2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

മാപ്പിളപ്പാട്ടിനെ രക്ഷിക്കണം: ചൂടേറിയ ചര്‍ച്ചകളുമായി സുപ്രഭാതം സംവാദം

കോഴിക്കോട്: മാപ്പിളപ്പാട്ടെന്ന ജനകീയ കലയുടെ സംരക്ഷണത്തിനും പ്രചാരണത്തിനും ശക്തമായ നടപടികള്‍ അനിവാര്യമാണെന്ന് സുപ്രഭാതം സംഘടിപ്പിച്ച സംവാദത്തില്‍ അഭിപ്രായം ഉയര്‍ന്നു. സംസ്‌കാരത്തിന്റെയും ഭാഷയുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് മാപ്പിളപ്പാട്ടിനെ കുറിച്ചറിയാന്‍ പുതുതലമുറ കലാകാരന്മാര്‍ക്ക് അവസരമൊരുക്കണമെന്നും സുപ്രഭാതം വാര്‍ഷിക പതിപ്പിന്റെ ഭാഗമായി മാപ്പിളപ്പാട്ടിന്റെ വര്‍ത്തമാനം എന്നവിഷയത്തില്‍ നടന്ന തുറന്ന സംവാദം വിലയിരുത്തി. 

പാരമ്പര്യവും മാപ്പിളത്തനിമയും കാത്തുസൂക്ഷിച്ച് തന്നെ പാട്ടെഴുത്തില്‍ പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. മാപ്പിളപ്പാട്ടിന്റെ സൗന്ദര്യം സര്‍ഗാത്മകതയും തനിമയുമാണ്. ഇതോടൊപ്പം പുതിയ കാലത്ത് ആളുകളിലുണ്ടായ ഭാഷാ പുരോഗതിക്കനുസരിച്ച് മാപ്പിളപ്പാട്ടിലും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാമെന്ന് അഭിപ്രായമുയര്‍ന്നു.
ആധുനിക കാലത്ത് മാപ്പിളപ്പാട്ട് നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹാര മാര്‍ഗങ്ങളും സംവാദം വിശകലനം ചെയ്തു. ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്ന സംവാദത്തിന്റെ പൂര്‍ണരൂപം സുപ്രഭാതം വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിക്കും.
ഒ.എം കരുവാരകുണ്ട്, എ.പി അഹമ്മദ്, ബാപ്പു വെള്ളിപറമ്പ്, കാനേഷ് പൂനൂര്‍, കെ.അബൂബക്കര്‍ മാസ്റ്റര്‍, ബാപ്പു വാവാട് എന്നിവര്‍ വിഷയമവതരിപ്പിച്ചു. ഫൈസല്‍ എളേറ്റില്‍ മോഡറേറ്ററായിരുന്നു.
ചര്‍ച്ചയില്‍ പി.കെ മുഹമ്മദ്, റഹ്മാന്‍ മുന്നൂര്, നൗഷാദ് അരീക്കോട്, സി. റഹീന കൊളത്തറ, ഫൈസല്‍ കന്‍മനം, ശാഫി കരുവാരകുണ്ട്, എം. മുഹമ്മദ് വള്ളുവമ്പ്രം പങ്കെടുത്തു. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍ അധ്യക്ഷനായി. വാര്‍ഷിക പതിപ്പ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ സ്വാഗതം പറഞ്ഞു.

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.