2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

മാനംകെട്ട് മടക്കം !

  •  നിലവിലെ ചാംപ്യന്മാരായ ജര്‍മനി പുറത്ത്
  • ജര്‍മനി 0 - 2 ദക്ഷിണ കൊറിയ

സമാറാ അരീന: ദക്ഷിണ കൊറിയയോട് രണ്ട് ഗോളിന് പരാജയപ്പെട്ട് നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി ലോകകപ്പില്‍ നിന്ന് പുറത്തായി. ഇന്നലെ നടന്ന മത്സരത്തിലാണ് കൊറിയ ജര്‍മനിയെ തകര്‍ത്തുവിട്ടത്. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് പരാജയപ്പെട്ട ജര്‍മനി രണ്ടാം മത്സരത്തില്‍ സ്വീഡനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റിലേക്ക് തിരിച്ചു വന്നിരുന്നു. കൊറിയക്കെതിരേയുള്ള മത്സരത്തില്‍ അനായാസ ജയം കൈവരിക്കാമായിരുന്നെങ്കിലും കൊറിയന്‍ പ്രതിരോധവും നിര്‍ഭാഗ്യവും ഒരു പോലെ ജര്‍മനിയുടെ വഴിയില്‍ മുള്ളുവിതറി. 

അര ഡസന്‍ ഗോളകള്‍ക്കെങ്കിലും കൊറിയക്ക് ജയിക്കാമായിരുന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയും സെല്‍ഫിഷ്‌നെസ്സും കൊറിയയുടെ ജയത്തിന് മങ്ങലേല്‍പിച്ചു. ഗോളടിക്കാന്‍ പലപ്പോഴും സുവര്‍ണാവസരം ലഭിച്ചിട്ടും പന്ത് പാസ് ചെയ്യാന്‍ കൊറിയന്‍ താരങ്ങള്‍ മടി കാണിച്ചതിനാല്‍ കൂടുതല്‍ ഗോളുകള്‍ നേടാനുള്ള അവസരം പാഴായി. 90 മിനുട്ട് വരെ ജര്‍മനി പൊരുതിക്കൊണ്ടേയിരുന്നു. 92-ാം മിനുട്ടില്‍ കൊറിയക്ക് ലഭിച്ച കോര്‍ണറില്‍ നിന്നായിരുന്നു കൊറിയയുടെ ആദ്യ ഗോള്‍. കോര്‍ണറിനിടെ റീ ബോണ്ട് വന്ന പന്തിനെ കൊറിയന്‍ താരം കിം യോങ് ഗോണ്‍ വലയിലെത്തിച്ചതോടെ ജര്‍മനിയെ ഞെട്ടിച്ച് കൊറിയ ലീഡ് നേടി. അനുവദിച്ച എക്‌സ്ട്രാ ടൈം കഴിയാന്‍ രണ്ട് മിനുട്ട് ബാക്കി നില്‍ക്കെ ജര്‍മന്‍ കീപ്പര്‍ മാനുവല്‍ നൂയര്‍ കൊറിയന്‍ കളത്തിലെത്തി സാഹസം കാണിച്ചതാണ് രണ്ടാം ഗോളിലേക്കുള്ള വഴി തുറന്നത്.
നൂയറില്‍ നിന്ന് പന്ത് റാഞ്ചിയ കൊറിയന്‍ താരം പന്ത് ജര്‍മനിയുടെ കോര്‍ട്ടിലേക്ക് നീട്ടിയടിച്ചു. മികച്ച കുതിപ്പിലൂടെ പന്ത് പിടിച്ചെടുത്ത സണ്‍ ഹുങ് മിന്‍ പന്ത് ഒറ്റ ടച്ചില്‍ വലയിലാക്കി. ലോകചാംപ്യന്‍മാരുടെ ശവപ്പെട്ടിയല്‍ അവസാനത്തെ ആണിയും അടിച്ച് കൊറിയ രാജകീയ ജയത്തോടെ ലോകകപ്പില്‍ നിന്ന് വിടവാങ്ങി. കപ്പില്‍ കുറഞ്ഞ സ്വപ്നമൊന്നുമില്ലാതെയെത്തിയ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തു. ജര്‍മനി തോറ്റതോടെ ഗ്രൂപ്പ് എഫില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി സ്വീഡനും ആറു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി മെക്‌സിക്കോയും പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. കൊറിയ മൂന്നാം സ്ഥാനത്തും ജര്‍മനി നാലാം സ്ഥാനത്തും എത്തി.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.