2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മഴ വരുമ്പോള്‍

ഡോ. ശബ്‌ന എസ്

‘മഴപ്പാറല് കൊള്ളല്ലേ, പനി പിടിക്കും..’

അതും പറഞ്ഞു പലതുള്ളികളായി പെയ്തിറങ്ങുന്ന മഴയിലേക്ക് ഉമ്മാമ്മ ഇറങ്ങിപ്പോകും. മഴ കൊള്ളാതെ ഞങ്ങളെയൊക്കെ ഭദ്രമായി വീട്ടിലിരുത്തിയിട്ടാണ് പെരുമഴയെ വകവയ്ക്കാതെ ഇറങ്ങിപ്പോകുന്നത്. പറമ്പിന്റെ അതിരില്‍ പുല്ലു മേയാന്‍ കെട്ടിയ പശുവും മുറ്റത്തെ കുറ്റിയില്‍നിന്നു വട്ടംചുറ്റുന്ന ആട്ടിന്‍കുട്ടിയും അനുസരണ കാട്ടാതെ നടക്കുന്ന കോഴികളും ഉമ്മാമ്മയെ കാത്ത് മഴ നനഞ്ഞു നില്‍പ്പുണ്ടാകും. എല്ലാവരെയും സംരക്ഷിച്ചു തിരിച്ചു വരുമ്പോഴേക്ക് ഉമ്മാമ്മ നനഞ്ഞു കുതിര്‍ന്നിരിക്കും. സാരിയുടെ തുമ്പില്‍നിന്നും ത്രികോണ തട്ടത്തിന്റെ കോണുകളില്‍നിന്നും വെള്ളം ചാലിട്ട് ഒഴുകുന്നുണ്ടാകും.
തല തുടച്ചുവന്നു പൊടിയരിക്കഞ്ഞിയും ചക്കപ്പുഴുക്കും ചട്ടിയില്‍ വറ്റിയ മീന്‍കറിയും വിളമ്പിത്തന്ന് ഉമ്മാമ്മ ഞങ്ങളുടെ ഒപ്പമിരിക്കും. കഥകള്‍ക്കു കൂട്ടിന് ഉപ്പാപ്പയുമുണ്ടാകും. ചക്കക്കുരു ചുട്ടതും കട്ടന്‍കാപ്പിയും കഴിച്ചു വിശപ്പു മാറ്റിയ കുട്ടിക്കാല മഴയോര്‍മകളും, വെള്ളം കയറി വീട് നില്‍ക്കുന്ന താഴത്തെ പറമ്പുവരെ തോണി വന്നതും, മലവെള്ളത്തില്‍ ഒലിച്ചുപോയി എന്നു കരുതിയ കൂട്ടുകാരനെ പിറ്റേ ദിവസം കൈതക്കാട്ടില്‍നിന്ന് അത്ഭുതകരമായി തിരിച്ചുകിട്ടിയതും ഒക്കെയായി കഥകള്‍ നീളും. മഴയിലിറങ്ങി കളിക്കുമ്പോഴും, ചൂടുവെള്ളം കുടിക്കാതെ പച്ചവെള്ളം തന്നെ വേണമെന്നു വാശിപിടിക്കുമ്പോഴും ഞങ്ങളെ പ്രതിരോധിക്കാന്‍ പനിക്കഥകളും കോളറക്കഥകളും ഉണ്ടാകും ഉപ്പാപ്പയുടെ കൈയില്‍.
പിന്നെ നാലാംക്ലാസില്‍ വച്ച് രവി മാഷാണു പണ്ടൊരു വെള്ളപ്പൊക്കക്കാലത്ത് സ്‌കൂള്‍ മുങ്ങിപ്പോയ കഥകള്‍ പറഞ്ഞുതന്നത്. ബെഞ്ചും ഡെസ്‌കുമൊക്കെ ഒഴുകിപ്പോയതും മേല്‍ക്കൂര വരെ വെള്ളം കയറി തോണിയിറക്കിയതുമൊക്കെ. വര്‍ഷങ്ങള്‍ക്കിപ്പുറം പോണ്ടിച്ചേരിയില്‍ വച്ച് ഹോസ്റ്റല്‍ കാലത്താണ് വെള്ളപ്പൊക്കം ഏറ്റവും അടുത്തെത്തി പേടിപ്പിച്ചത്. ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ വെള്ളം കയറിവന്നതൊക്കെ ഭീതിയോടെ നോക്കിനിന്നിട്ടുണ്ട്.
മഴക്കാലം മനോഹരമായ കാലമാണെങ്കിലും രോഗങ്ങളുടെ കൂടി കാലമാണത്. പണ്ടൊക്കെയാണെങ്കില്‍ പട്ടിണിയുടെ കാലം കൂടെയായിരുന്നു. ഇന്നിപ്പോ സ്ഥിതി മാറിയിട്ടുണ്ട്. അന്നുള്ളതിനെക്കാള്‍ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. അതു കൂടുതല്‍ മെച്ചപ്പെടുത്തലാണു നമ്മുടെ ലക്ഷ്യവും. മഴക്കാലം ഇങ്ങ് എത്തിയ നിലയ്ക്ക് മഴക്കാല രോഗങ്ങളെ ഒന്ന് ഓടിച്ചുനോക്കിയിട്ടുവരാം.

പ്രധാന മഴക്കാല ആരോഗ്യ പ്രശ്‌നങ്ങള്‍:
ജലജന്യ രോഗങ്ങള്‍(ംമലേൃ യീൃില റശലെമലെ)െ: വയറിളക്കമാണിതില്‍ പ്രധാനിയും സാധാരണമായി കണ്ടുവരുന്നതും. ഹെപ്പറ്റൈറ്റിസ് വൈറസ് വഴി വരുന്ന മഞ്ഞപ്പിത്തം, ടൈഫി ബാക്ടീരിയ ഉണ്ടാക്കുന്ന ടൈഫോയ്ഡ്, വിബ്രിയോ കോളറ ബാക്ടീരിയയുടെ സൃഷ്ടിയായ കോളറ എന്നിവയാണു മറ്റു മുഖ്യന്മാര്‍. അശുദ്ധമായ വെള്ളവും ഭക്ഷണവും വഴിയാണ് ഈ അസുഖങ്ങള്‍ പടരുന്നത്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, വഴിയോരങ്ങളില്‍നിന്നുള്ള വൃത്തിയില്ലാത്ത സാഹചര്യങ്ങളിലുള്ള വെള്ളം കുടിക്കാതിരിക്കുക, ഭക്ഷണം തുറന്നിടാതെ അടച്ചുവയ്ക്കുക, ഭക്ഷണത്തില്‍ ഈച്ച വന്നിരിക്കാതെ സൂക്ഷിക്കുക, പഴകിയ ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്നിവയാണു ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍. ചെറിയ വയറിളക്കത്തിനു വീട്ടില്‍ വച്ചു ചെയ്യാവുന്ന കാര്യങ്ങള്‍ ഉപ്പിട്ട കഞ്ഞിവെള്ളം, ഒ.ആര്‍.എസ് ലായനി എന്നിവ ഉപയോഗിച്ചു നിര്‍ജലീകരണം തടയുക എന്നുള്ളതാണ്. നിര്‍ജലീകരണം കൂടുതലായി ഉണ്ടാവുക, രോഗി അവശ നിലയില്‍ ആവുക, വിട്ടുമാറാത്ത പനി എന്നിവ കാണുന്ന സാഹചര്യത്തില്‍ അടിയന്തര വൈദ്യസഹായം തേടണം.
ഢലരീേൃ യീൃില റശലെമലെ അഥവാ വാഹകജീവികള്‍ വഴി പടരുന്ന അസുഖങ്ങളാണ് ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, ചിക്കന്‍ ഗുനിയ തുടങ്ങിയവ. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിടുന്ന പെണ്‍ അനോഫെലക്‌സ് കൊതുകുകളാണ് മലേറിയക്കു കാരണമാകുന്നത്. പനി, വിറയല്‍, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങള്‍. പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണു ചിക്കന്‍ ഗുനിയക്കു കാരണമാകുന്നത്. പനി, തലവേദന, കഠിനമായ സന്ധിവേദന എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍. ഈഡിസ് കൊതുകുകള്‍ വഴി പടരുന്ന മറ്റൊരു അസുഖമാണ് ഡെങ്കിപ്പനി. പനി, ശരീരവേദന, സന്ധിവേദന, ചൊറിച്ചില്‍ തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങള്‍. കൊതുകുകള്‍ വളരുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക, കൊതുകുകടി കൊള്ളാതെ സൂക്ഷിക്കുക എന്നിവയാണു ചെയ്യേണ്ട കാര്യങ്ങള്‍. വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കുക, ചിരട്ട, റെഫ്രിജറേറ്റര്‍, എയര്‍കണ്ടീഷനര്‍ എന്നിവയുടെ ഭാഗമായി വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങളില്‍ കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നത് ഒഴിവാക്കുക എന്നിവ മഴക്കാലം വരുന്നതിനു മുന്‍പ് ചെയ്തുതുടങ്ങേണ്ട കാര്യങ്ങളാണ്. ലെപ്‌ടോ സ്‌പൈറ ജനുസില്‍പെട്ട ഒരിനം സൂക്ഷ്മജീവി മനുഷ്യരില്‍ ഉണ്ടാക്കുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി. എലികളാണു പ്രധാന രോഗവാഹകര്‍. തലവേദന, പനി, ഛര്‍ദി, പേശിവേദന എന്നിവയാണു പ്രധാന രോഗലക്ഷണങ്ങള്‍. രോഗാണു വാഹകരുടെ മൂത്രം കലര്‍ന്ന വെള്ളം മനുഷ്യശരീരത്തിലെ മുറിവുകളിലൂടെയോ മറ്റോ സമ്പര്‍ക്കത്തില്‍ വരികയും രോഗാണു മനുഷ്യശരീരത്തില്‍ എത്തുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ പ്രത്യേകിച്ച് കര്‍ഷകര്‍, മഴക്കാലത്ത് പാടങ്ങളിലിറങ്ങി ജോലി ചെയ്യുന്നവര്‍ എന്നിവര്‍ കാലുറ ധരിച്ചോ മറ്റോ ശരീരത്തിലെ പോറലുകളില്‍ മലിനജലം ആകാതെ സൂക്ഷിക്കണം.
മഴക്കാലത്ത് തൊലിപ്പുറത്തു കണ്ടുവരുന്ന മറ്റൊരു ആരോഗ്യപ്രശ്‌നമാണു വളംകടി. കാല്‍ വിരലുകള്‍ക്കിടയിലെ തൊലിപ്പുറത്ത് ഉണ്ടാകുന്ന പൂപ്പല്‍ബാധ അഥവാ അണുബാധയാണ് ഇതിനു കാരണം. കാലുകള്‍ വൃത്തിയായും ഈര്‍പ്പമില്ലാതെയും സൂക്ഷിക്കുക. ആവശ്യഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശത്തോടെ അണുനാശക മരുന്നുകള്‍ ഉപയോഗിക്കുക.
ശ്വാസംമുട്ടല്‍, ആസ്തമ തുടങ്ങിയ അസുഖമുള്ളവര്‍ക്കു മഴക്കാലങ്ങളില്‍ അസുഖം വര്‍ധിക്കുന്നതായി കണ്ടുവരാറുണ്ട്. ഈര്‍പ്പം വര്‍ധിക്കുക, വീടിനകത്തും വസ്ത്രങ്ങളിലും പൂപ്പല്‍ബാധ ഉണ്ടാവുക എന്നിവ രോഗത്തിന് ആക്കംകൂട്ടുന്നു. സന്ധിവേദന ഉള്ളവരില്‍ പ്രത്യേകിച്ച് പ്രായമായവരില്‍ മഴക്കാലങ്ങളില്‍ ബുദ്ധിമുട്ട് വര്‍ധിക്കുന്നതായി കാണാം. ചൂടുവെള്ളത്തില്‍ കുളിക്കുക, ചെറുവ്യായാമങ്ങള്‍ ചെയ്യുക എന്നീ മാര്‍ഗങ്ങളിലൂടെ ഒരു പരിധിവരെ അസുഖത്തിന്റെ കാഠിന്യം കുറയ്ക്കാം. പനി എന്നത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മഴക്കാലത്ത് സാധാരണമായി കണ്ടുവരുന്ന പനിയാണ് വൈറല്‍പനി. മൂന്നുമുതല്‍ ഏഴു ദിവസംവരെ നീണ്ടുനില്‍ക്കുന്ന പനിയോടൊപ്പം ചുമയും ജലദോഷവും കണ്ടുവരുന്നു. വിശ്രമം, ലഘു ഭക്ഷണം, ധാരാളം വെള്ളം കുടിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുക, ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കഴിക്കുകയും ചെയ്യുക. പനി വലിയ വിഷയമായതുകൊണ്ട് പനികളെക്കുറിച്ച് മറ്റൊരു കുറിപ്പില്‍ വിശദമായി എഴുതാം. വായനക്കാര്‍ക്ക് മനോഹരമായ ആരോഗ്യമുള്ളൊരു മഴക്കാലം ആശംസിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.