2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

മഴയറിഞ്ഞ് മലയെ തഴുകി ബ്രഹ്മഗിരി യാത്രികര്‍

തിരുനെല്ലി: കേരളത്തിലെ അഞ്ച് ജില്ലകളില്‍ നിന്നുള്ള യുവ സാഹസികരുടെ നേതൃത്വത്തില്‍ നടന്ന ബ്രഹ്മഗിരി ഹില്‍ ട്രക്കിങ് പ്രകൃത്യാനുഭവത്തിന്റെ പുതിയ ചരിത്രം രചിച്ചു. ജൈവ വൈവിധ്യത്തിന്റെ നാടായ വയനാടിന്റെ പ്രധാന ജീന്‍പൂള്‍ മേഖലയായ കേരള കര്‍ണാടക അതിര്‍ത്തിയിലെ ബ്രഹ്മഗിരി മല നിരകളിലേക്ക് വനം വകുപ്പിന്റെ സഹകരണത്തോടെ വയനാട് അഡ്വഞ്ചര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കാനന പാതയിലൂടെ സാഹസികയാത്ര സംഘടിപ്പിച്ചത്.
മാനംമുട്ടെ നില്‍ക്കുന്ന മലമുകളിലേക്ക് മഴയുടെ കുളിരണിഞ്ഞ് കാര്‍മേഘങ്ങള്‍ക്കിടയിലൂടെ പ്രകൃതിയുടെ മുഴുവന്‍ സൗന്ദര്യവും നുകര്‍ന്ന് യുവ സാഹസികര്‍ നടത്തിയ യാത്ര പ്രകൃതി സംരക്ഷണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പുതിയൊരു സന്ദേശം സമൂഹത്തിന് നല്‍കുന്നതായിരുന്നു. തിരുനെല്ലി ഫോറസ്റ്റ് ഐ.ബി.യില്‍ പ്രകൃതി പഠന ക്യാംപിന് ശേഷമായിരുന്നു യാത്ര സംഘടിപ്പിച്ചത്.
വേനല്‍ചൂടിനിടയിലുണ്ടായ കാട്ടുതീയില്‍ കത്തിയമര്‍ന്ന തിരുനെല്ലിക്കാടുകള്‍ക്ക് പുതിയ ഹരിതഭംഗി നല്‍കുന്നതിന് ഒരുദിവസം നീണ്ടുനില്‍ക്കുന്ന മരത്തൈ നടീലും ഇതോടനുബന്ധിച്ചു നടത്തി. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തോട് ചേര്‍ന്ന പ്രദേശത്താണ് സ്വാഭാവിക വനവല്‍കരണത്തിന്റെ ഭാഗമായി മരത്തൈകള്‍ നട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാഹസികര്‍ക്ക് വയനാടിനെ കൂടുതല്‍ പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്ന് ഫോറസ്റ്റ് ഓഫിസര്‍ സുരേഷ്ബാബുവും വാഫ് പ്രസിഡന്റ് സോജന്‍ ജോണ്‍സണും പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ലകളിലൊന്നായ വയനാടിന്റെ തനതു കാലാവസ്ഥയും പ്രകൃതിയും നേരിട്ടനുഭവിക്കാന്‍ യാത്ര സഹായിച്ചുവെന്ന് സാഹസികനായ അഡ്വ. സജിന്‍ കൊല്ലറ പറഞ്ഞു. കര്‍ണ്ണാടകയുടെ വരണ്ട കാലാവസ്ഥയോട് ചേര്‍ന്ന ശൈത്യ കാലാവസ്ഥയാണ് അതിര്‍ത്തി പ്രദേശമായ ബ്രഹ്മഗിരിയിലേത്. ഭൂരിഭാഗവും പരിസ്ഥിതിലോല പ്രദേശമായ ഇവിടെ അപൂര്‍വ്വ ഇനം ഔഷധ സസ്യങ്ങളും ഇനിയും തിരിച്ചറിയാത്ത വിവിധയിനം കാട്ടുചെടികളുമുണ്ട്. ഇവയെ കണ്ടെത്തുന്നതിനുള്ള ഒരു ഗവേഷണയാത്രകൂടിയായി സാഹസികയാത്ര മാറി. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരും പരിപാടിക്കെത്തിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സുധീഷ് ഫോട്ടോഗ്രാഫര്‍ മധു എടച്ചന എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.