2018 October 17 Wednesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

മാരുതിയുടെ ‘ബെന്‍സ് ‘ വൈറലായി; ഒടുവില്‍ കുടുങ്ങി

തിരൂര്‍: രൂപമാറ്റം വരുത്തിയെന്ന വിവരത്തെതുടര്‍ന്ന് തങ്ങള്‍ കസ്റ്റഡിയിലെടുത്ത ചുവന്ന കാര്‍ കണ്ട് തിരൂരിലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ആദ്യമൊന്ന് അമ്പരന്നു. ഇത് ഒറിജിനല്‍ ബെന്‍സ് തന്നെയല്ലേയെന്ന് ചോദിച്ച് അവര്‍ പരസ്പരം നോക്കി. ഒടുവില്‍ വിശദമായ പരിശോധനയിലാണ് കാര്യം വ്യക്തമായത്. മാരുതി ബെലാനോയുടെ മുന്നിലെ ബോണറ്റും പിന്‍ഭാഗവും എടുത്തുമാറ്റി അതിവിദഗ്ധമായി ബെന്‍സിന്റെ ബോണറ്റും ടെയില്‍ ഗേറ്റും സ്ഥാപിച്ചതായിരുന്നു. നാല് ചക്രങ്ങളും ബെന്‍സിന്റേതിന് സമാനം. എന്തിന് സ്റ്റിയറിങ് പോലും ബെന്‍സിന്റേത്. ബെന്‍സിന്റെ ഹാച്ച്ബാക്ക് മോഡലായ ബി ക്‌ളാസിനെ വെല്ലുന്ന രീതിയിലായിരുന്നു രൂപ മാറ്റം വരുത്തിയിരുന്നത്.

നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ ഈ കാര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. കാര്‍ ആദ്യം വാങ്ങിയയാള്‍ മറ്റൊരാള്‍ക്ക് വിറ്റിരുന്നു. രണ്ടാമതായി വാങ്ങിയ വ്യക്തിയാണ് ബെന്‍സ് രൂപത്തിലാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഈ കാര്‍ വൈറലായതിന് പിന്നാലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് പരാതിയുമെത്തി. അന്വേഷണം നടത്തിയപ്പോള്‍ കാര്‍ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതാണെന്ന് കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍ കാര്‍ തിരൂര്‍ സബ് ആര്‍.ടി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും വ്യക്തമായി. തുടര്‍ന്നായിരുന്നു ഊര്‍ജിതമായ അന്വേഷണം.

മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പിന്നാലെയുണ്ടെന്ന് അറിഞ്ഞ് വാഹന ഉടമ മൂന്നാമതൊരു വ്യക്തിക്ക് കൂടി വിറ്റിരുന്നു. എന്നാല്‍, രേഖകളില്‍ വാഹനം അപ്പോഴും ആദ്യത്തെ ഉടമയുടെ പേരില്‍ തന്നെയായിരുന്നു. റോഡില്‍ പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ ‘ബെന്‍സിനായി ‘ പല ദിവസങ്ങളിലും വലവിരിച്ചു. എന്നിട്ടൊന്നും പിടികിട്ടിയില്ല. അപ്പോഴെല്ലാം കല്‍പ്പകഞ്ചേരിയിലെ യൂസ്ഡ് കാര്‍ വില്‍പ്പന കേന്ദ്രത്തില്‍ ചുവന്ന ബെന്‍സ് വിശ്രമത്തിലായിരുന്നു. ഒടുവില്‍ അവിടെനിന്ന് ഉദ്യോഗസ്ഥര്‍ കാര്‍ പൊക്കി, കൂടെ ഉടമയെയും.

കാറിന് രൂപമാറ്റം വരുത്താന്‍ ഉപയോഗിച്ച സൈലന്‍സറുകളാകട്ടെ ബൈക്കുകളുടേതായിരുന്നു. മുന്‍പ് സ്‌കൂള്‍ വിദ്യാര്‍ഥി മാരുതി കാറില്‍ ഘടിപ്പിച്ച് ഉപയോഗിച്ച് വിവാദമായ സൈലന്‍സറാണ് അതില്‍ ഒന്ന്. മറ്റ് രണ്ടെണ്ണം ബുള്ളറ്റില്‍ പ്രത്യേകമായി ഘടിപ്പിക്കുന്നവയും. തൃശൂരില്‍ നിന്നാണ് ബെലാനോ കാര്‍ ബെന്‍സ് രൂപത്തിലാക്കിയത്. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചായിരുന്നു രൂപമാറ്റം. കാര്‍ അത്യാകര്‍ഷകമായി രൂപമാറ്റം വരുത്തിയ വര്‍ക്ക്‌ഷോപ്പ് ഉടമ തന്നെയാണ് വാഹന ഉടമയുമായുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ വ്യാജ ബെന്‍സിനെ ഒറ്റുകൊടുത്തത്.
വ്യാജ ബെന്‍സിന്റെ വാഹന ഭാഗങ്ങള്‍ തിരൂര്‍ സബ് ആര്‍.ടി.ഒ ഓഫിസില്‍ സൂക്ഷിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും തിരൂര്‍ ജോയിന്റ് ആര്‍.ടി.ഒ എം. അനസ് മുഹമ്മദ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.