2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മഹല്ലുകള്‍ എങ്ങനെ സ്വയംപര്യാപ്തമാക്കാം: വേണ്ടത് സമഗ്ര സാമ്പത്തിക പദ്ധതി

മുസ്‌ലിം നവോത്ഥാനത്തിന് സാമ്പത്തിക ഭദ്രമായ മഹല്ല് സംവിധാനം അനിവാര്യമാണ്. ദരിദ്രജനങ്ങള്‍ നമ്മുടെ മഹല്ലുകളിലുണ്ട്.
സഹായിക്കാന്‍ സന്നദ്ധരുമുണ്ട്. അര്‍ഹരായ ആളുകളിലേക്ക് ഫലപ്രദമായി സകാത്ത്,സദഖ തുടങ്ങിയവ എങ്ങിനെ എത്തിക്കാം എന്ന
ചര്‍ച്ചയ്ക്കാണ് സുപ്രഭാതം തുടക്കം കുറിച്ചിരിക്കുന്നത്. പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. ക്രിയാത്കമകമായി വായനക്കാര്‍ക്കും
പ്രതികരിക്കാം. പ്രസക്തമായവ പ്രസിദ്ധീകരിക്കും. വിലാസം:editorial@spnews.co.in, 9562101234

നാസര്‍ ഫൈസി കൂടത്തായ് 9747740130

മദീനയില്‍ രൂപപ്പെട്ട ഇസ്‌ലാമിക സംവിധാനത്തിന്റെ കേരളീയ രീതിയാണ് മഹല്ല്. മസ്ജിദുകള്‍ നിസ്‌കാരത്തിന്റെ കേന്ദ്രങ്ങളാണെന്നതിന്റെ തുടര്‍ച്ചയാണ് ഒരു പ്രദേശത്തെ മുസ്‌ലിംകളുടെ സെക്രട്ടേറിയറ്റ് കൂടിയാണത്. മഹല്ല് പരിധിയിലെ മുസ്‌ലിംകളുടെ ധാര്‍മിക, സാമ്പത്തിക, കാര്‍ഷിക, കുടുംബ സംബന്ധമായ എല്ലാ വിഷയങ്ങളിലും ഇടപെടുകയും പരിഹാരം കാണുകയും ചെയ്യേണ്ടത് മഹല്ല് കമ്മിറ്റിയും ഖാസിയും ഖത്വീബുമാണ്. സാമ്പത്തിക പരാധീനതയാല്‍ ഒരു വീട് നിര്‍മിച്ചു സമാധാനത്തോടെ അന്തിയുറങ്ങാന്‍ കഴിയാത്ത കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത മഹല്ല് ഏറ്റെടുക്കണം. അതിന് സംവിധാനം കാണണം. അസുഖം കാരണത്താലോ മറ്റോ ഉണ്ടാകുന്ന കടബാധ്യതയാല്‍ ക്ലേശിക്കുന്നവരെ സഹായിക്കാനുള്ള ബാധ്യത മഹല്ല് കമ്മിറ്റി ഏറ്റെടുക്കണം. ദരിദ്രരെ കത്ത് നല്‍കി മറ്റുപള്ളിവരാന്തകളിലേക്കും വീട്ടുപടിക്കലേക്കും അയക്കുന്നതോടെ തീരുന്നതല്ല മഹല്ലിന്റെ ഉത്തരവാദിത്വം.
മഹല്ല് ജമാഅത്തിന്റെയും മഹല്ല് നിവാസികളുടെയും ഉത്തരവാദിത്വത്തെക്കുറിച്ച് ബോധ്യപ്പെടുത്തേണ്ടതും പരിഹാര സംവിധാനങ്ങളിലേക്ക് സമൂഹത്തെ കൊണ്ടുപോകേണ്ടതും ഖാസിയും ഖത്വീബുമാണ്. നികാഹിന് കാര്‍മികത്വം നല്‍കുന്നതിലൂടെ ഒരു ഖാസിയുടെ ബാധ്യത പൂര്‍ത്തിയായി എന്നു കരുതരുത്. നാടിന്റെ കാര്‍ഷിക വിഷയങ്ങളിലും വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സാധ്യതകളിലും ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ സാധ്യതകളിലും ഇവര്‍ക്ക് കൃത്യമായ പങ്കുണ്ടാകണം. അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ മഹല്ല് കമ്മിറ്റി, ഖാസി, ഖത്വീബ് എന്നിവര്‍ക്ക് സാധിക്കണം. മിഹ്‌റാബും മിമ്പറും വലിയ സന്ദേശമാണ് നല്‍കുന്നത്. ധാര്‍മികയുദ്ധത്തിന്റെ പോര്‍ക്കളമാണ് മിഹ്‌റാബ് (യുദ്ധക്കളം). ആഴ്ചയില്‍ ഒരുദിനം മഹല്ലിലെ പുരുഷന്‍മാരെല്ലാം ഒന്നിച്ചെത്തുന്ന മുസ്‌ലിം സമുദായത്തിന് ഒരാഴ്ചത്തെ കാര്യങ്ങള്‍ ക്രിയാത്മകമായി നല്‍കാന്‍ സാധ്യമാകുന്നത് വിസ്മരിക്കരുത്. മഹല്ലിലെ ഓരോ കുടുംബത്തെക്കുറിച്ചും ഖത്വീബിന് വ്യക്തമായ ബോധ്യം വേണം. ദരിദ്രരെ കണ്ടെത്തി അവരുടെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ ക്യത്യമായ പാക്കേജ് കണ്ടെത്തണം. പണക്കാരെ പ്രീതിപ്പെടുത്തി കാര്യം നേടാതെ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ഇരുവിഭാഗത്തെയും മുഖാമുഖമിരുത്താന്‍ സാധിക്കണം. പണക്കാരോട് കാണിക്കുന്ന അടുപ്പം പാവപ്പെട്ടവരെ സഹായിക്കാന്‍ സാധിക്കും വിധമാകണം.
സകാത്ത് ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ സോഷ്യലിസ്റ്റ് രീതിയാണ്. ഔദാര്യവും പ്രീതിപ്പെടുത്തലുമായി മാറാതെ അത് കടമനിര്‍വഹണമാണെന്ന് ബോധം സമൂഹത്തില്‍ വളരണം. ഇന്നത്തെ സമ്പന്നര്‍ സാധുക്കളെ സഹായിക്കാനും സകാത്ത് നല്‍കാനും ഏറെക്കുറെ സന്നദ്ധരാണ്. പക്ഷേ, അത് കാര്യക്ഷമമാകണം.

വിതരണം
സകാത്തിന്റെ വിതരണത്തിന് ശരീഅത്ത് നല്‍കിയത് മൂന്നുമാര്‍ഗങ്ങളാണ്. 1- ഉടമസ്ഥര്‍ നേരിട്ട് അവകാശികള്‍ക്ക് എത്തിക്കുക. 2- എത്തിക്കാന്‍ പക്വതയുള്ള മറ്റൊരാളെ വക്കാലത്താക്കുക. 3- ഇമാം പ്രത്യേക ഉദ്യോഗസ്ഥര്‍ മുഖേന പിരിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് നല്‍കുക (റൗള. 2:60, 61)
സകാത്ത് വിതരണത്തിന് സംഘടിത കമ്മിറ്റികളുണ്ടാക്കുന്നതിന് യാതൊരു തെളിവും ഇസ്‌ലാമിലില്ല. ഇമാമെന്ന് പറയുന്നത് നമ്മുടെ നാട്ടിലെ പള്ളികളില്‍ ജമാഅത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്നയാളല്ല. ഇസ്‌ലാമിക നിയമങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കേണ്ട ഭരണകര്‍ത്താവാണ് ഇമാം. ഇസ്‌ലാമിക ഭരണത്തിലാണ് ഇത്തരം ഇമാമുമാര്‍ ഉണ്ടാകുന്നത്. ഈ ഇമാമിനു തന്നെ പരാതികളുണ്ട്. വ്യക്തിയുടെ പരസ്യ സ്വത്തുക്കള്‍ (ളാഹിര്‍) ഇമാമിന് ബലമായ് പോലു പിടിച്ചെടുക്കാം. കാലികള്‍, ഉല്‍പന്നങ്ങള്‍, ഖനികള്‍ എന്നിവ പരസ്യ സ്വത്തുക്കളാണ്. എന്നാല്‍ സ്വര്‍ണം, വെള്ളി (നാണയങ്ങള്‍), കച്ചവടച്ചരക്ക്, ഫിത്‌റ് സകാത്ത് എന്നിവ വ്യക്തിയുടെ രഹസ്യ സ്വത്തുക്കളാണ് (ബാത്വിന്‍). വ്യക്തിക്കു തന്നെയാണ് അതിന്റെ അധികാരവും അവകാശവും. അത് ബലമായി പിരിച്ചെടുക്കാന്‍ ഭരണാധികാരിക്കു പോലും അവകാശമില്ല. (ശറഹുല്‍ മുഹദ്ദബ് 6:166 തുഹ്ഫ 3:344, മുഗ്‌നി 1: 413) സകാത്തിന് വ്യക്തിയെ നിര്‍ബന്ധിക്കാന്‍ ഇമാംബാധ്യസ്ഥനാണ്.
ഒരു പ്രദേശത്ത് ചിലര്‍ സ്വയം സംഘടിച്ച് കമ്മിറ്റിയുണ്ടാക്കുന്നതോ, ഭരണാധികാരിയുടെയോ അതിനേക്കാളോ അവകാശങ്ങള്‍ സ്വയം അവകാശപ്പെടുന്നതോ ഇസ്‌ലാമില്‍ ഒരു നിലക്കും തെളിയിക്കാവതല്ല. കമ്മിറ്റിയുടെ അധികാരം ഒരാളില്‍ നിക്ഷിപ്തമല്ല. പലര്‍ക്കുമാവട്ടെ ഒരേ അധികാരവുമല്ല. കമ്മിറ്റിയും ഭാരവാഹിത്വവും താല്‍ക്കാലികവുമാണ്. ഒരു കമ്മിറ്റിയോ കമ്മിറ്റിയില്‍ ചിലരോ ശേഖരിച്ച സകാത്ത് മുതല്‍ മറ്റൊരു കമ്മിറ്റിയോ കമ്മിറ്റിയില്‍ വേറെ ആളുകളോ ആയിരിക്കാം വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വകീലാവാനും കമ്മിറ്റിക്ക് കഴിയില്ല. സകാത്ത് അവകാശികള്‍ക്ക് എത്തിക്കാന്‍ വകീലിനെ ഏല്‍പ്പിച്ചാലും സകാത്ത് നിര്‍ബന്ധമായ വ്യക്തി ആര്‍ക്കാണോ അതെത്തിക്കാന്‍ പറഞ്ഞതെങ്കില്‍ വകീല്‍ അതെത്തിച്ചിരിക്കണം. ആധുനിക കമ്മിറ്റിക്കോ കമ്മിറ്റി നിശ്ചയിച്ച വകീലിന് തന്നെയോ അത് സാധ്യതയാകുന്നില്ല. ശരീഅത്ത് വകാലത്തിന് നിര്‍ദേശിച്ച നിബന്ധനകള്‍ കമ്മിറ്റി വ്യവസ്ഥയില്‍ പാലിക്കപ്പെടാനാവില്ല.
വിതരണത്തിലെ കാര്യക്ഷമത
സകാത്തിന്റെ വിതരണം കാര്യക്ഷമമായിരിക്കണം. വ്യക്തി വ്യക്തിക്ക് നല്‍കലാണ് ഉത്തമം. എന്നാല്‍ സകാത്തിലെ കാര്യക്ഷമതയ്ക്കും സാമൂഹിക നീതിക്കും ഏറ്റവും ഫലപ്രദമായ രൂപം പലപ്പോഴും വകീലിനെ ഏല്‍പ്പിച്ച് അദ്ദേഹം യോഗ്യരെ കണ്ടെത്തലാണ്.
ഒരു മഹല്ലില്‍ വിശ്വസ്തനായ വ്യക്തിയെ (ഖാസി, ഇമാം, കമ്മിറ്റിയില്‍ നിന്നായാലും നിശ്ചിത വ്യക്തി) സകാത്ത് നിര്‍ബന്ധമായ ആളുകള്‍ അവരുടെ സകാത്ത് ഏല്‍പ്പിക്കാം, അഥവാ വകീലാക്കാം. അവരവരുടെ മുതല്‍ നിര്‍ണയിച്ചുവച്ച് യോഗ്യരായ ആളുകള്‍ക്ക് അത് വിതരണം ചെയ്യാന്‍ ഈ വ്യക്തിക്ക് അധികാരമുണ്ട്. സകാത്ത് കാര്യക്ഷമമാവാന്‍ ഇത് ഗുണകരവുമാണ്.
ഉദാ: 10 പേര്‍ ആയിരം രൂപ വീതം സ്വന്തമായി അവര്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നതിനേക്കാള്‍ പത്തുപേരും അതില്‍പ്പെട്ട ഒരാളെയോ മറ്റൊരാളെയോ വകീലാക്കി ഓരോരുത്തരും അവരവരുടെ ആയിരം രൂപ നല്‍കി വകീല്‍ അത് ശേഖരിച്ച് പതിനായിരമാക്കി ഒരു അര്‍ഹതപ്പെട്ടവന്റെ ഭീമമായ കടത്തിലേക്ക് നല്‍കുകയോ വീടുണ്ടാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ടവനെ സഹായിക്കുകയോ ആവാം. നാട്ടിലെ സകാത്ത് പരന്നൊഴുകാതെ ഒരുവര്‍ഷം ഒന്നോ രണ്ടോ ആളുകളുടെ കഷ്ടത മാറ്റാന്‍ കഴിയുമെങ്കില്‍ സകാത്തിന്റെ കാര്യക്ഷമതക്ക് അതാണ് ഉത്തമം. ഇതൊന്നും കമ്മിറ്റിക്ക് പാടില്ല. കമ്മിറ്റി ഇതേക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയോ വഴികള്‍ തെളിച്ചുകൊടുക്കുകയോ ആണ് ചെയ്യേണ്ടത്.
സകാത്തിന്റെ കാര്യക്ഷമത നിര്‍വഹിക്കാന്‍ ഇമാമിന്, ഖത്വീബിന് സാധിക്കും. അതിനുള്ള ബോധവല്‍ക്കരണം ഖത്വീബ് നിര്‍വഹിക്കട്ടെ. നീതിമാനെന്ന നിലയില്‍ ഖത്വീബിനെ ജനങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി മഹല്ല് കമ്മിറ്റി വകീലാക്കി അഭിപ്രായപ്പെടട്ടെ. ഓരോ ധനികനും അവരുടെ വിഹിതം നല്‍കി സകാത്ത് കൊടുക്കാന്‍ ഖത്വീബിനെ വക്കാലത്താക്കട്ടെ. ഈ രീതിയെക്കുറിച്ചാണ് ജംഇയ്യത്തുല്‍ ഖുത്വബായും സുന്നി മഹല്ല് ഫെഡറേഷനും ഇടപെടുന്നത്. മഹല്ല് സംവിധാനവും സകാത്തിന്റെ കാര്യക്ഷമതയും നിര്‍വഹിക്കുന്നതിനും സാധിക്കുക സമസ്തക്കാണ്. നാം നമ്മുടെ സംവിധാനം വിസ്മരിക്കരുത്, തിരസ്‌കരിക്കരുത്.
(ജംഇയ്യത്തുല്‍ ഖുത്വബാഅ്
ജന.സെക്രട്ടറിയാണ് ലേഖകന്‍)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.