2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

മാധ്യമ ഗവേഷണത്തിന് ജീതിഷ് ചാലിശ്ശേരിക്ക് അന്തര്‍ദേശീയ ഫെല്ലോഷിപ്പ്

കൂറ്റനാട്: ചാലിശ്ശേരി ഗ്രാമവാസികള്‍ക്ക് ജീതി ഷിന് ലഭിച്ച അന്തര്‍ദേശീയ അംഗീകാരം നാടിന് അഭിമാനമായി. മാധ്യമ ഗവേഷണ രംഗത്ത് ചെറുപ്രായത്തില്‍ ജീവിത സാഹചര്യങ്ങളോട് പടപൊരുതിയാണ് കൈയ്യാത്ത ദൂരത്ത് ജീതിഷ് എത്തിയത്.
മാധ്യമ പ്രവര്‍ത്തകനും ഗവേഷകനുമായ ജീതിഷിന് അമേരിക്കയിലെ നോര്‍ത്താംപ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രൈകോണ്ടിനെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് ഏര്‍പ്പെടുത്തിയ 12000 അമേരിക്ക ഡോളറിന്റെ ( 8.5 ലക്ഷം) ഒരു വര്‍ഷത്തെ അന്തര്‍ദ്ദേശീയ ഫെല്ലോഷിപ്പിനാണ് ജീതിഷ് അര്‍ഹനായത്.അടുത്ത വര്‍ഷം മെയ് വരെ കാലയളവിനാണ് ഫെല്ലോഷിപ്പ് .
ഇന്ത്യക്ക് അകത്തും പുറത്ത് അമേരിക്ക ബ്രിട്ടണ്‍ സെനഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ നാല്‍പത്തോളം പ്രശസ്തരായ ചിന്തകര്‍ മാധ്യമ പ്രവൃത്തകര്‍ രാഷ്ട്രീയ നേതാക്കള്‍ ബുദ്ധിജീവികള്‍ എന്നിവരുടെ അഭിമുഖങ്ങള്‍ നടത്തുന്നതിനാണ് ജീതിഷിന് അംഗീകാരം ലഭിച്ചത്.
കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് 18 പേരും മറ്റു രാജ്യങ്ങളില്‍ നിന്ന് 22 ഓളം പേരെയുമാണ് അഭിമുഖം നടത്തുന്നത്. ഇതിനകം പലരേയുമായി അഭിമുഖം നടത്തി
ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഫ്രണ്ട് ലൈന്‍ ഇന്ത്യന്‍ എകസ്പ്രസ്സ് ദ വയര്‍ അമേരിക്കയിലെ മന്ത്‌ലി റിവ്യൂ എന്നീ പ്രസിദ്ധീകരണങ്ങളിലാണ് അഭിമുഖങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ജീതിഷ് നടത്തിയ അഭിമുഖങ്ങള്‍ ട്രൈകോണ്ടിനെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മൂന്നോളം പുസ്തകളാക്കി പ്രസിദ്ധീകരിക്കും. ആദ്യ പുസ്തകം ഡിസംബറില്‍ പ്രകാശനം ചെയ്യും. ഇംഗ്ലീഷില്‍ പുറത്തിക്കുന്ന പുസ്തകം ഫ്രഞ്ച് പോര്‍ച്ചുഗ്രീസ് എന്നി ലോകഭാഷകളിലും ഹിന്ദി തെലുങ്ക് തുടങ്ങി ഇന്ത്യന്‍ ഭാഷകളിലും പുസ്തകം വിവര്‍ത്തനം ചെയ്യും.
സെനഗലില്‍ മരണപ്പെട്ട ലോകത്തില്‍ ഏറ്റവും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ സമീര്‍ അമീനെ ഏറ്റവുമവസാനം അഭിമുഖം നടത്തിയത് ജീതിഷും സഹപ്രവര്‍ത്തകനുമായ ഇടുക്കി സ്വദേശി ജിപ്‌സണും ചേര്‍ന്നായിരുന്നു. കേരളത്തിലെ ആദിവാസി ഗോത്ര പഞ്ചായത്ത് ഇടുക്കി ഇടമലക്കുടിയിലെ ആദിവാസി ഊരുക്കളെക്കുറിച്ച് പഠിക്കാന്‍ വന്ന സംഘം ജീതിഷിനെ കൂടെ ചേര്‍ത്തത് മാധ്യമ ഗവേഷണ രംഗത്ത് ആദ്യ കാല്‍വെപ്പായി. ഏഷ്യന്‍ നൊബല്‍ സമ്മാനം എന്നറിയപ്പെടുന്ന മഗ്‌സസെ അവാര്‍ഡ് നേടിയ ജെര്‍ണലിസ്റ്റ് പി.സായിനാഥുമായാണ് ജീതിഷിന്റെ ആദ്യ അഭിമുഖം നടന്നത്.
കഴിഞ്ഞ മാസം പതിനൊന്നിന് ചെന്നൈയില്‍ വെച്ച് ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ് സ്വാമിനാഥനുമായാണ് ഏറ്റവും അവസാനം അഭിമുഖം നടത്തിയത്.
ഈ മാസവസാനം സുപ്രസിദ്ധ കന്നട സിനിമാ താരം പ്രകാശ് രാജുമായി അഭിമുഖം നടത്തും.ചാലിശ്ശേരി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പ്ലസ്ടു വരെ പഠനം നടത്തിയത്. പ്ലസ്ടുവിനും തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ഡിഗ്രിക്കും ഒന്നാം സ്ഥാനമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹിസ്റ്ററിയില്‍ പിജിയും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം സ്ഥാനത്തോടെ എംഫിലും കേരള മീഡിയ അക്കാഡമിയില്‍ ജെര്‍ണലിസ്റ്റ് പിജി ഡിപ്പോമ യും കരസ്ഥമാക്കി. ചാലിശ്ശേരി പെരുമണ്ണൂര്‍ കീഴൂട്ട് വീട്ടില്‍ പരേതനായ മുരളിധരന്‍ ജയലക്ഷ്മി ദമ്പതിമാരുടെ രണ്ട് മക്കളില്‍ മൂത്തവനാണ് ഇരുപത്തിയേഴ് വയസ്സ് പ്രായമുള്ള ജീതിഷ്. വള്ളത്തോള്‍ വിദ്യാപീഠം അദ്ധ്യാപികയാണ് സഹോദരി രേഷ്മ . മാതാവ് ജയലക്ഷമിയുടെ അമ്മ എണ്‍പത്തിരണ്ട് വയസ്സുള്ള നാണികുട്ടിയമ്മ അടങ്ങുന്നതാണ് കുടുംബം. ജീതിഷ് തൃശൂരില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിലാണ് ജോലി ചെയ്യുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.