2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മാന്ത്രികം… കാവ്യാത്മകം

പരാശരന്‍

പ്രതിഭയുടെ മികവിന്റെ പൂര്‍ണത എന്താണെന്നു ആ ഒരൊറ്റ ഗോളിലൂടെ മെസുറ്റ് ഓസില്‍ ലോകത്തിനു കാണിച്ചു തന്നു. ലുഡോഗോറെറ്റ്‌സിനെതിരേ കഴിഞ്ഞ ദിവസം നടന്ന ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ആഴ്‌സണലിനു വിജയം സമ്മാനിച്ച് മധ്യനിര താരം മെസുറ്റ് ഓസില്‍ നേടിയ ഗോള്‍ സമീപകാലത്ത് ഫുട്‌ബോള്‍ ലോകം കണ്ട സമാനതകളില്ലാത്ത ഗോളായി മാറി. കളി 2-2 എന്ന നിലയില്‍ സമനിലയിലേക്ക് നീങ്ങവേയാണ് ഓസിലിന്റെ സുന്ദരമായ ഗോളിന്റെ പിറവി.
87ാം മിനുട്ടില്‍ സ്വന്തം പകുതിയില്‍ നിന്നു ആഴ്‌സണല്‍ താരം നാസര്‍ എല്‍നെനി നീട്ടി നല്‍കിയ പന്ത് സ്വീകരിക്കാന്‍ ലുഡോഗോററ്റ്‌സിന്റെ പകുതിയില്‍ ഓസില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എതിര്‍ ടീമിന്റെ പ്രതിരോധ താരങ്ങളാകട്ടെ മധ്യനിരയിലും. വലതു ഭാഗത്തു നിന്നു പന്തു സ്വീകരിച്ച് ഓസില്‍ മുന്നോട്ടു കുതിച്ചപ്പോള്‍ പന്തു തടുക്കാനായി ലുഡോഗോററ്റ്‌സ് ഗോള്‍ കീപ്പര്‍ ബോര്‍ജന്‍ മുന്നോട്ടു കയറി. അപകടം തടയാനായി മുന്നോട്ടു വന്ന ഗോളിക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് ഓസില്‍ ബോക്‌സിലേക്ക് കയറി പന്ത് വീണ്ടും കാലിലാക്കി. ബോക്‌സില്‍ വച്ച് ശ്രമം പൊളിക്കാമെന്ന ലക്ഷ്യവുമായി രണ്ടു പ്രതിരോധ താരങ്ങള്‍ തടയാനെത്തിയെങ്കിലും ഡ്രിബ്ലിങിലൂടെ ഇരുവരേയും വെട്ടിച്ച് വീണ്ടും കുതിച്ചെത്തിയ ഗോളിയേയും മറികടന്ന് ഒഴിഞ്ഞ വലയിലേക്ക് ജര്‍മന്‍ താരം പന്ത് നിക്ഷേപിച്ചു.
ആഴ്‌സണലിന്റെ കളിയുടെ ജീവ നാഡിയായ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ നേടിയ മാന്ത്രിക ഗോള്‍ കാവ്യാത്മകവും സുന്ദരവുമായിരുന്നു. സഹ താരങ്ങള്‍ക്ക് തളികയിലെന്ന വിധം ഗോളവസരങ്ങള്‍ ഒരുക്കി കൊടുക്കുന്നതില്‍ അതി വിദഗ്ധനായ ഓസില്‍ നിര്‍ണായക ഘട്ടങ്ങളില്‍ വല ചലിപ്പിച്ചും ശ്രദ്ധേയനാകാറുണ്ട്. ജിറൂദും സാഞ്ചസും വാല്‍ക്കോട്ടും നേടുന്ന മിക്ക ഗോളുകളുടേയും പിന്നില്‍ ഓസിലിന്റെ കൈയ്യൊപ്പമുണ്ടാകും.
നേരത്തെ റയല്‍ മാഡ്രിഡ് ഓസിലിനെ ഒഴിവാക്കിയപ്പോള്‍ ഈ നീക്കത്തിനെതിരേ പരസ്യമായി പ്രതികരിക്കാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തത്തിയിരുന്നു.
ഓസില്‍ ഒരുക്കി കൊടുക്കുന്ന സുവര്‍ണാവസരങ്ങള്‍ ഗോളാക്കി മാറ്റിയതിന്റെ ഓര്‍മകളാണ് ക്രിസ്റ്റ്യാനോയെ ആ പ്രതികരണത്തിനു പ്രേരിപ്പിച്ചത്. മൈതാനത്തെ ഈ മൂല്യമാണ് ഓസിലിനെ എഴുതി തള്ളാനാകാത്ത ശക്തിയായി നിര്‍ത്തുന്നത്. ആഴ്‌സണലും മറ്റു ടീമുകളും തമ്മിലുള്ള അന്തരം എന്താണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു മെസുറ്റ് ഓസില്‍!


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News