2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

മാനവികതയുടെ സന്ദേശം ഉയര്‍ത്തി സ്‌നേഹസംവാദം

'ഒരു അമുസ്‌ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം' പ്രകാശനം ചെയ്തു

കോഴിക്കോട്: സമൂഹത്തില്‍ മാനവികതയും മനുഷ്യത്വവും ഊട്ടിയുറപ്പിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് കോഴിക്കോട്ടു നടന്ന സ്‌നേഹസംവാദം ആഹ്വാനം ചെയ്തു. മാധ്യമപ്രവര്‍ത്തകനും സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്ററുമായ എ. സജീവന്‍ രചിച്ച ‘ഒരു അമുസ്‌ലിമിന്റെ പ്രിയപ്പെട്ട ഇസ്‌ലാം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് നടന്ന സ്‌നേഹസംവാദത്തിലാണ് വിവിധ മതനേതാക്കള്‍ മാനവികതക്കും മതസൗഹാര്‍ദത്തിനും ആഹ്വാനം ചെയ്തത്.

ഇവിടെ വേട്ടയാടപ്പെടുന്നത് മനുഷ്യനല്ലെന്നും മാനവികതയും മനുഷ്യന്‍ ജീവിക്കുന്ന സാഹചര്യവുമാണെന്നും സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. മതസൗഹാര്‍ദത്തിന്റേയും ബഹുസ്വരതയുടേയും നാടായ ഇന്ത്യ ഇന്ന് അസഹിഷ്ണുതയുടെ പാതയിലാണ്. ഈ സാഹചര്യത്തിലാണ് മതനിരപേക്ഷകതയും മാനവികതയും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കാന്‍ ശ്രമം നടക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖുര്‍ആന്റെ കഷ്ണം വെട്ടിയെടുത്ത് കുപ്രചാരണം നടത്തുന്നവരെ പ്രതിരോധിക്കേണ്ട കാലമാണിതെന്നും അവര്‍ക്കുള്ള താക്കീതാണ് എ. സജീവന്റെ പുസ്തകമെന്നും അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭാ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു.

ഇവിടെ നടക്കുന്നത് മതമത്സരമാണെന്നും അതിനു പകരം സംവാദത്തിന്റെ ഒരു സംസ്‌കാരമാണ് വളര്‍ന്നു വരേണ്ടതെന്ന് റവ. ഡോ.എന്‍.കെ ജോര്‍ജ് പറഞ്ഞു. ശരിയായ ഇസ്‌ലാമിനെ മനസ്സിലാക്കാനും മാനവികതയുടെ പുതിയ അധ്യായം കുറിക്കാനും നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഒരു വീട്ടിലെ അച്ഛന്‍ ഹിന്ദുവും അമ്മ ഇസ്‌ലാമും, മക്കള്‍ ക്രിസ്ത്യനുമായി ജീവിക്കാനുള്ള അവസരമുണ്ടാകുന്ന കാലത്തിനാണ് നാം സ്വപ്നം കാണേണ്ടതെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുള്ളക്കോയ മദനി ചൂണ്ടിക്കാട്ടി. ഇസ്‌ലാമില്‍ ജനിച്ചതുകൊണ്ടു മാത്രം യഥാര്‍ഥ മുസ്‌ലിമോ, ഹിന്ദുമതത്തില്‍ ജനിച്ചതുകൊണ്ട് ഹിന്ദുവോ ആകില്ല. മറ്റു മതസ്ഥരെ സ്‌നേഹിക്കാനും ബഹുമാനിക്കാനും കഴിയുമ്പോള്‍ മാത്രമേ അവന്‍ മതവിശ്വാസിയാകുന്നുള്ളു. എല്ലാത്തിനും വിഭാഗീയതയുള്ള ഈ സമൂഹം ഇപ്പോഴും ഇങ്ങനെ നിലനില്‍ക്കുന്നത് തന്നെ അത്ഭുതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹിഷ്ണുത നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ അസഹിഷ്ണുത പുലര്‍ത്തുന്നവരെ വിമര്‍ശിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍ അഭിപ്രായപ്പെട്ടു. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ നമ്മില്‍ ഒരു സംസ്‌കാരം രൂപപ്പെടുമെന്നും നമുക്ക് പറയാനുള്ളത് പറയുകയും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും ചെയ്താല്‍ ലോകത്ത് സമാധാനം നിലനിര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഴുത്തുകാരന്‍ കെ.പി രാമനുണ്ണി പുസ്തകം പരിചയപ്പെടുത്തി. മനുഷ്യത്വമില്ലാത്തതാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഇതിനെതിരേ പ്രതിരോധത്തിന്റെ ശക്തിയാകുകയാണ് എ. സജീവന്റെ പുസ്തകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ടി.പി അബ്ദുള്ളക്കോയ മദനി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, റവ.ഡോ. എന്‍.കെ ജോര്‍ജ്, ഒ. അബ്ദുറഹിമാന്‍, കെ.പി രാമനുണ്ണി, എ. സജീവന്‍, നവാസ് പൂനൂര്‍, ഉമ്മര്‍ഫൈസി മുക്കം, കമാല്‍ വരദൂര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അധ്യക്ഷനായി. ഉമര്‍ഫൈസി മുക്കം ആശംസകള്‍ അര്‍പ്പിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ്് കമാല്‍ വരദൂര്‍ സ്വാഗതവും സക്കീര്‍ കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.