2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

മാതാപിതാക്കളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹാദിയ

ഘര്‍വാപസിക്കായെത്തിയവരുടെ മുന്നില്‍ പൊലിസ് തൊഴുകൈയോടെ നിന്നു

കോഴിക്കോട്: മാതാപിതാക്കള്‍ തനിക്കും താന്‍ അവര്‍ക്കും ഒരുപാട് പ്രിയപ്പെട്ടവരാണെന്ന് ഹാദിയ. ഇപ്പോഴും അവരില്‍നിന്നു വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. മാതാപിതാക്കളെ ദേശവിരുദ്ധ ശക്തികള്‍ രാഷ്ട്രീയ നിലപാടു വിജയിപ്പിക്കാന്‍ ഉപയോഗിക്കുകയായിരുന്നു. മാതാവ് വിഷം നല്‍കി എന്നതടക്കം തന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്. മാതാപിതാക്കളെ ഒരു വികാരമെന്ന രീതിയില്‍ കോടതി ഉപയോഗപ്പെടുത്തുകയായിരുന്നു.
തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നു പോലും പറഞ്ഞു. സുപ്രിംകോടതി വിധി വന്ന ശേഷം മാതാപിതാക്കളെ വിളിച്ചിട്ടില്ല. അവര്‍ സമാധാനത്തിലെത്തട്ടെയെന്ന് കരുതി കാത്തിരിക്കുകയാണ്. അവര്‍ക്ക് സത്യം മനസിലാക്കാന്‍ കുറച്ച് സമയമെടുക്കും. പുറത്തു പറയേണ്ടി വന്ന പല കാര്യങ്ങളിലും ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുകയാണെന്നും ഹാദിയ പറഞ്ഞു. കോഴിക്കോട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാഹുല്‍ ഈശ്വറിനെതിരായ സത്യവാങ്മൂലം പിന്‍വലിച്ചുവെന്ന പ്രചാരണം തെറ്റാണ്. താന്‍ നഷ്ടപരിഹാരം ചോദിച്ചത് മതാപിതാക്കളോടല്ല. ഹൈക്കോടതിയുടെ അന്തിമ വിധിയാണ് തന്നെ ആറ് മാസം തടങ്കലിലാക്കിയത്. അതിനാല്‍ സര്‍ക്കാരിനോടാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. വിവാഹം കഴിക്കാന്‍വേണ്ടിയായിരുന്നില്ല മതംമാറ്റം. തനിക്ക് ശരിയെന്ന് തോന്നുന്ന ഒരു വിശ്വാസത്തിലേക്ക് മാറുകയാണ് ചെയ്തത്.
ആറുമാസം വീട്ടു തടങ്കലിലായിരുന്നപ്പോള്‍ തന്നെ കാണാന്‍ അനുമതി ലഭിച്ചവരെല്ലാം സനാതന ധര്‍മത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടാണ് വന്നതെന്നും ഹാദിയ പറഞ്ഞു. തനിക്ക് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പൊലിസ് അവര്‍ക്ക് മുന്നില്‍ തൊഴുകൈയോടെ നില്‍ക്കുകയും കാര്യങ്ങള്‍ പറയുമ്പോള്‍ തന്നോട് വെറുപ്പ് കാണിക്കുകയുമാണ് ചെയ്തത്. ദേശീയ വനിതാ കമ്മിഷന്‍ എത്തിയപ്പോള്‍ വീട്ടിലെ ദുരവസ്ഥ അവരോട് പറഞ്ഞിരുന്നു. എന്നാല്‍, അവര്‍ മാതാപിതാക്കളോട് അങ്ങിനെയുണ്ടോ എന്ന് അന്വേഷിച്ച് തിരിച്ചുപോവുകയായിരുന്നു.
സിറിയയിലേക്ക് പോകുന്നുവെന്ന് പറയുന്ന ഓഡിയോ റെക്കോഡ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അതിനെക്കുറിച്ച് എന്ത് പറയുന്നുവെന്നും ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ആ ഓഡിയോ ഹാജരാക്കാന്‍ ഹാദിയ ആവശ്യപ്പെട്ടു.
വീട്ടില്‍ തടങ്കലിലായിരുന്നപ്പോള്‍ പുറത്ത് തനിക്കായി ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുമായിരുന്നില്ല. എല്ലാവരോടും നന്ദി പറയുന്നു. സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍, തനിക്കു വേണ്ടി നോമ്പെടുത്തവര്‍, തനിക്കായി പ്രാര്‍ഥിച്ച കുട്ടികളും ഉമ്മമാരും എല്ലാവര്‍ക്കും നന്ദി. കവി സച്ചിദാനന്ദന്‍, ഡോ. ദേവിക, ഗോപാല്‍ മേനോന്‍, ഡോ. വര്‍ഷ ബശീര്‍ തുടങ്ങിയവരോട് പ്രത്യേക നന്ദി അറിയിക്കുകയാണെന്നും ഹാദിയ പറഞ്ഞു. താനാരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ട്. ശരിയെന്ന് തനിക്ക് തോന്നിയിട്ടുള്ളത് മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഹാദിയ പറഞ്ഞു.

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.