2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

മാറ്റങ്ങളുണ്ടാക്കുമോ രാഹുല്‍

ഗിരീഷ് കെ നായര്‍ kgirishk@gmail.com

രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷപ്പദമേല്‍ക്കുമ്പോള്‍ അതു കേവലം സ്ഥാനമാനങ്ങള്‍ക്കപ്പുറത്തു മറ്റൊരു ചരിത്രമാണു കോറിയിടുന്നത്. തലമുറകളുടെ കൈമാറ്റമായി രാഹുലിന്റെ പദവിയെ നോക്കിക്കാണാം. നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള നിലവിലെ കോണ്‍ഗ്രസ് പ്രസിഡന്റ് മാറിയാണ് അതേ കുടുംബത്തിലെ പുതുതലമുറക്കാരന്‍ പ്രസിഡന്റാകുന്നത്.
കോണ്‍ഗ്രസ് പ്രസിഡന്റാകുന്ന നെഹ്‌റു കുടുംബത്തിലെ ആറാമനാണു രാഹുല്‍. 1919ല്‍ നടന്ന അമൃത്‌സര്‍ സമ്മേളനത്തിലാണ് ആദ്യ നെഹ്‌റു കുടുംബക്കാരന്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുന്നത്, മോത്തിലാല്‍ നെഹ്‌റു. ഇനി അടുത്തൊന്നും കോണ്‍ഗ്രസിന് അധ്യക്ഷസ്ഥാനത്തിന്റെ അരക്ഷിതാവസ്ഥയുണ്ടാകില്ലെന്ന് അണികള്‍ പ്രത്യാശിക്കുന്നു.
രാഷ്ട്രീയത്തിലിറങ്ങി 13 ാം വര്‍ഷത്തിലാണു രാഹുല്‍ പാര്‍ട്ടിയുടെ പരമോന്നത പദവിയിലെത്തുന്നത്. കോണ്‍ഗ്രസ് നേതാക്കളും അണികളും ഒരുപോലെ ആഗ്രഹിച്ചതാണ് ഈ സ്ഥാനാരോഹണം. രാഹുലിനെ അധ്യക്ഷനായി പ്രഖ്യാപിക്കുന്നത് ഡിസംബര്‍ 11 നാണ്.

തലവേദനകളേറെ
രാഹുല്‍ അധ്യക്ഷനാകുന്നതു പാര്‍ട്ടി പാടേ തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ്. തൊഴുത്തില്‍ക്കുത്തും കുതികാല്‍വെട്ടും ഗ്രൂപ്പുകളിയും സംസ്ഥാനവ്യത്യാസമില്ലാതെയുണ്ട്. ഈ അവസ്ഥയില്‍നിന്നു പാര്‍ട്ടിയെ പഴയ ശക്തിയിലേക്കും അച്ചടക്കത്തിലേക്കും തിരികെയെത്തിക്കുക എളുപ്പമല്ല. യുവജനങ്ങളെ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട പദവികളില്‍ നിയമിക്കുകയെന്നതാവും ആദ്യ വെല്ലുവിളി.
മുതിര്‍ന്ന നേതാക്കളെ പിണക്കാതെ ഇതു സാധ്യമാക്കുന്നതിലാണു വിജയം. രാഷ്ട്രീയപശ്ചാത്തലത്തില്‍ രാഹുലിന്റെ സ്ഥാനലബ്ധി വിലയിരുത്തുന്നതു തെരഞ്ഞെടുപ്പു കാലവുമായി ബന്ധപ്പെടുത്തിയാകണം. ഹിമാചലിലെയും ഗുജറാത്തിലെയും തെരഞ്ഞെടുപ്പു ഫലങ്ങള്‍ 18നാണു പുറത്തുവരിക. ഹിമാചലില്‍ പ്രതീക്ഷയില്ലെങ്കിലും ഗുജറാത്തിലുണ്ടാക്കുന്ന ചെറിയനേട്ടം പോലും രാഹുലിനു പാര്‍ട്ടിയില്‍ ശക്തമായ അടിത്തറ നല്‍കും.

തല മുതിര്‍ന്നവര്‍ക്ക് ആശങ്ക
കോണ്‍ഗ്രസിന്റെ പരമോന്നതസ്ഥാനത്തേയ്ക്കു രാഹുല്‍ നിയോഗിക്കപ്പെട്ടതോടെ തലമുതിര്‍ന്ന പല നേതാക്കള്‍ക്കും സ്വന്തം നിലനില്‍പ്പില്‍ ആശങ്കയുണ്ട്. യുവാക്കള്‍ക്കുവേണ്ടി വാദിക്കുകയും പല മേഖലയിലും അവരെ പ്രതിഷ്ഠിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുകയും ചെയ്യുന്ന രാഹുലിനു മുതിര്‍ന്ന നേതാക്കളെ പലരെയും താല്‍പ്പര്യമില്ല. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോടും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോടും മാത്രമാണു രാഹുലിനു പ്രിയം. അതുകൊണ്ടാണ് അധ്യക്ഷപദത്തിനു നാമനിര്‍ദേശം സമര്‍പ്പിക്കും മുന്‍പ് അവരുടെ അനുഗ്രഹം തേടിയത്.
രാഹുല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടിയായതോടെയാണ് മുതിര്‍ന്നവരുമായി അസ്വാരസ്യം തുടങ്ങിയത്. പല പദവികളിലും കടിച്ചുതൂങ്ങിയ പ്രവര്‍ത്തനശേഷിയില്ലാത്ത പ്രവര്‍ത്തകസമിതിയംഗങ്ങളില്‍ പലരെയും പുറത്താക്കി യുവരക്തത്തിനു സാന്നിധ്യമൊരുക്കാന്‍ ശ്രമിച്ചതാണു കാരണം. വേറിട്ട വഴിയിലൂടെ സഞ്ചരിക്കാന്‍ രാഹുല്‍ കാട്ടിയ അമിതാവേശം മുതിര്‍ന്നവരെ വേവലാതിയിലാക്കി.
സ്തുതിപാഠകര്‍ തെളിച്ച വഴിയില്‍ സഞ്ചരിച്ചു വഴിവിട്ടുപോയ രാഹുല്‍ ഏറെ പരാതികള്‍ക്ക് ഇടനല്‍കുകയും പരാജയങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തതു മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു രാഹുലിനെ ചൊടിപ്പിച്ചു. എങ്കിലും സ്വതന്ത്രമായ അധികാരമില്ലാത്ത പദവിയിലിരുന്നു അവരെ നേരിടാന്‍ അദ്ദേഹത്തിനായില്ല. ഇനി സ്വതന്ത്രാധികാരിയുടെ പദവിയിലെത്തുന്ന രാഹുലിനെ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന ചില അംഗങ്ങളെങ്കിലും ഭയക്കും.

പാളിയ തന്ത്രങ്ങള്‍
വൈസ് പ്രസിഡന്റെന്ന നിലയില്‍ രാഹുല്‍ നടപ്പാക്കിയ തന്ത്രങ്ങള്‍ പാളിപ്പോയിരുന്നെന്നാണു മുതിര്‍ന്നവരുടെ വിലയിരുത്തല്‍. തന്ത്രശാലിയായ ബിഹാര്‍ മുഖ്യമന്ത്രിയുമായുണ്ടാക്കിയ മഹാസഖ്യമാണതില്‍ പ്രധാനം. ബി.ജെ.പിയെ തോല്‍പിക്കുകയെന്ന അജന്‍ഡ മാത്രമായിരുന്നു കാതല്‍. അതു ചീറ്റിപ്പോയി. യു.പിയില്‍ അഖിലേഷുമായി അമിതാവേശത്തോടെ ഉണ്ടാക്കിയ സഖ്യവും പരാജയപ്പെട്ടു. നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തോറ്റു. എന്നാല്‍, അധ്യക്ഷസ്ഥാനത്തേയ്ക്കു കയറുന്ന രാഹുല്‍ ഗുജറാത്തിലുണ്ടാക്കിയ തന്ത്രത്തിനു മതിപ്പേറെ. മൃദുഹിന്ദുത്വത്തിലൂന്നി, യുവനായകരെ കൂടെക്കൂട്ടുക വഴി ഹൈന്ദവ വോട്ട് ബാങ്കിലുണ്ടാക്കിയ പിളര്‍പ്പാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
മറ്റു രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്കു രാഹുലിനെ അത്ര മതിപ്പുണ്ടായിരുന്നില്ല. സഖ്യചര്‍ച്ചകളില്‍ അവര്‍ സോണിയയുടെ സാന്നിധ്യമാണ് ഇഷ്ടപ്പെടാറ്. അധ്യക്ഷസ്ഥാനത്തെത്തുന്ന രാഹുലിന് ഈ മനോഭാവം മാറ്റിയെടുക്കാന്‍ കഴിയുമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. സോണിയയുടെ ഉപദേശവും സാന്നിധ്യവും പരിചയവും രാഹുലിനു മുതല്‍ക്കൂട്ടാകും.

സോണിയ ഇനി
19 വര്‍ഷം കോണ്‍ഗ്രസിനെ നയിച്ച സോണിയാഗാന്ധി മകന്‍ രാഹുലിനെ പാര്‍ട്ടിയെ നയിക്കാനുള്ള ദൗത്യമേല്‍പിച്ച് അണിയറയിലേയ്ക്കു നീങ്ങുകയാണ്. എങ്കിലും അധ്യക്ഷനെ എല്ലാ കാര്യങ്ങളിലും സോണിയ തന്നെ ഉപദേശിക്കുമെന്നാണു കരുതപ്പെടുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ചെയര്‍പഴ്‌സണായി അവര്‍ തുടര്‍ന്നേയ്ക്കും. ബി.ജെ.പിക്കെതിരേ 2019 ലെ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം രൂപീകരിക്കാനുള്ള ദൗത്യമായിരിക്കും സോണിയ നിര്‍വഹിക്കുക.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.