2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

മാനനഷ്ടക്കേസുകളില്‍ ക്രിമിനല്‍ നടപടിയാവാം: സുപ്രിംകോടതി

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മാന നഷ്ടക്കേസുകളില്‍ ക്രിമിനല്‍ നടപടിയാകാമെന്ന് സുപ്രിംകോടതി. മാനനഷ്ടക്കേസുകളിലെ ക്രിമിനല്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, ബി.ജെ.പിയുടെ രാജ്യസഭാംഗം സുബ്രഹ്മണ്യം സ്വാമി തുടങ്ങിയവര്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്്. ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത് എന്നിവരടങ്ങുന്ന സുപ്രിംകോടതി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
മാനനഷ്ടക്കേസുകള്‍ സംബന്ധിച്ച ഇന്ത്യന്‍ കുറ്റകൃത്യനിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത സുപ്രിംകോടതി ശരിവച്ചു. മറ്റൊരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറ്റം പാടില്ലെന്ന് കോടതി പറഞ്ഞു. മാനനഷ്ടക്കേസുകളിലെ ക്രിമിനല്‍ നടപടി ഭരണഘടനാപരമാണെന്നും അഭിപ്രായസ്വാതന്ത്ര്യം പരിഗണിക്കുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കാതിരിക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. മാനനഷ്ടത്തിന് രണ്ടുവര്‍ഷംവരെ തടവ് ആവാമെന്ന ഐ.പി.സി 499, 500 വകുപ്പുകള്‍ പ്രകാരമാണ് കോടതിയുടെ നടപടി. ഈ വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും അവ റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം.

അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റുള്ളവര്‍ക്കു ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാവരുതെന്നു വ്യക്തമാക്കിയ ബെഞ്ച്, കോടതികളില്‍ നിലവിലുള്ള ഇത്തരം കേസുകളില്‍ വാദം തുടരാനും നിര്‍ദേശിച്ചു.
അപകീര്‍ത്തികേസുകള്‍ ക്രിമിനല്‍ നടപടിക്രമത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ അടക്കമുള്ള ചില സംഘടനകള്‍ ഉന്നയിച്ചിരുന്നു. ഇവരുടെ ആവശ്യങ്ങള്‍കൂടിയാണ് സുപ്രിംകോടതി തള്ളിയത്.
മൊത്തം 24 ഹരജികളാണ് ഇന്നലെ രണ്ടംഗ ബെഞ്ച് പരിശോധിച്ചത്. ഐ.പി.സിയിലെ 499, 500 വകുപ്പുകള്‍ റദ്ദാക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തെ കേന്ദ്രസര്‍ക്കാരും ചില സംസ്ഥാനങ്ങളും ശക്തമായി എതിര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.