2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ആള്‍ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി

 

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീ കുറ്റക്കാരനെന്ന് കോടതി. പഞ്ച്കുള സി.ബി.ഐ കോടതിയാണ് ഗുര്‍മീത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ഇദ്ദേഹത്തിനു പുറമെ അനുയായികളായ ക്രിഷന്‍ ലാല്‍, നിര്‍മല്‍ സിങ്, കുല്‍ദീപ് സിങ് എന്നിവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
2002ല്‍ സിര്‍സയിലെ മാധ്യമപ്രവര്‍ത്തകനായ രാം ചന്ദര്‍ ചത്രപതിയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധിയുണ്ടായത്.
കൊലപാതകത്തില്‍ ആരോപിതരായ നാലു പേരും കുറ്റക്കാരാണെന്ന് സി.ബി.ഐ ജഡ്ജി ജഗ്ദീപ് സിങ് പറഞ്ഞു. പീഡനക്കേസില്‍ ഗുര്‍മീത് നിലവില്‍ 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. കേസിലെ ശിക്ഷാ വിധി ജനുവരി 17ന് ആണ് പുറപ്പെടുവിക്കുക.

വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഗുര്‍മീത് കോടതി വിധി കേട്ടത്.
റോഹ്തക്കിലെ സുനാരിയ ജയിലിലാണ് ഗുര്‍മീതിനെ താമസിപ്പിച്ചിരിക്കന്നത്. മറ്റു മൂന്നു കുറ്റവാളികളെ അംബാല ജയിലിടയ്ക്കും. സിര്‍സയിലെ ദേര സച്ച സൗദ ആസ്ഥാനത്ത് വച്ച് ഗുര്‍മീത് യുവതികളെ പീഡിപ്പിച്ചെന്ന വാര്‍ത്ത നല്‍കിയതിനാണ് 2002 ഒക്ടോബര്‍ 24ന് ചത്രപതിയെ കുല്‍ദീപ് സിങ്, നിര്‍മല്‍ സിങ് എന്നിവര്‍ വെടിവച്ച് കൊന്നത്. പൂര സച്ച എന്ന തന്റെ പത്രത്തിലാണ് യുവതികളെ ഗുര്‍മീത് പീഡിപ്പിക്കുന്നതായി അജ്ഞാത സന്ദേശത്തെ ഉദ്ധരിച്ച് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയത്.

2002ല്‍ ഡിസംബര്‍ അഞ്ചിന് കൊലപാതകത്തില്‍ ഹരിയാന പൊലിസ് കുറ്റപ്പത്രം സമര്‍പ്പിച്ചെങ്കിലും ഗുര്‍മീതിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. കേസ് അന്വേഷണത്തില്‍ അതൃപ്തിയുള്ളതിനെ തുടര്‍ന്ന് കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ചത്രപതിയുടെ മകന്‍ അന്‍ഷുല്‍ ചത്രപതി പഞ്ചാബ്, ഹരിയാന ഹൈക്കോടിതിയെ സമീപിക്കുകയായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.