2017 November 10 Friday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

മഴ ലഭ്യത കുറഞ്ഞു; കൃഷി താളമില്ലാതെ വയനാടന്‍ നെല്‍പ്പാടങ്ങള്‍

മഴ ലഭ്യതയില്‍ 60 ശതമാനം കുറവ്

മാനന്തവാടി: കര്‍ക്കിടകമെത്താറായിട്ടും മഴമേഘം കനിയാത്തത് ജില്ലയിലെ നെല്‍പാടങ്ങളെ തരിശു ഭൂമിയാക്കുന്നു. ഇത്തവണ കാര്യമായി മഴ ലഭിക്കാത്തത് കാരണം വിത്തിടാനുള്ള സമയമായിട്ടും വയനാടന്‍ വയലുകളില്‍ നെല്‍കൃഷി താളങ്ങള്‍ അന്യമായിരിക്കുകയാണ്. വിത്തിടാനുള്ള സമയം കഴിഞ്ഞിട്ടും മഴയെ കാത്തിരിക്കുകയാണ് കര്‍ഷകര്‍.
നഞ്ചകൃഷിക്ക് വിത്തിടേണ്ട സമയമാണിപ്പോള്‍ എന്നാല്‍ മഴ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇത് അടുത്ത സീസണില്‍ ആരംഭിക്കേണ്ട പുഞ്ച കൃഷിയെയും പ്രതികൂലമായി ബാധിക്കും. ജില്ലയില്‍ ഇത്തവണ മഴയുടെ ലഭ്യതയില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഴയുടെ അളവില്‍ 60 ശതമാനത്തിന്റെ കുറവാണുള്ളത്. 248 മില്ലിമീറ്റര്‍ മഴയാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ വയനാട്ടില്‍ ലഭിച്ചത്.
ജൂലൈ പകുതി പിന്നിട്ടിട്ടും ജില്ലയിലെ കൃഷിക്ക് ഉപയോഗിക്കുന്ന തോടുകളിലും കുളങ്ങളിലും ഇപ്പോഴും വെള്ളമായിട്ടില്ല. പ്രധാന ജല സ്രോതസായ കബനി നദിയില്‍ വെള്ളമുണ്ടെങ്കിലും വെള്ളം കൃഷിയിടത്തിലെത്തിക്കാനാകാതെ കര്‍ഷകര്‍ വലയുകയാണ്. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കൃഷിയിടത്തിലെത്തിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്.
വിരലിലെണ്ണാവുന്ന പാരമ്പര്യ കര്‍ഷകര്‍ മാത്രമാണ് സാമ്പത്തിക ബാധ്യത സഹിച്ചും നെല്‍കൃഷിയില്‍ തുടരുന്നത്. ജില്ലയിലെതന്നെ ഏറ്റവും വലിയ പാടങ്ങളില്‍ ഒന്നായ വേമോം പാടത്ത് മാത്രം 350 ഹെക്ടറിലാണ് നെല്‍കൃഷി ചെയ്യുന്നത്. ജില്ലയില്‍ 5800 ഹെക്ടറിലുമാണ് കഴിഞ്ഞ വര്‍ഷം നെല്‍കൃഷി ചെയ്തത്.
കാലവര്‍ഷം ദുര്‍ബ്ബലമായതിനാല്‍ തന്നെ ഈ വര്‍ഷം നെല്‍കൃഷിയുടെ വ്യാപ്തി ഗണ്യമായി കുറയുമെന്നാണ് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നത്. ബാങ്ക് വായ്പ എടുത്തും സ്വര്‍ണം പണയംവെച്ചുമാണ് ഭൂരിഭാഗം പേരുടെയും കൃഷി.
പാരമ്പരാഗത കൃഷിയെന്ന നിലക്കാണ് താരതമ്യേന ലാഭകരമല്ലാത്ത നെല്‍കൃഷി പലരും നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം ഇവരുടെ സാമ്പത്തിക സ്ഥിതിയെതന്നെ തകിടംമറിക്കാനാണ് സാധ്യത.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.