2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

മാമ്പഴക്കാലത്തില്‍ കുട്ടികള്‍ക്കു പ്രചോദനമായി ഷിഹാബുദ്ദീന്‍

തിരുവനന്തപുരം: സ്വന്തം പ്രയത്‌നങ്ങളെയും ജീവിതാനുഭവങ്ങളെയും അടയാളമാക്കി ഷിഹാബുദ്ദീന്‍ മാമ്പഴക്കാലത്തിലെ കുട്ടികളുടെ മനസ്സ് കവര്‍ന്നു. ദാരിദ്ര്യത്തിന്റെയും വൈകല്യത്തിന്റെയും കൊടുമുടിയില്‍ നിന്നു ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ജീവിതത്തിലേക്കു മടങ്ങിയെത്തിയ മലപ്പുറം ഷിഹാബുദ്ദീന്‍ വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ ഒരുക്കിയ മാമ്പഴക്കാലം അവധിക്കാലക്യാംപില്‍ അതിഥിയായി എത്തി. ജന്മനാ ഇരുകൈകള്‍ക്കും കാലുകള്‍ക്കും അംഗഭംഗം വന്ന ഷിഹാബുദ്ദീന്റെ ജനനസമയത്ത് അധികനാള്‍ ജീവിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചിരുന്നത്. തന്റെ ചുവടുവയ്പുകള്‍ ഷിഹാബുദ്ദീന്‍ കുട്ടികളോട് പങ്കുവച്ചു. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു അംഗപരിമിതികളെ മറികടക്കണമെന്ന് തോന്നിയത് . ഏകാഗ്രതയോടെ പഠിച്ചുപത്താം ക്ലാസ്സ് പരീക്ഷയില്‍ 96% മാര്‍ക്കോടെ വിജയിച്ചു. അധ്യാപകര്‍ പകര്‍ന്നു തന്ന ആത്മവിശ്വാസമായിരുന്നു ഊര്‍ജം. പിന്നെ ബിരുദത്തിനു പഠിക്കുമ്പോള്‍ കലയിലും ശ്രദ്ധ പതിപ്പിച്ചു. ഇപ്പോള്‍ എം.എ. ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിയാണ്. ഒരു ചാനലിന്റെ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്. വൈകല്യങ്ങളെ അതിജീവിച്ച ഷിഹാബുദ്ദീന്‍ നൃത്തം, ചിത്രരചന, വയലിന്‍, പിയാനോ വായന എന്നിവയില്‍ അഗ്രഗണ്യനാണ്. ഷിഹാബുദ്ദീന്റെ വിജയകഥ ക്യാംപില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കിയത്. മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, കോ-ഓര്‍ഡിനേറ്റര്‍ രാജന്‍ വി.പൊഴിയൂര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫോട്ടോ ഉണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.