2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

മഴ ശക്തമാകാന്‍ ഇനിയും കാത്തിരിക്കണം

കെ. ജംഷാദ് 8089998341

 

കാലവര്‍ഷം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും മഴയില്ലാതെ ഭാവിയില്‍ വരള്‍ച്ചാഭീഷണി നേരിടുകയാണ് സംസ്ഥാനം. സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരുടെ നിഗമന പ്രകാരം 30 ശതമാനം വരെ മഴ ജൂണില്‍ കുറയുമെന്നായിരുന്നു പ്രവചനമെങ്കിലും ഇതുവരെ മഴക്കുറവ് 48 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. എന്നാല്‍ പതിവില്‍നിന്ന് ഒരാഴ്ച വൈകിയെത്തിയ കാലവര്‍ഷം പിന്നീട് എവിടേക്കാണ് പോയത്, ഇനി എന്നു തിരികെയെത്തും എന്നാണ് എല്ലാവരുടെയും ചോദ്യം. നിലവിലുള്ള കാലാവസ്ഥാ സാഹചര്യം വിലയിരുത്തുമ്പോള്‍ ഇപ്പോള്‍ മഴ കുറഞ്ഞാലും മണ്‍സൂണ്‍ കാലത്തെ ആകെ മഴയുടെ തോത് സാധാരണ നിലയിലാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

മാറിനിന്ന മഴ

ഒരാഴ്ച വൈകി ജൂണ്‍ എട്ടിനാണ് ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയത്. മഴ തുടങ്ങിയപ്പോള്‍ തന്നെ വായു ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ ശക്തമായ മഴ ലഭിച്ചു. ആദ്യ ദിവസങ്ങളില്‍ കാലവര്‍ഷ സാന്നിധ്യം അറിയിച്ച ശേഷം മഴ താല്‍ക്കാലികമായി മാറിനില്‍ക്കുകയായിരുന്നു. കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനവും ഇതായിരുന്നു. ചുഴലിക്കാറ്റ് പോയതോടെ സാധാരണ സംഭവിക്കാറുള്ള കാറ്റിന്റെ ഗതിമാറ്റമായിരുന്നു കാരണം. തുടര്‍ന്ന് കാലവര്‍ഷക്കാറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചപ്പോഴും കേരളത്തില്‍ കാര്യമായ മഴ ലഭിച്ചില്ല. നിരവധി ആഗോള കാലാവസ്ഥാ മാറ്റങ്ങള്‍ കാലവര്‍ഷക്കാറ്റിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. കാലവര്‍ഷം കുറയുന്നത് വൈദ്യുതി മേഖലയെയും കാര്‍ഷിക രംഗത്തെയും പ്രതികൂലമായി ബാധിക്കും.

ജൂണില്‍ കുറഞ്ഞത്
പകുതിയോളം മഴ

ജൂണ്‍ ഒന്നു മുതല്‍ ജൂലൈ മൂന്നു വരെ 48 ശതമാനം മഴക്കുറവാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 64 ശതമാനം മഴ കുറഞ്ഞ വയനാടാണ് ഇത്തവണയും മഴക്കുറവില്‍ മുന്നില്‍. 2017 ലും വയനാട്ടില്‍ സമാന അവസ്ഥയായിരുന്നു. കാസര്‍കോട് 55, കണ്ണൂര്‍ 45, കോഴിക്കോട് 34, മലപ്പുറം 46, പാലക്കാട് 45, തൃശൂര്‍ 52, എറണാകുളം 48, ഇടുക്കി 56, കോട്ടയം 41, ആലപ്പുഴ 37, പത്തനംതിട്ട 51, കൊല്ലം 46, തിരുവനന്തപുരം 22 ശതമാനം എന്നിങ്ങനെ മഴ കുറഞ്ഞു. തിരുവനന്തപുരത്ത് മാത്രമാണ് ശരാശരിയില്‍ എത്തിയില്ലെങ്കിലും അത്യാവശ്യം മഴ ലഭിച്ചത്. അറബിക്കടലില്‍ ഗുജറാത്തിനു സമീപത്തായി രൂപപ്പെട്ട വായു ചുഴലിക്കാറ്റ് കേരളത്തില്‍ മണ്‍സൂണിനെ ആദ്യ ദിവസങ്ങളില്‍ സജീവമാക്കിയിരുന്നു. ശേഷമാണ് മഴ കേരളത്തില്‍ മാറിനിന്നത്. തുടര്‍ന്ന് സാധാരണ മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ മഴയെ സജീവമാക്കുന്നത് കേരള തീരത്ത് രൂപപ്പെടാറുള്ള ന്യൂനമര്‍ദ പാത്തിയാണ്. തുടര്‍ച്ചയായ മഴ പെയ്യിക്കുന്ന ഇത്തരം ന്യൂനമര്‍ദ പാത്തി പല കാരണങ്ങളാല്‍ ഇത്തവണ ജൂണില്‍ രൂപപ്പെട്ടില്ല. ജൂലൈ മൂന്നിന് കര്‍ണാടക തീരത്തുനിന്ന് മലപ്പുറത്തെ പൊന്നാനി തീരം വരെ നീണ്ട ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടതാണ് വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പെയ്ത മഴക്കു കാരണം. മധ്യ, തെക്കന്‍ കേരളത്തില്‍ മഴക്ക് കാരണമാകുന്ന ഇത്തരം അനുകൂല ഘടകങ്ങള്‍ ഇല്ലാത്തതിനാല്‍ മഴ കാര്യമായി ലഭിച്ചില്ല.

തിരിമുറിയാത്ത മഴയില്ലാതെ
ഞാറ്റുവേല

ഒരാഴ്ച മഴയും ഒരാഴ്ച വെയിലുമെന്നതാണ് ഞാറ്റുവേലകളെ കുറിച്ചുള്ള പഴമൊഴി. എന്നാല്‍ ഇത്തവണ തിരുവാതിര ഞാറ്റുവേലയില്‍ വടക്കന്‍ കേരളത്തില്‍ മാത്രമാണ് മഴ ലഭിച്ചത്. ഞാറ്റുവേല കഴിഞ്ഞ് വെയില്‍ മുടങ്ങാതെ ലഭിക്കുന്നു എന്നതാണ് ഇത്തവണത്തെ കാലാവസ്ഥാ സാഹചര്യം. മണ്‍സൂണ്‍ ബ്രേക്ക് എന്ന മഴയുടെ കുറച്ചു ദിവസത്തെ വിടവാങ്ങല്‍ നാളെ മുതല്‍ തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. കാലവര്‍ഷക്കാറ്റ് ഹിമാലയന്‍ മലനിരകളില്‍ എത്തുന്നതോടെയാണ് ഇതു സംഭവിക്കുന്നത്. ജൂലൈ അഞ്ചിനു തന്നെ മണ്‍സൂണ്‍ ഹിമാലയന്‍ മേഖലയിലും ഡല്‍ഹിയിലും എത്തിയിരുന്നു. കുറച്ചു ദിവസം അവിടെ തങ്ങുന്ന കാലവര്‍ഷക്കാറ്റ് കേരളം ഉള്‍പ്പെടെയുള്ള മേഖലകളില്‍ മഴയില്ലാത്ത സാഹചര്യം ഉണ്ടാക്കും. സാധാരണ ഞാറ്റുവേലകളിലെ വെയില്‍ ലഭിക്കുന്നത് ഈ സമയത്താണ്. തമിഴ്‌നാട്ടില്‍ പക്ഷേ, ചെറിയ തോതിലുള്ള ഇടിയോടു കൂടെയുള്ള മഴക്കും ഇതു കാരണമാകാറുണ്ട്. കൊടും വരള്‍ച്ച അനുഭവിക്കുന്ന ചെന്നൈയിലും ഈ കാലത്ത് ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണു പ്രതീക്ഷ.

ഇനി ഒരാഴ്ച വെയില്‍,
15ന് ശേഷം മഴ

മണ്‍സൂണ്‍ ബ്രേക്ക് എന്ന കാലാവസ്ഥാ മാറ്റം മൂലം നാളെ മുതല്‍ ഒരാഴ്ച കേരളത്തില്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. സാധാരണ ഒരാഴ്ചയാണ് ഇതു പതിവെങ്കിലും കഴിഞ്ഞ വര്‍ഷം മണ്‍സൂണ്‍ ബ്രേക്ക് 12 ദിവസത്തോളം നീണ്ടിരുന്നു. ജൂലൈ 15 ഓടെ മഴ സജീവമാകുന്നതിനുള്ള അനുകൂല ഘടകങ്ങള്‍ ഉള്ളതിനാല്‍ മഴ തിരികെയെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. മഴമേഘങ്ങളുടെ സമൂഹമായ മാഡന്‍ ജൂലിയന്‍ ഓസിസിലേഷന്‍ (എം.ജെ.ഒ) ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തുന്നതാണ് കാരണം. ഈ മണ്‍സൂണ്‍ കാലത്ത് ആദ്യമായാണ് എം.ജെ.ഒ മഴക്ക് അനുകൂലമായ ഫേസിലേക്ക് മാറുന്നത്.
ഒപ്പം അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും സമുദ്രോപരി താപനിലയും മറ്റു ഘടകങ്ങളും ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാനും കാരണമാകും. ജൂലൈ പകുതി മുതല്‍ ഓഗസ്റ്റ് പകുതി വരെയാണ് ഈ മണ്‍സൂണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് അവസാനം വാരം മുതല്‍ മണ്‍സൂണ്‍ കാലം അവസാനിക്കുന്ന സെപ്റ്റംബര്‍ 30 വരെ വീണ്ടും മഴ കുറയാനുള്ള സാധ്യതയുമാണു കാണുന്നത്. സാധാരണ തോതില്‍ ഈ വര്‍ഷം മണ്‍സൂണ്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.