2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

മാണിയും തിരുവഞ്ചൂരും മുരളിയും ശക്തനുമടക്കം 29 പേര്‍ പത്രിക നല്‍കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നലെ ഗവര്‍ണറും തെരഞ്ഞെടുപ്പ് കമ്മിഷനും പുറപ്പെടുവിച്ചു. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള ആദ്യ ദിനമായ ഇന്നലെ പ്രമുഖരടക്കം 29 പേര്‍ പത്രിക നല്‍കി.

യു.ഡി.എഫില്‍ നിന്നു കെ.എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്‍. ശക്തന്‍, സി.പി ജോണ്‍, കെ. മുരളീധരന്‍, പത്മജ വേണുഗോപാല്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ശൂരനാട് രാജശേഖരന്‍, എല്‍.ഡി.എഫില്‍ നിന്നു കടകംപള്ളി സുരേന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാല്‍ എന്‍.ഡി.എയില്‍ നിന്ന് കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ തുടങ്ങിയവര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചവരിലുള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചത് തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ്. ഏഴു പേര്‍ വീതമാണ് രണ്ടു ജില്ലകളിലും പത്രിക നല്‍കിയത്.

കാസര്‍കോട്ട് നാലും കൊല്ലത്തു മൂന്നും ആലപ്പുഴയിലും തൃശൂരും പാലക്കാട്ടും രണ്ടു വീതവും പത്തനംതിട്ടയിലും കോഴിക്കോട്ടും ഒന്നു വീതവും പത്രികകളാണ് ലഭിച്ചത്. ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ആരും പത്രിക നല്‍കിയില്ല. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്റ്റ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ ഇന്നു പത്രിക സ്വീകരിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്നു വരെയാണ് പത്രികാസമര്‍പ്പണ സമയം. സ്ഥാനാര്‍ഥിയുള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് വരണാധികാരിയുടെ മുറിയില്‍ പ്രവേശനമനുവദിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.