2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

മല്യക്കെതിരായ തിരച്ചില്‍ നോട്ടിസ് മാറ്റിയതിലും ദുരൂഹത

ലുക്ക്ഔട്ട് നോട്ടിസില്‍ വെള്ളം ചേര്‍ത്തത് ജെയ്റ്റ്‌ലിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: വിജയ് മല്യക്കെതിരേ സി.ബി.ഐ പുറപ്പെടുവിച്ച തിരച്ചില്‍ നോട്ടിസ് (ലുക്ക് ഔട്ട് സര്‍ക്കുലര്‍- എല്‍.ഒ.സി) അപ്രത്യക്ഷമായതും പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയാവുന്നു. 2016 മാര്‍ച്ച് ആദ്യ വാരം വിജയ്മല്യ നാടുവിടുമ്പോള്‍ അദ്ദേഹത്തിനെതിരേ സി.ബി.ഐയുടെ തിരച്ചില്‍ നോട്ടിസ് നിലവിലുണ്ടായിരുന്നു. ഒരു വ്യക്തിക്കെതിരേ പുറപ്പെടുവിച്ച തിരച്ചില്‍ നോട്ടിസ് സി.ബി.ഐ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും അയക്കുന്നതിനാല്‍ ആ വ്യക്തിക്ക് ഇന്ത്യയിലെ ഒരു വിമാനത്താവളത്തില്‍നിന്നും പുറത്തുപോവാന്‍ കഴിയില്ല. എന്നാല്‍, 2016 മാര്‍ച്ച് രണ്ടിനു ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 12 പെട്ടികളുമായി ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ കയറി മല്യ എങ്ങനെ രക്ഷപ്പെട്ടുവെന്ന ചോദ്യത്തിന് ഇന്ത്യന്‍ ഏജന്‍സികളുടെ കൈവശം കൃത്യമായ മറുപടിയില്ല.
അതേസമയം, വിജയ് മല്യക്ക് സഹായം ലഭിച്ചത് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഒത്താശയോടെയാണെന്ന പ്രതിപക്ഷ ആരോപണം പാര്‍ട്ടി പാളയത്തില്‍നിന്ന് ഏറ്റുപിടിച്ച് ബി.ജെ.പിനേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തുവന്നു. മല്യക്കു രാജ്യം വിടാന്‍ സൗകര്യമൊരുക്കിയത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണെന്ന് അദ്ദേഹം ആരോപിച്ചു. ലുക്ക്ഔട്ട് നോട്ടിസ് മയപ്പെടുത്തി കൊടുത്തതുകൊണ്ടാണ് മല്യക്ക് രാജ്യം വിടാന്‍ കഴിഞ്ഞത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ തിരച്ചില്‍ നോട്ടിസുണ്ടായിരുന്ന മല്യക്ക് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. മല്യ പിന്നീട് ഡല്‍ഹിയിലെത്തി തന്റെ യാത്ര തടയുന്ന നോട്ടിസ് മാറ്റി ‘റിപ്പോര്‍ട്ട് ചെയ്യല്‍’ എന്ന സന്ദേശം ആക്കി അധികാരമുള്ള ഒരാളെ കണ്ടു. ഈ നോട്ടിസില്‍ വെള്ളം ചേര്‍ത്ത വ്യക്തി ആരാണെന്ന് സ്വാമി ട്വിറ്ററില്‍ ചോദിച്ചു. ധനകാര്യമന്ത്രാലയത്തിലെ ആരോ ഒരാള്‍ ആണ് മല്യയെ സഹായിച്ചതെന്നും സ്വാമി ആരോപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.