2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

മാനേജ്‌മെന്റിന്റെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണം

ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനു സുപ്രിംകോടതിയുടെ നിശിതവിമര്‍ശനം. കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്റെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണമെന്ന് സുപ്രിംകോടതി ചോദിച്ചു. എന്തുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി ഇത്രയും നഷ്ടത്തിലായതെന്നും കോടതി ചോദിച്ചു. എംപാനല്‍ നിയമനം നടത്തുന്നത് എന്തിനുവേണ്ടിയാണ് കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടത്തിന്റെ യഥാര്‍ഥ കാരണം അറിയിക്കണമെന്നും ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നിര്‍ദേശിച്ചു. താല്‍കാലിക ജീവനക്കാരായിരുന്ന കാലത്തെ സേവനകാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് സിക്രിയുടെ ബെഞ്ച്.
ഇന്നലെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച അപേക്ഷ കോടതി പരിഗണിച്ചു. അപേക്ഷ പരിഗണിച്ചെങ്കിലും ഈയാവശ്യം എന്തുകൊണ്ടാണ് ഹൈക്കോടതി മുന്‍പാകെ ഉന്നയിക്കാതിരുന്നതെന്ന് ജസ്റ്റിസ് സിക്രി ചോദിച്ചു. മാസം 110 കോടി രൂപയുടെ നഷ്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. കെ.എസ്.ആര്‍.ടി.സിക്കു നിലവില്‍ 4,200 കോടി രൂപ കടമുണ്ടെന്നും പ്രതിമാസം 110 കോടി രൂപ നഷ്ടത്തിലാണെന്നും ഹരജിക്കാര്‍ അറിയിച്ചു. അതിനാല്‍ താല്‍ക്കാലികമായി ജോലിയില്‍ പ്രവേശിച്ച് പിന്നീട് സ്ഥിരപ്പെടുത്തിയവര്‍ക്കുള്ള പെന്‍ഷന്‍ കണക്കാക്കുമ്പോള്‍ താല്‍ക്കാലികമായി ജോലി ചെയ്ത കാലത്തെ പെന്‍ഷന്‍ നല്‍കുന്നത് അധികബാധ്യതയാകുമെന്നും കെ.എസ്.ആര്‍.ടി.സി വാദിച്ചു.
കെ.എസ്.ആര്‍.ടി.സി നഷ്ടക്കണക്ക് നിരത്തിയതോടെയാണ് സുപ്രിംകോടതി വിമര്‍ശനമുന്നയിച്ചത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി പറയുന്ന നഷ്ടക്കണക്ക് തെറ്റാണെന്നും പെരുപ്പിച്ചുകാട്ടിയതാണെന്നും ജീവനക്കാര്‍ക്കുവേണ്ടി ഹാജരായ വി.കെ ബിജു വാദിച്ചു. ഇതോടെ കെ.എസ്.ആര്‍.ടി.സി വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത കണക്ക് ഹരജിക്കാര്‍ വിശദീകരിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. അതിനു മുന്‍പ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് വിശദമായി കേള്‍ക്കാമെന്നും ആവശ്യമെങ്കില്‍ സര്‍ക്കാരിന്റെ നിലപാടും വിശദമായി അറിയുമെന്നും കോടതി പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.