2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

മഴ നനഞ്ഞ അക്ഷരങ്ങള്‍

അമീന്‍ പുറത്തീല്‍

രാത്രി മഴ കനത്തു പെയ്യുകയാണ്. മാനത്തെ അട്ടഹാസങ്ങളും തീപ്പൊരികളും ചെങ്കല്‍ഭിത്തികളെ തുരച്ചു കിടപ്പുമുറിക്കകത്തെത്തിയിരിക്കുന്നു. ഒപ്പം തകര മേല്‍ക്കൂരയ്ക്കുമേല്‍ വന്നുപതിക്കുന്ന മഴത്തുള്ളികള്‍ കാതടപ്പിക്കുന്നുമുണ്ട്.
കരിമ്പടത്തിനുന്നുള്ളിലേക്ക് ഒന്നു കൂടി ചുരുണ്ടു. അതിനടിയില്‍ കതകിന് തുരുതുരെ മുട്ടുന്ന ശബ്ദം. തണുത്തുറഞ്ഞ അലസതയെ വകഞ്ഞുമാറ്റി എഴുന്നേറ്റു നടന്നു..
”ങ്ങള് ഇപ്പൊ തുറക്കേണ്ട. കള്ളന്‍മാരോ ക്വട്ടേഷന്‍ ടീമോ ആയിരിക്കും..” അവള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
ജനല്‍പാളികളുടെ നേര്‍ത്ത വിടവിലൂടെ മുറ്റത്തേക്കു നോക്കി.
മിന്നല്‍ വെളിച്ചത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന കുറേ അക്ഷരക്കൂട്ടങ്ങള്‍!
ഒന്നുകൂടി സൂക്ഷിച്ചുനോക്കി. അതെ. വൈകുന്നേരം എഴുതി തപാല്‍ ചെയ്ത കഥയിലെ അക്ഷരങ്ങള്‍ തന്നെ!
പെട്ടെന്ന് കതകു തുറന്നു. നിയന്ത്രണം വിട്ട വാഹനം പോലെ, നിമിഷാര്‍ധം കൊണ്ട് അവ മുഴുവനും അകത്തേക്കു പാഞ്ഞുകയറി. അവ ശരിക്കും പേടിച്ചിരിക്കുകയാണ്.
”എന്താ കാര്യം?” ഞാന്‍ ആരാഞ്ഞു.
അവരുടെ കണ്ഠമിടറിയിരിക്കുന്നു. ചിലര്‍ വിതുമ്പുന്നു.
‘ന’യും ‘മ’യുമൊക്കെ കണ്ണീരൊലിപ്പിച്ചു തുടങ്ങിയിരുന്നു. ‘ആ’യുടെ അഗ്രവര പുറത്തേക്കു ചൂണ്ടി. കനത്ത മഴയിലും ആളിക്കത്തുന്ന തീനാളങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെ വീടിനടുത്തേക്കു കുതിക്കുകയാണ്. ഒപ്പം വടിവാളുകളും അരിവാള്‍ കത്തികളും! ഏതാനും കരിങ്കല്‍ചീളുകളും കൂടെയുണ്ട്.
എന്നെയും എന്റെ കഥകളെയും കുത്തിക്കീറി കരിച്ചുകളയും അവര്‍. തീര്‍ച്ച!
അതിവേഗം കട്ടിലിനടിയിലെ പഴയ തകരപ്പെട്ടിയില്‍ അക്ഷരങ്ങളെ ഒളിപ്പിച്ചു വീണ്ടും കരിമ്പടത്തിനകത്തേക്കു ചുരുണ്ടുകൂടി.
”ഞാമ്പറഞ്ഞില്ലേ ങ്ങള് കഥയെയ്തണ്ടാന്ന്. നിക്ക് പേടിയാകുന്നു.” അവള്‍ കെട്ടിപ്പിടിച്ചു കാതിലോതി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.