2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

മാന്ത്രികനായ ഹ്യൂമേട്ടന്‍

എവേ പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസിനെ 1-3ന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്
ഹാട്രിക്ക് ഗോളുകളുമായി ഇയാന്‍ ഹ്യൂം

ന്യൂഡല്‍ഹി: കൊടും തണുപ്പിലേക്ക് പോരാട്ട ചൂടുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തില്‍ കുറഞ്ഞതൊന്നും ആശ്വാസം പകരില്ലായിരുന്നു. പ്രായം കൂടിയെന്നും ഫോമില്ലെന്നും പറഞ്ഞവര്‍ക്ക് തന്റെ മികവിന്റെ ഔന്നത്യം പ്രകടന മികവിലൂടെ അടയാളപ്പെടുത്തി ഇയാന്‍ ഹ്യൂം സീസണിലാദ്യമായി നിറഞ്ഞാടി. ഹ്യൂമേട്ടന്‍ ഹാട്രിക്ക് ഗോളുകളുമായി മുന്നില്‍ നിന്നപ്പോള്‍ ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരായ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് 3-1ന്റെ തകര്‍പ്പന്‍ ജയം. തലയിലേറ്റ പരുക്ക് വക വയ്ക്കാതെ പ്രാഥമിക ചികിത്സ തേടി തിരിച്ചെത്തിയ ഹ്യൂം രണ്ടാം പകുതിയില്‍ ഡല്‍ഹിയുടെ തിരിച്ചുവരാനുള്ള എല്ലാം പ്രതീക്ഷകളേയും കടന്നാക്രമിച്ച് ഇല്ലാതാക്കുന്ന കാഴ്ചയായിരുന്നു ഡല്‍ഹി മൈതാനത്ത്. പ്രത്യേകിച്ച് മൂന്നാം ഗോള്‍. മനോഹരമായി പന്ത് ചിപ്പ് ചെയ്ത് ഹ്യൂം വലയിലാക്കിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് വിജയവും ഉറപ്പാക്കുകയായിരുന്നു. അടുത്ത ഘട്ടത്തിലേക്ക് കുതിക്കാനുള്ള ഊര്‍ജം സ്വന്തമാക്കാന്‍ പര്യാപ്തമാണ് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഈ വിജയം.

സീസണിലെ രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് 11 പോയിന്റുകളുമായി എട്ടാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായ ഹ്യൂമിന്റെ മൂന്നാം ഹാട്രിക്കാണിത്. കഴിഞ്ഞ കളി വരെ കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താതെ പരുങ്ങിയ ഹ്യൂമിന്റെ മികച്ച തിരിച്ചുവരവായി മത്സരം മാറി. ബോള്‍ പൊസഷനിലും മുന്നേറ്റത്തിലും അവസരം സൃഷ്ടിക്കുന്നതിലും മുന്നില്‍ നിന്ന ഡല്‍ഹി പക്ഷേ ഹ്യൂമിന്റെ മാരക ഫോമില്‍ പകച്ചുപോകുകയായിരുന്നു. ഹ്യൂമിനെ ഏക സ്‌ട്രൈക്കറാക്കിയുള്ള ഡേവിഡ് ജെയിംസിന്റെ തന്ത്രത്തിന്റെ വിജയം കൂടിയായി ഡല്‍ഹിയിലെ പോരാട്ടം.

പകരക്കാരനായി ഇറങ്ങി കൊച്ചിയില്‍ വച്ച് ബ്ലാസ്റ്റേഴ്‌സ് പ്രേമികളുടെ ഹൃദയം കവര്‍ന്ന ഉഗാണ്ടന്‍ താരം കിസിറ്റോ ഇന്നലെ ആദ്യ ഇലവനില്‍ തന്നെ ഇടം പിടിച്ചു. ഒപ്പം ബെര്‍ബറ്റോവും വെസ് ബ്രൗണും ആദ്യ ഇലവനിലെത്തി. പരുക്കേറ്റ് വിശ്രമിക്കുന്ന സി.കെ വിനീത് ഇന്നലെ ഇറങ്ങിയില്ല. സിഫ്‌നിയോസിനെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് ഡേവിഡ് ജയിംസ് ടീമിനെ ഇറക്കിയത്. എന്നാല്‍ കളിയുടെ 40ാം മിനുട്ടില്‍ ബെര്‍ബറ്റോവിന് പരുക്കേറ്റ് പുറത്ത് പോകേണ്ടി വന്നതോടെ സിഫ്‌നിയോസാണ് പകരമെത്തിയത്.

കളി തുടങ്ങി 12ാം മിനുട്ടില്‍ തന്നെ ഇയാന്‍ ഹ്യൂം അവസരം മുതലാക്കി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. കറേജ് പെക്കുസണ്‍ ബോക്‌സിലേക്ക് തട്ടിയിട്ട പന്ത് അടിച്ചകറ്റാനുള്ള ഡല്‍ഹി പ്രതിരോധ താരത്തിന്റെ ശ്രമം വിഫലമായപ്പോള്‍ ഉജ്ജ്വല വേഗതയില്‍ ഓടിയെത്തി ഹ്യൂം അവസരം നഷ്ടപ്പെടുത്താതെ പന്ത് വലയിലാക്കി. ലീഡ് വഴങ്ങിയ ഡല്‍ഹി കടുത്ത ആക്രമണവുമായി നിരന്തരം ബ്ലാസ്റ്റേഴ്‌സ് മുഖത്തേക്ക് കുതിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. നിരന്തരമായ ഗോള്‍ ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായി. ഒടുവില്‍ 44ാം മിനുട്ടില്‍ അവര്‍ ലക്ഷ്യം കണ്ടു. പ്രീതം കോട്ടാലായിരുന്നു ഡല്‍ഹിക്ക് സമനില ഗോള്‍ സമ്മാനിച്ചത്. ബെര്‍ബറ്റോവിന് 40ാം മിനുട്ടില്‍ പരുക്കേറ്റ് കളം വിടേണ്ടി വന്നത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. പിന്നാലെ ഇയാന്‍ ഹ്യൂമിനും തലക്ക് പരുക്കേറ്റു. ചോരയൊലിക്കുന്ന മുഖവുമായി ഹ്യൂം കളി തുടര്‍ന്നു. പിന്നീട് പ്രാഥമിക ചികിത്സ നടത്തിയ ശേഷമാണ് താരം ബാന്‍ഡേജുമായി കളത്തിലെത്തി കളിയുടെ ഗതി തന്നെ തിരിച്ചത്.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് നിറംമങ്ങി പിന്നോട്ട് പോകുന്ന കാഴ്ചയായിരുന്നു. പന്തടക്കത്തിലും മുന്നേറ്റത്തിലും ഡല്‍ഹി തന്നെ മുന്നില്‍ നിന്നു. കളി അവസാന ഘട്ടത്തിലേക്ക് കടക്കവേ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില അല്ലെങ്കില്‍ തോല്‍വി എന്നുറപ്പിച്ച നിമിഷങ്ങളായിരുന്നു. എന്നാല്‍ 78ാം മിനുട്ടില്‍ ഹ്യൂം തന്റെ രണ്ടാം ഗോള്‍ വലയിലാക്കി കൊമ്പന്‍മാര്‍ക്ക് പുതുജീവന്‍ നല്‍കി. കറേജ് പെക്കുസണ്‍ തന്നെ ഈ ഗോളിനും വഴിയൊരുക്കി. അഞ്ച് മിനുട്ടിന്റെ ഇടവേളയ്ക്കിടെ ഹ്യൂമിന്റെ മൂന്നാം ഗോളും മറ്റൊരു മാജിക്കിലൂടെ പിറന്നു. സിഫ്‌നിയോസിന്റെ പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് തന്നെ ബോക്‌സിലേക്ക് കയറിയ ഹ്യൂം ഡല്‍ഹി പ്രതിരോധ താരത്തെ ഡ്രിബ്ള്‍ ചെയ്ത് പന്ത് ഒരു ചിപ്പ് ഷോട്ടിലൂടെ വലയിലാക്കി. പന്ത് തടുക്കാനായി മുന്നോട്ട് കയറിയ ഡല്‍ഹി ഗോള്‍ കീപ്പര്‍ സാബി ഇരുരേറ്റയെ മറികടക്കാനായി പന്ത് ചിപ്പിങിലൂടെ സമര്‍ഥമായാണ് ഹ്യൂം വലയിലാക്കിയത്.

കളിയില്‍ 63 ശതമാനവും പന്ത് കൈവശം വച്ചത് ഡല്‍ഹിയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് 37 ശതമാനം. 15 തവണ ഡല്‍ഹി ബ്ലാസ്റ്റേഴ്‌സ് മുഖത്തേക്ക് അവസരമൊരുക്കിയെത്തിയപ്പോള്‍ ആറ് തവണ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം കണ്ടത്. ലക്ഷ്യത്തിന് തൊട്ടടുത്ത് ഇരു ടീമുകളും നാല് തവണയെത്തിയപ്പോള്‍ അതില്‍ മൂന്നും ഗോളാക്കി മാറ്റി കേരള ടീം കളിയുടെ ഗതി തങ്ങള്‍ക്കനുകൂലമാക്കുകയായിരുന്നു.


 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.