2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മല്യയുടെ വെളിപ്പെടുത്തല്‍; ബി.ജെ.പി പ്രതിരോധത്തില്‍

ന്യൂഡല്‍ഹി: വിവിധ ബാങ്കുകളില്‍നിന്നു കോടിക്കണക്കിനു രൂപ വായ്പയെടുത്തു രാജ്യം വിടുന്നതിനു മുന്‍പായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ക്കു ബി.ജെ.പിയുമായും കേന്ദ്ര സര്‍ക്കാരുമായും അടുത്ത ബന്ധമുണ്ടെന്നും അവര്‍ക്ക് രാജ്യംവിടാന്‍ സൗകര്യംചെയ്തുവെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് മല്യയുടെ വെളിപ്പെടുത്തല്‍.
ബാങ്കുകളെ കബളിപ്പിച്ചു കോടികള്‍ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെയും വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ അറിയിച്ചിരുന്നതായും എന്നാല്‍ നടപടിയുണ്ടായില്ലെന്നുമുള്ള റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് പ്രതിപക്ഷ ആരോപണത്തിനു ബലമേകുന്ന വിധത്തില്‍ മല്യയുടെ തുറന്നുപറച്ചില്‍.
വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് 2015 ജൂലൈ 29നാണ് വിജയ് മല്യക്കെതിരേ സി.ബി.ഐ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്തിയത്. ആ സമയം മല്യയ്‌ക്കെതിരേ ബാങ്കുകള്‍ പരാതി നല്‍കിയിരുന്നില്ലെങ്കിലും ഔദ്യോഗികവൃത്തങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്നു കേസെടുത്തത്. ഇതിനു പിന്നാലെ 2015 ഒക്ടോബര്‍ 16നു മല്യയ്‌ക്കെതിരേ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇത് എമിഗ്രേഷന്‍ വകുപ്പിന് അയച്ചു. ഈ സമയം മല്യ വിദേശത്തായിരുന്നു.
എന്നാല്‍, രണ്ടു ദിവസത്തിനുള്ളില്‍ അദ്ദേഹം നാട്ടിലെത്തി. ഇതിനു ശേഷമാണ് മല്യയെ കസ്റ്റഡിയിലെടുക്കുകയെന്നതിനു പകരം അറിയിക്കുക എന്ന ഗൗരവം കുറയ്ക്കുന്ന സന്ദേശം എമിഗ്രേഷന്‍ വിഭാഗത്തിനു ലഭിച്ചത്. എന്നാല്‍, ഈ സന്ദേശം എന്നാണ് പോയതെന്നു വ്യക്തമല്ല. 2015 നവംബറില്‍ അദ്ദേഹത്തിനെതിരേ കൂടുതല്‍ തെളിവുകള്‍ ഇല്ലായിരുന്നുവെന്നും അതിനാലാണ് കസ്റ്റഡിയിലെടുക്കുകയെന്ന സന്ദേശം മാറ്റിയതെന്നുമാണ് സി.ബി.ഐയുടെ വിശദീകരണം. എന്നാല്‍, ഇതേ സി.ബി.ഐ തന്നെയാണ് ‘മതിയായ തെളിവുകള്‍’ ഇല്ലാതെ നേരത്തെ ക്രിമിനല്‍ ഗൂഢാലോചനാകുറ്റം ചുമത്തി മല്യയ്‌ക്കെതിരേ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതുപോലുള്ള കടുത്ത നടപടികള്‍ സ്വീകരിച്ചതും.
തിരച്ചില്‍ നോട്ടീസിലെ ഗൗരവം കുറച്ച ശേഷം ഡിസംബര്‍ ഒന്നിനു ലണ്ടനില്‍ പോയ മല്യ ഏഴിനു തിരിച്ചെത്തി. പിന്നീട് ഡിസംബര്‍ ഒന്‍പത്, 10, 11 തിയതികളില്‍ തുടര്‍ച്ചയായി അദ്ദേഹത്തെ സി.ബി.ഐ ചോദ്യംചെയ്തു. ഇതിനിടെ മല്യയ്‌ക്കെതിരേ തുടര്‍ച്ചയായ ആരോപണങ്ങളും ബാങ്കുകള്‍ അദ്ദേഹത്തിനെതിരേ നടപടികള്‍ക്കൊരുങ്ങുകയാണെന്ന വാര്‍ത്തകളും വന്നുതുടങ്ങി. പിന്നാലെ അതേമാസം 23നു വീണ്ടും ലണ്ടനില്‍ പോയ മല്യ ഫെബ്രുവരി രണ്ടിനു മടങ്ങിയെത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.