം ഓവുചാലിലേക്ക് ഒഴുക്കിവിട്ട സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലികമായി അടച്ചു പൂട്ടാന്‍ വടകര നഗരസഭ നോട്ടിസ് നല്കി. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്സി ഹൈപ്പര്‍ മാര്‍ക്കറ്റ്, കല്ല്യാണ്‍ സില്‍ക്സ്, ബേബി കെയര്‍ എന്നീ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാനാണ് നഗരസഭ നോട്ടിസ് നല്‍കിയത്.
ബഹുനില കെട്ടിടത്തില്‍ ആവശ്യമായ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ നിര്‍മിക്കാതെ എട്ട് ഇഞ്ച് പി.വി.സി പൈപ്പുവഴി കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഡ്രൈനേജിനു സമീപത്ത് മറ്റൊരു ഡ്രൈനേജിലൂടെയാണു മാലിന്യങ്ങള്‍ ഒഴുക്കിവിട്ടത്. ഡ്രൈനേജിലൂടെ നേരെ കരിമ്പന തോട്ടിലേക്കാണു മാലിന്യം ഒഴുകുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് ശുചീകരിച്ച ഈ തോട് രണ്ടുദിവസം മുന്‍പ് മലിനമായി ദുര്‍ഗന്ധം വമിച്ചതോടെയാണു നാട്ടുകാര്‍ മലിനജലം ഒഴുക്കുന്നതിന്റെ ഉറവിടം തേടിയത്.
ഇന്നലെ വൈകിട്ടോടെ ജീപ്പാസ് കെട്ടിടത്തിനു മുന്നില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ ഡ്രൈനേജിനു മുകളിലത്തെ സ്ലാബ് ഉയര്‍ത്തിനോക്കി പരിശോധിച്ചപ്പോഴാണ് കക്കൂസ് മാലിന്യങ്ങള്‍ ഒഴുക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഇതുസംബന്ധിച്ച് നേരത്തെ പരിസരവാസികള്‍ നല്കിയ പരാതിയില്‍ നടപടി ഉണ്ടായിരുന്നില്ല.
സംഭവമറിഞ്ഞ് നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാജേഷ്, ദിലീപ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. മാലിന്യം ഒഴുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുവരെ സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ലെന്നാണ് നോട്ടിസ് നല്‍കിയത്. സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തടിച്ചുകൂടിയതോടെ വടകര സി.ഐ ടി. മധുസൂദനന് നായര്‍, എസ്.ഐ ഷറഫുദ്ദീന് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.