2019 January 22 Tuesday
ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, വീഴുമ്പോഴൊക്കെ എഴുന്നേല്‍ക്കുന്നതിലാണ് മനുഷ്യന്റെ മാഹാത്മ്യം.

മഴപ്പേടി വേണ്ട, മണ്ണിലിറങ്ങാം

മഴക്കാലത്ത് എങ്ങനെ പച്ചക്കറി കൃഷി ചെയ്യും എന്നത് കര്‍ഷകരെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. ചെലവുകുറഞ്ഞ നിരവധി മാര്‍ഗങ്ങളുണ്ട് മഴക്കാലകൃഷിക്കു കരുത്തേകാന്‍.

മഴമറ കൃഷി

മഴ ചെറുക്കുന്ന, ശുദ്ധവായു നന്നായി കയറിയിറങ്ങുന്ന സംവിധാനമാണ് മഴമറ. പേരു സൂചിപ്പിക്കുന്നതു പോലെ മഴയില്‍നിന്ന് വിളകളെ സംരക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ധര്‍മം.

സാധാരണ അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കാന്‍ ശേഷിയുള്ള പോളിഎത്തിലിന്‍ ഷീറ്റുകളാണ് മഴമറയുടെ മുകളില്‍ വിരിക്കുന്നത്. ഇതുമൂലം മഴമറക്കുള്ളില്‍ പുറത്തെ താപനിലയെ അപേക്ഷിച്ച് അഞ്ചു ഡിഗ്രി ചൂടുകൂടും.

മഴമറ നിര്‍മിതി

വലിപ്പം, ആകൃതി, നിര്‍മാണത്തിനുപയോഗിക്കുന്ന സാധനങ്ങള്‍ എന്നിവയ്ക്കനുസരിച്ചു മഴമറകളും വ്യത്യാസപ്പെടും. ആര്‍ച്ച് ആകൃതിയിലും കോണ്‍ ആകൃതിയിലും മേല്‍ക്കൂരയുണ്ടാക്കാം. മുളയും കമുകിന്റെ അലകും മറ്റും കൊണ്ട് ചെലവുകുറഞ്ഞരീതിയില്‍ മഴമറയുണ്ടാക്കാം. കുറച്ച് ആഡംബരപ്രിയരാണെങ്കില്‍ ജി.ഐ പൈപ്പ് പോലുള്ളവ കൊണ്ടു കുറേക്കൂടി മനോഹരമായ മഴമറകള്‍ നിര്‍മിക്കാം. ഒരു കുടുംബത്തിന് ആവശ്യമുള്ള പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ചെലവുകുറഞ്ഞ മഴമറകളാണ് അഭികാമ്യം.

ഏഴുമീറ്റര്‍ വീതിയും അഞ്ചു മീറ്റര്‍ നീളവുമുള്ള മഴമറയുണ്ടെങ്കില്‍ ഒരു കുടുംബത്തിന് ആവശ്യമുള്ളതിലേറെ പച്ചക്കറി ഉല്‍പ്പാദിപ്പിക്കാം. പുരയിടങ്ങളില്‍ ലഭ്യമായ മുള, കമുക് തുടങ്ങിയവ ഉപയോഗിച്ച് ത്രികോണാകൃതിയില്‍ മേല്‍ക്കൂരയുള്ള ചട്ടക്കൂട് ഉണ്ടാക്കി ഇത് 200 മൈക്രോണ്‍ ഘനമുള്ള യു.വി സറ്റെബിലൈസ്ഡ് പോളി എത്തിലിന്‍ ഷീറ്റുപയോഗിച്ചു മറയ്ക്കാം. മൂന്നുനാലു വര്‍ഷം വരെ ഈ ഷീറ്റുകള്‍ കേടുകൂടാതെ ഉപയോഗിക്കാം. ഏകദേശം 5000 രൂപ ചെലവില്‍ നിര്‍മിക്കുന്ന ഇത്തരം മഴമറകളില്‍ വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. വെള്ളപ്പൊക്ക സമയത്ത് കൃഷിചെയ്യാന്‍ തറനിരപ്പില്‍ നിന്ന് ഒന്നരമുതല്‍ രണ്ടടി വരെ ഉയരത്തിലുള്ള തട്ടുകള്‍ നിര്‍മിക്കാം. മുളങ്കുറ്റികള്‍ക്കുമേല്‍ കമുകിന്റെയോ മറ്റോ അലകുകള്‍ കെട്ടിവച്ചു തട്ടു നിര്‍മിക്കണം.

ഒരടി വീതിയുള്ള അഞ്ചോ ആറോ തട്ടുകള്‍ അഞ്ചു മീറ്റര്‍ വീതിയുള്ള മഴമറകളില്‍ നിര്‍മിക്കാം. തട്ടുകളില്‍ 60 സെ.മി അകലത്തില്‍ ക്രമീകരിച്ച പോളി ബാഗുകളില്‍ പച്ചക്കറി കൃഷി ചെയ്യാം. തുല്യ അനുപാതത്തിലുള്ള മേല്‍മണ്ണ്, ചാണകപ്പൊടി, ചകിരി കമ്പോസ്റ്റ് മിശ്രിതം ചേര്‍ത്ത് നിറച്ച ബാഗുകളില്‍ വിത്തുപാകിയും തൈകള്‍ നട്ടുമാണ് കൃഷി.

മഴമറയിലെ വിളപരിക്രമം

ജൂണ്‍-സെപ്റ്റംബര്‍
മുളക്, വഴുതന, വെണ്ട, പയര്‍

ഒക്ടോബര്‍- ഡിസംബര്‍
മുളക്, തക്കാളി, വഴുതന, വെണ്ട

ജനുവരി- മേയ്
മുളക്, വഴുതന, പയര്‍, പാവല്‍, കുറ്റിപ്പയര്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.