2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

മലിനജലത്തില്‍ ഇറങ്ങുന്നവര്‍ ജാഗ്രതൈ.

കൊല്ലം: ജില്ലയില്‍ പല ഭാഗങ്ങളിലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗം ബാധിക്കാതിരിക്കുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളി നിര്‍ദേശിച്ചു.
മലിനജലത്തില്‍ ഇറങ്ങുന്നവരെല്ലാം ആഴ്ച്ചയില്‍ ഒരിക്കല്‍ 100 മില്ലിഗ്രാമിന്റെ രണ്ട് ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ നിര്‍ബന്ധമായും കഴിക്കണണം. പനി, ശരീരവേദന, ഛര്‍ദി, കണ്ണിന് മഞ്ഞനിറം, മൂത്രത്തിന് ചുവപ്പുനിറം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടണം.
ജില്ലയില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ ഇതുവരെ 19 പേരില്‍ എലിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 55 പേര്‍ക്ക് രോഗം ബാധിച്ചതായി സംശയിക്കപ്പെടുന്നു. ഡെങ്കിപ്പനി 16 പേര്‍ക്ക് ബാധിച്ചതായി സ്ഥിരീകരിക്കുകയും 40 പേര്‍ക്ക് ബാധിച്ചതായി സംശയിക്കപ്പെടുകയും ചെയ്യുന്നു. ഇന്നലെ ജില്ലയില്‍ പുതിയതായി ആരിലും എലിപ്പനിയോ ഡെങ്കിപ്പനിയോ സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ ആശുപത്രികളിലും ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ ലഭ്യമാണ്. ഗുളിക വിതരണത്തിനായി പ്രത്യേക ഡോക്‌സി കോര്‍ണറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രളയം ബാധിച്ച സ്ഥലങ്ങളിലും പ്രളയവുമായി ബന്ധപ്പെട്ട് മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ താമസിക്കുന്ന കേന്ദ്രങ്ങളിലും മൊബൈല്‍ മരുന്ന് വിതരണ കേന്ദ്രമായ ഡോക്‌സി വാഗണിലൂടെ മരുന്നു നല്‍കുന്നുണ്ട്.
എലിപ്പനി ബാധിക്കുന്നവര്‍ക്ക് ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ എല്ലാ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും ഒരുക്കിയിട്ടുണ്ട്. പ്രളയത്തിനുശേഷം ജില്ലയില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഡെങ്കിപ്പനിക്കെതിരേയും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. വീടും പരിസരവും ശുചിയാണെന്ന് ഉറപ്പുവരുത്തണം. വീട്ടുപരിസരത്ത് ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളിലും റബര്‍ ചിരട്ടകളിലും ഉള്‍പ്പെടെ എല്ലായിടത്തും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയണം. ആഴ്ച്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം.
ഏതു പനിയും ഡെങ്കിപ്പനിയാകാം. പനി, കടുത്ത തലവേദന, കണ്ണിനു പിന്നില്‍ വേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കണം. ജലജന്യ രോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം എന്നിവയ്‌ക്കെതിരേയും മുന്‍കരുതല്‍ വേണം. സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്ത വെള്ളം 20 മിനിറ്റ് തിളപ്പിച്ചുമാത്രമേ ഉപയോഗിക്കാവൂ.
ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ എല്ലാ കിണറുകളും സന്നദ്ധ പ്രവര്‍ത്തകരുടെയും ആശാപ്രവര്‍ത്തകരുടെയും സഹകരണത്തോടെ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്തുവരികയാണ്. ശേഖരിച്ചുവയ്ക്കുന്ന വെള്ളം ശുദ്ധീകരിക്കുവാനായി ക്ലോറിന്‍ ഗുളികകള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്നും ഡി.എം.ഒ അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.