2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മലേഗാവ് സ്‌ഫോടനം: കേണല്‍ പുരോഹിതിന് കോടതികളില്‍ തിരിച്ചടി

ന്യൂഡല്‍ഹി: 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ പ്രശാന്ത് ശ്രീകാന്ത് പുരോഹിതിന് സുപ്രിംകോടതിയിലും ബോംബെ ഹൈക്കോടതിയിലും കനത്ത തിരിച്ചടി.
സ്‌ഫോടനക്കേസില്‍ തന്നെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ എടുത്ത് പീഡിപ്പിച്ചത് കോടതി നിരീക്ഷണത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിപ്പിക്കണമെന്ന പുരോഹിതിന്റെ ഹരജിയില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.
ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ഇത്തരത്തില്‍ ഇടപെട്ടാല്‍ കീഴ്‌ക്കോടതിയില്‍ പുരോഗമിക്കുന്ന കേസ് നടപടികളെ ബാധിക്കുമെന്ന് ഹരജി തള്ളിക്കൊണ്ട് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വിഷയം വിചാരണക്കോടതിയില്‍ പുരോഹിതിന് ഉന്നയിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റ് 27നാണ് പുരോഹിത് സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി എട്ടു ദിവസം താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പുരോഹിത് സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സുപ്രിംകോടതി വിധിക്ക് പിന്നാലെയാണ് ബോംബെ ഹൈക്കോടതി വിധിയും വന്നത്. തനിക്കെതിരേ യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്തും ഹരജിയില്‍ തീരുമാനം വരുന്നതുവരെ വിചാരണ കോടതി കുറ്റം ചുമത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടും പുരോഹിത് നല്‍കിയ ഹരജിയിലാണ് ബോംബെ ഹൈക്കോടതി വിധി പറഞ്ഞത്. കുറ്റം ചുമത്തുന്നതില്‍ സ്റ്റേ നല്‍കാന്‍ വിസമ്മതിച്ച ജസ്റ്റിസുമാരായ എസ്.എസ് ഷിണ്ഡെ, മൃദുല ഭട്കര്‍ എന്നിവരുടെ ബെഞ്ച് യു.എ.പി.എ ചുമത്തിയതിലെ നിയമ സാധുത വിചാരണക്കോടതി തീരുമാനിക്കട്ടെയെന്നും വിധിച്ച് ഹരജി തള്ളുകയായിരുന്നു.
2008ലെ മലേഗാവ് സ്‌ഫോടനകേസില്‍ കുറ്റം ചുമത്തുന്നത് പ്രത്യേക എന്‍.ഐ.എ കോടതി ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഈ രണ്ട് വിധികളും വന്നത്. യു.എ.പി.എ ചുമത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ 29ന് എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് പറഞ്ഞ് വിചാരണ കോടതി ജഡ്ജ് വിനോദ് പദാല്‍ക്കര്‍ തള്ളിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.