2018 June 24 Sunday
സ്‌നേഹിക്കുവാന്‍ ത്യജിക്കുക തന്നെ വേണം. ഇത് ലോകത്തിന്റെ മൗലിക സത്യമാണ്
രവീന്ദ്രനാഥ് ടാഗോര്‍

മാനന്തവാടിയിലെ മദ്യശാല ; സമരച്ചൂടിന് പ്രായം ‘600 ദിവസം’

മാനന്തവാടി: ആദിവാസി കോളനികളില്‍ ജീവിതം ദുസഹമാക്കുന്ന വള്ളിയൂര്‍ക്കാവ് റോഡിലെ മദ്യശാലക്കെതിരേയുള്ള ആദിവാസി അമ്മമാരുടെ സമരം 600 ദിനങ്ങള്‍ പിന്നിടുന്നു.
2016 ജനുവരി 26 നായിരുന്നു വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട്‌ലറ്റ് അടച്ചുപൂട്ടണമെന്നവാശ്യപ്പെട്ട് ആദിവാസി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സമരം തുടങ്ങിയത്.
പ്രദേശത്തെ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍,വിവിധ മദ്യവിരുദ്ധ പ്രവര്‍ത്തകര്‍,സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ സഹായവും പിന്തുണയുമുണ്ടായിരുന്ന സമരത്തിനെതിരേ വ്യാപക വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ബീവറേജസിലെ ജീവനക്കാരും മദ്യശാലയെ അനുകൂലിക്കുന്നവരും എതിരേറ്റത്.
സമരം മാസങ്ങള്‍ പിന്നിട്ടും പരിഹാരമാവാതെ നീണ്ടതോടെ നേരത്തെയുണ്ടായിരുന്ന പിന്തുണകള്‍ പലതും വാക്കുകളില്‍ ഒതുങ്ങി. സംസ്ഥാനത്ത് ഭരണ മാറ്റം നടക്കുകയും മദ്യഷാപ്പുകള്‍ക്കനുകൂലമായി ഇടത് സര്‍ക്കാര്‍ നീങ്ങുകയും ചെയ്തതോടെ സമരത്തിനെത്തിയിരുന്ന പലരും പിന്‍വാങ്ങി.
2016 ഓഗസ്റ്റ് 11ന് ജില്ലാ കലക്ടര്‍ മദ്യഷാപ്പ് പൂട്ടാന്‍ ഉത്തരവിടുകയും ഉത്തരവ് നടപ്പിലാക്കി മണിക്കൂറുകള്‍ക്കകം തന്നെ ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് സ്‌റ്റേ ചെയ്തുകൊണ്ടുള്ള അനുകൂല വിധി ബീവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ സഹായത്തോടെ നേടുകയും ചെയ്തു. പിന്നീട് ഹൈക്കോടതിയില്‍ കേസ് സംബന്ധിച്ച് മുന്നോട്ട് പോവുന്നതില്‍ സമരം ചെയ്യുന്ന അക്ഷരാഭ്യാസമില്ലാത്ത ആദിവാസി വീട്ടമ്മമാരെ സഹായിക്കുന്നവര്‍ക്ക് വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല.
ഇതിനിടെ 2017 ഏപ്രില്‍ മൂന്നിന് സമരക്കാര്‍ നടത്തിയ ഉപരോധസമരത്തിനെതിരേ പൊലിസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും സമരത്തിന് നേതൃത്വം നല്‍കിയവരെയുള്‍പ്പെടെ റിമാന്‍ഡിലയക്കുകയും ചെയ്തു. ഇവര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഔട്ട്‌ലറ്റ് പരിസരത്ത് പ്രവേശിക്കരുതെന്ന നിബന്ധനയുള്ളതിനാല്‍ ഏപ്രില്‍ 17 മുതല്‍ സമരം സബ്കലക്ടര്‍ ഓഫിസിന് മുന്നിലേക്ക് മാറ്റുകയായിരുന്നു.
തങ്ങളുടെ സമുദായത്തെ കാര്‍ന്നു തിന്നുന്ന മദ്യമെന്ന വിപത്തിനെതിരേ പോരാടാനുറച്ച് വിരലിലെണ്ണാവുന്ന അമ്മമാര്‍ ഇപ്പോഴും രാവിലെ സമരപ്പന്തലിലെത്തുന്നുണ്ട്. പൊതു സമൂഹത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണയുള്ള മറ്റു സമരങ്ങളോട് നീതി പുലര്‍ത്തുന്ന ഭരണകൂടങ്ങളും പൊലിസും ആദിവാസി അമ്മമാരെ പാടെ അവഗണിക്കുകയാണ്.
സമരം 600 ദിനം പൂര്‍ത്തിയാക്കുന്ന ഇന്ന് വൈകുന്നേരം ഗാന്ധിപാര്‍ക്കില്‍ വച്ച് ആദിവാസി സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധമറിയിക്കുന്നതിനും ലഹരി വിരുദ്ധ സംയുക്തസമിതി പൊതുയോഗം സംഘടിപ്പിക്കും. ചടങ്ങില്‍ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഈയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, സംസ്ഥാന സര്‍വ്വോദയ മണ്ഡലം വൈസ്പ്രസിഡന്റ് ടി.പി.ആര്‍ നാഥ്, പ്രശസ്ത ഗാന്ധിയന്‍ മാത്യു എം കണ്ടം, എം മണിയപ്പന്‍, ഫാദര്‍ മാത്യു കാട്ടറത്ത്, മാക്ക പയ്യമ്പള്ളി പങ്കടുക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.