2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

മല്യയെ തിരിച്ചയക്കില്ലെന്നു ബ്രിട്ടന്‍; നിസഹായതയില്‍ കേന്ദ്രം

ന്യൂഡല്‍ഹി: മദ്യരാജാവും മുന്‍ എം.പിയുമായിരുന്ന വിജയ് മല്യയെ ഇന്ത്യയിലേക്കു തിരിച്ചയക്കില്ലെന്നു ബ്രിട്ടന്‍. എന്നാല്‍, ഇന്ത്യയില്‍ മല്യക്കെതിരേയുള്ള കേസിലെ അന്വേഷണവുമായി സഹകരിക്കുമെന്നും ബ്രിട്ടണ്‍ അറിയിച്ചു.
മല്യ ബ്രിട്ടണില്‍ പ്രവേശിക്കുമ്പോള്‍ പാസ്‌പോര്‍ട്ടിനു നിയമസാധുത ഉണ്ടായിരുന്നെന്നും അതിനാല്‍ അദ്ദേഹത്തെ നാടുകടത്താന്‍ സാധിക്കില്ലെന്നുമാണ് ബ്രിട്ടന്റെ നിലപാട്. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍നിന്നായി ഒന്‍പതിനായിരത്തിലധികം കോടി രൂപ വായ്പയെടുത്തു ബ്രിട്ടനിലേക്കു നാടുവിട്ട മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്നു ബ്രിട്ടീഷ് ഹൈക്കമ്മിഷണറോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ബ്രിട്ടന്റെ നടപടിയെ ചോദ്യം ചെയ്യാനാകില്ലെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയെ അറിയിച്ചു. മല്യയെ തിരിച്ചയക്കാന്‍ വിസമ്മതമറിയിക്കുന്നതു സാങ്കേതികമായി നിലനില്‍ക്കുന്നതാണ്. മല്യക്കെതിരേ കേസുകള്‍ ശക്തമാക്കിയശേഷം കുറ്റവാളിയെ തിരിച്ചയക്കാന്‍ ആവശ്യപ്പെടുമെന്നും അപ്പോള്‍ അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ഇന്ത്യയുടെ നിലപാട് അംഗീകരിക്കേണ്ടിവരുമെന്നും ജെയ്റ്റ്‌ലി വിശദീകരിച്ചു.
വിദേശ കാര്യമന്ത്രാലയം മല്യയുടെ പാസ്‌പോര്‍ട്ട് നേരത്തെ റദ്ദാക്കിയിരുന്നു. മുംബൈ പ്രത്യേക കോടതി വിജയ് മയ്യ്‌ക്കെതിരേ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിട്ടുമുണ്ട്. രാജ്യം വിട്ടശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് മൂന്നു തവണ സമന്‍സയച്ചിരുന്നെങ്കിലും മല്യ അവഗണിക്കുകയാണ് ചെയ്തത്. രാജ്യസഭാംഗമായിരുന്ന മല്യയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മല്യ എം.പി പദവി രാജിവച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.