2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മാരകം ഈ കീടനാശിനികള്‍; കൃഷി വകുപ്പിന് മൗനം

തമീം സലാം കാക്കാഴം

ആലപ്പുഴ: പച്ചക്കറികളിലെയും പഴവര്‍ഗങ്ങളിലെയും മാരകവിഷം പരിശോധിക്കുന്ന അധികൃതര്‍ നെല്‍വയലുകളിലെ മാരക കീടനാശിനി പ്രയോഗം കണ്ടില്ലെന്ന് നടിക്കുന്നു.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ നെല്‍ വയലുകളാല്‍ സമൃദ്ധമായ കുട്ടനാട്ടില്‍ നിരോധിത കീടനാശിനികളുടെ ഉപയോഗം വര്‍ധിക്കുകയാണ് .നിരോധിച്ച കീടനാശിനികള്‍ പേര് മാറ്റി ഇന്നും കുട്ടനാട്ടിലെ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. കൊള്ള ലാഭം കൊയ്യുന്ന ഇത്തരം കമ്പനിക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
കുട്ടനാട്ടിലെ നെല്‍പ്പാടങ്ങളില്‍ മാത്രം പ്രതിവര്‍ഷം 20000 ടണ്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍. പുഞ്ചകൃഷിയ്ക്ക് 370 ടണ്‍ കീടനാശിനിയും രണ്ടാം കൃഷിയ്ക്ക് 130 ടണ്‍ കീടനാശിനിയുമാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്.
ഇതിനെ കുറിച്ച് കൂടുതല്‍ പഠനം നടത്തി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നെല്‍വയലുകളില്‍ ‘മരുന്ന് ‘ എന്ന പേരിലാണ് കൊടിയ കീടനാശിനികളുടെ ഉപയോഗം. നിരോധിക്കപ്പെട്ട കീടനാശിനികള്‍ വില്‍ക്കുന്ന വന്‍ലോബിയാണ് ഇവിടെ പ്രവര്‍ത്തുക്കുന്നത്. വന്‍ തുകനല്‍കി സര്‍ക്കാര്‍ സവിധാനങ്ങളെ വിലക്കെടുത്താണ് കീടനാശിനി ലോബികള്‍ തഴച്ച് വളരുന്നത്.
എല്ലാ കീടനാശിനി വിതരണ, വിപണന കേന്ദ്രങ്ങളിലും ഇന്‍സെക്ടിസൈഡ് ഇന്‍സെപ്ക്ടര്‍മാര്‍ കര്‍ശന പരിശോധന നടത്തുമെന്ന പ്രഖ്യാപനം വഴിപാടായി. നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്‌കര്‍ഷിച്ച കീടനാശിനികള്‍ കൃഷി ഓഫിസറുടെ ശിപാര്‍ശ കുറിപ്പിന്റെ അടിസ്ഥാനത്തിലേ കീടനാശിനി ഡിപ്പോകളില്‍ നിന്നു കര്‍ഷകര്‍ക്ക് നല്‍കാവൂയെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല.
കീടനാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷര്‍ക്കോ കര്‍ഷകസമിതികള്‍ക്കോ നേരിട്ട് കീടനാശിനി വിതരണം ചെയ്യാന്‍ പാടില്ലെന്നും കൃഷിവകുപ്പ് നിര്‍ദേശിച്ചിരുന്നു.
കൂടാതെ കീടനാശിനികമ്പനികളും വിതരണക്കാരും കൃഷി വകുപ്പിന്റെ അംഗീകാരമില്ലാതെ കൃഷിയിടങ്ങളില്‍ നേരിട്ട് വിള പരീക്ഷണങ്ങളും ഡമോണ്‍സ്‌ട്രേഷനുകളും നടത്തരുതെന്നും ഉത്തരവും വ്യാപകമായി ലംഘിക്കപ്പെടുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News