2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മഹാരാജാസ് കോളജിലെ കെട്ടിട നിര്‍മാണ പഠനം

വി. അബ്ദുല്‍ മജീദ്

എറണാകുളം മഹാരാജാസ് കോളജില്‍ കെട്ടിടനിര്‍മാണം പഠിപ്പിക്കുന്ന കോഴ്‌സുള്ളതായി ആര്‍ക്കും കേട്ടറിവില്ല. എന്നാല്‍ അവിടെ വിദ്യാര്‍ഥികള്‍ അതു സ്വയം പഠിക്കുന്നുണ്ടെന്നാണ് സൂചന.
അവര്‍ താമസിക്കുന്ന മുറിയില്‍ കെട്ടിടനിര്‍മാണ ഉപകരണങ്ങളുണ്ട്. കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ വിദ്യാര്‍ഥികള്‍ക്കു താല്‍കാലികമായി താമസിക്കാന്‍ നല്‍കിയ മുറിയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത സംഭവത്തെക്കുറിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി അത് കെട്ടിട നിര്‍മാണ ഉപകരണങ്ങളാണെന്നായിരുന്നു.
ഇത്ര നിസ്സാരമായ ഒരു സംഭവത്തിന്റെ പേരില്‍ കൊണ്ടുവന്ന പ്രമേയം അടിയന്തരപ്രമേയമായി പരിഗണിക്കാനുള്ള പ്രാധാന്യമില്ലെന്നലണ് മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. കാംപസിലെ അക്രമരാഷ്ട്രീയത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളൊന്നും ഭരണപക്ഷം കാര്യമായി എടുക്കുന്നില്ലെന്നു കണ്ടപ്പോള്‍, ഈ വിഷയത്തില്‍ സി.പി.എം മുന്‍പും സമാന നിലപാടുകളാണ് സ്വീകരിച്ചതെന്ന് എം.കെ മുനീര്‍.
പാലക്കാട് വിക്ടോറിയ കോളജില്‍ എസ്.എഫ്.ഐക്കാര്‍ പ്രിന്‍സിപ്പലിനു കുഴിമാടമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് എം.എ ബേബി പറഞ്ഞത് അത് ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ ആണെന്നാണ്. അങ്ങനെയാണെങ്കില്‍ ടി.പി ചന്ദശേഖരനെ വെട്ടിക്കൊന്നതും സി.പി.എമ്മിന് ഒരു കലാപ്രകടനമായിരിക്കുമെന്ന് മുനീര്‍.
റവന്യൂ മന്ത്രിയുടെ ജില്ല കൂടിയായ കാസര്‍കോട്ട് ഈ വരള്‍ച്ചക്കാലത്ത് കുടിക്കാന്‍ കിട്ടുന്നത് ഉപ്പുവെള്ളമാണ്. അതു കുടിച്ച് നാട്ടുകാര്‍ വൃക്കരോഗികളായി മാറുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ഇതിനെക്കുറിച്ച് സബ്മിഷന്‍ അവതരിപ്പിച്ച എന്‍.എ നെല്ലിക്കുന്നിന്റെ മുന്നറിയിപ്പ്. ഇതു പരിഹരിക്കാന്‍ താനിനി എന്തു ചെയ്യണമെന്ന് നെല്ലിക്കുന്ന്. നിയമസഭയില്‍ ധര്‍ണ ഇരിക്കണോ അല്ലെങ്കില്‍ പുറത്ത് ഇരിക്കണോ എന്ന് അദ്ദേഹത്തിന്റെ ചോദ്യം.
ഇരിക്കുകയാണെങ്കില്‍ മന്ത്രിയടക്കം ജില്ലയിലെ എം.എല്‍.എമാരെല്ലാം കൂടെയിരിക്കണമെന്നും നെല്ലിക്കുന്ന്. എന്നാല്‍ വരള്‍ച്ച നേരിടാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍.
കഴിഞ്ഞ കുറെ ദിവസങ്ങളായി പല രൂപങ്ങളില്‍ സഭയില്‍ വരുന്ന വരള്‍ച്ച ഇന്നലെ അനൗദ്യോഗിക പ്രമേയത്തിന്റെ രൂപത്തിലും എത്തി. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ക്കു വേണ്ടി മുല്ലക്കര രത്‌നാകരന്‍ അവതരിപ്പിച്ച പ്രമേയം വരള്‍ച്ചാ ദുരിതാശ്വാസത്തിനു കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടുന്നതായിരുന്നു. വരള്‍ച്ച നേരിടാന്‍ പതിവായി നല്‍കുന്ന തുകയില്‍ കൂടുതല്‍ ഇത്തവണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ചന്ദ്രശേഖരന്റെ മറുപടി. ഈ പ്രമേയംകൊണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മറ്റു രൂപത്തില്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ ഇതില്‍ പ്രത്യേക പുതുമയൊന്നുമില്ലെന്ന് മന്ത്രി. എങ്കിലും സംഗതി വരള്‍ച്ചയായതുകൊണ്ട് പരിഗണിച്ചേക്കാമെന്ന് മന്ത്രിയുടെ അഭിപ്രായം.
തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച് കെ.വി അബ്ദുല്‍ ഖാദര്‍ കൊണ്ടുവന്ന അനൗദ്യോഗിക പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച പതിവുപോലെ അവര്‍ നേരിടുന്ന തൊഴില്‍ നഷ്ട ഭീഷണിയിലേക്കും അവധിക്കാലത്ത് ടിക്കറ്റ് ചാര്‍ജ് വന്‍തോതില്‍ വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍ നടത്തുന്ന കൊള്ളയിലേക്കുമൊക്കെ നടന്നുകയറി. ഇതിനിടയില്‍ കെ.പി.സി.സി ഭാരവാഹികളും മറ്റും ഗള്‍ഫില്‍ പോയി പ്രവാസികളില്‍ നിന്ന് വന്‍തോതില്‍ പിരിവു നടത്തുന്നുണ്ടെന്ന് വി.കെ.സി മമ്മദ് കോയ പറഞ്ഞത് കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ചു.
തരംതാണ പരാമര്‍ശമാണ് വി.കെ.സിയുടേതെന്ന് പി.ടി തോമസ്. കെ.പി.സി.സിക്ക് അവിടെ പോയി ഫണ്ട് പിരിക്കേണ്ട ആവശ്യമില്ലെന്നും എന്നാല്‍ സി.പി.എം അടക്കം പല പാര്‍ട്ടികളും അവിടെ പോയി പിരിവെടുക്കുന്നുണ്ടെന്നും തോമസ്. ഇപ്പോള്‍ മലയാളികള്‍ കൂടുതലായി തൊഴിലിനു പോകുന്ന ഓസ്‌ട്രേലിയയില്‍ വിസയ്ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടെന്നും അതു ലഘൂകരിക്കുന്നതിനായി ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.