2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാക്രോണിന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന് ഉര്‍ദുഗാന്‍

 

അങ്കാറ: നാറ്റോ മസ്തിഷ്‌കമരണം സംഭവിച്ച അവസ്ഥയിലാണെന്നു പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ കടന്നാക്രമിച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. ഉത്തര സിറിയയില്‍ തുര്‍ക്കി നടത്തിയ സൈനിക നടപടിയെ ഫ്രഞ്ച് പ്രസിഡന്റ് വിമര്‍ശിച്ചതില്‍ പ്രകോപിതനായ ഉര്‍ദുഗാന്‍ മാക്രോണ്‍ മസ്തിഷ്‌കമരണം സംഭവിച്ച അവസ്ഥയിലാണെന്ന് കുറ്റപ്പെടുത്തി.
ഇരുനേതാക്കളും മുഖാമുഖം വരുന്ന നാറ്റോ 70ാം വാര്‍ഷികം ബ്രിട്ടനില്‍ നടക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഉര്‍ദുഗാന്റെ പരാമര്‍ശം. നേരത്തെ നവംബര്‍ ഏഴിന് ഒരു അഭിമുഖത്തിനിടെയാണ് മാക്രോണ്‍ അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ തന്ത്രപ്രധാന സഹകരണമില്ലാത്തതിനാല്‍ നാറ്റോ മസ്തിഷ്‌കമരണം സംഭവിച്ച അവസ്ഥയിലാണെന്ന് ആക്ഷേപിച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് ഞാന്‍ പറയുന്നു, ആദ്യം താങ്കള്‍ സ്വന്തം മസ്തിഷ്‌കമരണം സംഭവിച്ചോ എന്നു പരിശോധിക്കൂ. മസ്തിഷ്‌കമരണം സംഭവിച്ച താങ്കളെ പോലുള്ള ഒരാള്‍ക്കേ ഇത്തരം പ്രസ്താവനകള്‍ യോജിക്കൂ എന്ന് ടി.വി പ്രഭാഷണത്തില്‍ പറഞ്ഞ ഉര്‍ദുഗാന്‍ താനിത് നാറ്റോ മുന്‍പാകെ ആവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.
അതേസമയം ഉര്‍ദുഗാന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് ഫ്രാന്‍സിലെ തുര്‍ക്കി സ്ഥാനപതി ഇസ്മാഈല്‍ ഹാക്കി മൂസയെ വിളിച്ചുവരുത്തിയ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം തുര്‍ക്കി പ്രസിഡന്റിന്റെ പ്രസ്താവന അസ്വീകാര്യമാണെന്ന് അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിന് ഇത്തരം പ്രസ്താവനകള്‍ സഹായിക്കില്ലെന്നും ഫ്രാന്‍സ് വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.