2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

മസ്ജിദുല്‍ അഖ്‌സ തുറന്നു


സുരക്ഷാ നിയന്ത്രണങ്ങളില്‍ പ്രതിഷേധം ശക്തം

ജറൂസലം: രണ്ടു ദിവസം അടച്ചിട്ടതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഹറമായ മസ്ജിദുല്‍ അഖ്‌സ ഇസ്‌റാഈല്‍ തുറന്നു. ഇന്നലെ മസ്ജിദ് തുറക്കുമെന്ന് ശനിയാഴ്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം തടഞ്ഞ് ഗ്രാന്‍ഡ് മുഫ്തിയെ കസ്റ്റഡിയിലെടുത്ത ഇസ്‌റാഈല്‍ നടപടിക്കെതിരേ ഹറമിന്റെ സൂക്ഷിപ്പ് ചുമതലയുള്ള ഫലസ്തീന്‍, ജോര്‍ദാന്‍ രാജ്യങ്ങളും രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് പള്ളി ഞായറാഴ്ച തുറക്കുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്. ഇന്നലെ പള്ളി വളപ്പിലേക്കുള്ള രണ്ടു ഗേറ്റുകളും തുറന്നു. തുടര്‍ന്ന് മധ്യാഹ്‌ന നിസ്‌കാരത്തിന് പള്ളിയില്‍ 400 പേര്‍ എത്തിയതായി പള്ളിയിലെ മതപ്രബോധകനായ ശൈഖ് റഈദ് ദാന പറഞ്ഞു.
പള്ളി വളപ്പിലേക്കുള്ള കവാടത്തിനടുത്ത് വെടിവയ്പില്‍ രണ്ട് പൊലിസുകാര്‍ കൊല്ലപ്പെട്ടതോടെയാണ് പൊലിസ് വിശുദ്ധ ഹറം അടച്ച അപൂര്‍വ നടപടിയിലേക്ക് നീങ്ങിയത്. 17 വര്‍ഷത്തിനിടെ ഇതാദ്യമായാണ് വെള്ളിയാഴ്ച നിസ്‌കാരം തടസപ്പെടുത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് പള്ളി അടച്ചതെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം. കനത്ത സുരക്ഷാ സന്നാഹം ഇപ്പോഴും വിശുദ്ധ ഹറം പരിസരത്തുണ്ട്.
ഇന്നലെ മധ്യാഹ്‌ന നിസ്‌കാരത്തിന് സുരക്ഷാ പരിശോധനയ്ക്ക് ശേഷം വിശ്വാസികളെ പ്രവേശിപ്പിക്കാമെന്ന് പൊലിസ് അറിയിച്ചു. എന്നാല്‍ ഫലസ്തീന്‍കാരായ വിശ്വാസികള്‍ ഇതില്‍ പ്രതിഷേധിച്ചു. മെറ്റല്‍ ഡിറ്റക്ടറും കാമറയും ഉപയോഗിച്ചുള്ള പരിശോധനയ്ക്കു ശേഷമാണ് വിശ്വാസികളെ പള്ളിയിലേക്ക് കടത്തിവിട്ടത്. ഇതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ പഴയ നഗരത്തോട് ചേര്‍ന്ന ഗേറ്റിനു പുറത്ത് നിസ്‌കരിച്ചു. ഇസ്‌റാഈല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളോട് സഹകരിക്കാനാകില്ലെന്ന് മസ്ജിദുല്‍ അഖ്‌സ ഡയറക്ടര്‍ ശൈഖ് ഉമര്‍ കിസ്‌വാനി വാര്‍ത്താ ലേഖകരോട് പറഞ്ഞു. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന നടത്തി പ്രാര്‍ഥനയ്ക്കു പോകാനാകില്ലെന്ന് അദ്ദേഹം ഹറം കവാടത്തിനു സമീപം മാധ്യമങ്ങളോട് വ്യക്തമാക്കി.
പള്ളിയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ഇടപെടല്‍ അപകടരമാണെന്ന് നേരത്തെ ശൈഖ് ഉമര്‍ വോയ്‌സ് ഓഫ് ഫലസ്തീന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അഖ്‌സയ്ക്കു മേല്‍ ആധിപത്യം ഉറപ്പിക്കാനാണ് ഇസ്‌റാഈല്‍ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. വെള്ളിയാഴ്ച നിസ്‌കാരം തടഞ്ഞതില്‍ വിശ്വാസികള്‍ രോഷാകുലരാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം നടപടികള്‍ നീതികരിക്കാനാകില്ലെന്ന് മെഡിക്കല്‍ ക്ലിനികില്‍ ജോലി ചെയ്യുന്ന അബു മുഹമ്മദ് പറഞ്ഞു.
ജറൂസലമിന്റേയും മസ്ജിദുല്‍ അഖ്‌സയുടെയും തല്‍സ്ഥിതി തുടരണമെന്നും ചരിത്രപരമായ പ്രാധാന്യം കണക്കിലെടുക്കണമെന്നും ജോര്‍ദാന്‍ സര്‍ക്കാര്‍ ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടിരുന്നു.

പ്രാര്‍ഥിക്കാന്‍ അവകാശം മുസ്‌ലിംകള്‍ക്ക്
1967 ല്‍ കിഴക്കന്‍ ജറൂസലം ഇസ്‌റാഈല്‍ കൈവശപ്പെടുത്തിയ ശേഷം അല്‍ അഖ്‌സ പള്ളിയുടെ ചുമതലയുണ്ടായിരുന്ന ഇസ്‌ലാമിക് എന്‍ഡോവ്‌മെന്റുമായി ഇസ്‌റാഈല്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. ജൂതരുടെ തീര്‍ഥാടന കേന്ദ്രം കൂടിയായ അഖ്‌സ പള്ളി സന്ദര്‍ശിക്കാന്‍ മുസ്‌ലിം ഇതര വിശ്വാസികള്‍ക്കും ഇതുപ്രകാരം അനുമതിയുണ്ട്. എന്നാല്‍ പള്ളിക്കകത്ത് പ്രാര്‍ഥനാ സ്വാതന്ത്ര്യം മുസ്‌ലിംകള്‍ക്ക് മാത്രമാണ്.

ജറൂസലമില്‍ സ്വാധീനം ഉറപ്പിക്കാന്‍
പുതിയ നിയമം
ജറൂസലം: ജറൂസലമിലെ സ്വാധീനം ഉറപ്പിക്കാന്‍ ഇസ്‌റാഈല്‍ അടിസ്ഥാന നിയമത്തില്‍ മാറ്റം വരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട മന്ത്രിതല കമ്മിറ്റിയുടെ ബില്‍ ഇസ്‌റാഈല്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വിട്ടു. ജറൂസലം പോസ്റ്റ് പത്രമാണ് ഇന്നലെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാലേ ബില്‍ പാസാകൂ. ജറൂസലമിലെ വിഭജനം ചെറുക്കുന്നതാണ് ബില്‍. ബില്‍ നിയമമായാല്‍ ഫലസ്തീന്‍കാര്‍ക്ക് ജറൂസലമില്‍ ഭൂമി കൈമാറുന്നതിന് വിലക്കുണ്ടാകും. വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നെറ്റാണ് ബില്‍ മുന്നോട്ടുവച്ചത്. ഇദ്ദേഹം തീവ്ര ജൂത നിലപാടുകാരനാണ്.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.