2017 November 21 Tuesday
ജീവിത ഭയത്തില്‍ നിന്നാണ് മരണ ഭയമുണ്ടാകുന്നത്. പൂര്‍ണനായി ജീവിക്കുന്ന മനുഷ്യന്‍ ഏത് നേരത്തും മരിക്കാന്‍ തയാറായിരിക്കും.
മാര്‍ക് ടൈ്വന്‍

മഴവെള്ള സംഭരണികള്‍ നിര്‍ബന്ധമാണെന്ന നിയമം അട്ടിമറിക്കുന്നു

കാക്കനാട്: പുതിയ വീടുകള്‍ നിര്‍മിക്കുമ്പോള്‍ മഴവെള്ള സംഭരണികള്‍ നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും നിയമം പലയിടങ്ങളിലും അട്ടിമറിക്കുകയാണ്.
വേനല്‍ തുടങ്ങും മുന്‍പേ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുഴല്‍ക്കിണര്‍ നിര്‍മാണവും വ്യാപകമായി. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമായി കഴിഞ്ഞ വര്‍ഷം നിരവധി ഭൂജല പര്യവേക്ഷണമാണ് ഭൂജലവകുപ്പ് നടത്തിയത്. ഭൂഗര്‍ഭജല വിനിയോഗത്തിന്റെ അളവ് വര്‍ധിച്ചത് ഭൂജലവിതാനം കുറയുന്നതിനും കാരണമായി. പൊതുജനങ്ങളുടെ അപേക്ഷ പ്രകാരവും കുഴല്‍ക്കിണര്‍ നിര്‍മാണത്തിനു ജലപര്യവേക്ഷണം നടത്തിയിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ നിര്‍മിച്ചു നല്‍കുന്നത് ഇതില്‍ ഇരട്ടിയാണ്. മുന്‍കാലങ്ങളില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ 150 അടി താഴ്ത്തിയാല്‍ ഭൂജലം ധാരാളമായി ലഭിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ കാക്കനാട്, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തുടങ്ങിയ പ്രദേശങ്ങളില്‍ 500 അടിയും അതില്‍ ഏറെയും താഴ്ത്തിയാല്‍ മാത്രമേ കുഴല്‍ക്കിണറില്‍ ജലം ലഭിക്കുകയുള്ളൂ. ഭൂരിഭാഗം മുനിസിപ്പിലാറ്റികളിലും പഞ്ചായത്തുകളിലും കുഴല്‍ക്കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി ഏജന്‍സികളുണ്ട്. ഇത്തരം ഏജന്‍സികളുമായി ബന്ധപ്പെട്ടാണ് കിണര്‍ നിര്‍മാണത്തിനാവശ്യമായ സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഏജന്‍സികള്‍ സര്‍വേകള്‍ക്കായി വന്‍തുകയാണ് ഈടാക്കുന്നത്. ഒരു കിണറിന് അക്വാമീറ്റര്‍ ഉപയോഗിച്ച് സ്ഥാനം നിര്‍ണയിക്കുന്നതിന് 1500 രൂപമുതല്‍ 3000 രൂപവരെ ഈടാക്കും. ഇതില്‍ 500 മുതല്‍ 1500 രൂപ വരെ ലഭിക്കുന്നത് പ്രാദേശിക ഏജന്‍സികള്‍ക്കാണ്. സ്ഥാനം നിര്‍ണയം കഴിഞ്ഞാല്‍ കിണര്‍നിര്‍മിക്കുന്നതിന് അനുമതിതേടി അപേക്ഷ നല്‍കണം. ഇതിന് ചിലപ്പോള്‍ 1500 രൂപവരെ ഏജന്‍സികള്‍ വാങ്ങാറുണ്ട്.
പരമ്പരാഗത ജലസംരക്ഷണ സ്രോതസ്സുകളായ കുളങ്ങളും തലക്കുളങ്ങളും പ്രകൃതിദത്ത ഉറവകളും 60 ശതമാനത്തോളം നശിച്ചതാണ് ഗ്രാമത്തില്‍പ്പോലും കുഴല്‍ക്കിണര്‍ പിടിമുറുക്കാന്‍ കാരണമായത്. മഴവെള്ള സംഭരണമടക്കമുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.