2018 October 15 Monday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

മലയോര ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്ക് ജിംന

ആര്യ, നന്ദന, അനഘ എന്നീ മലയാളി താരങ്ങളും ടീമില്‍

 

ജാഫര്‍ കല്ലട

നിലമ്പൂര്‍: ജൂനിയര്‍ ഏഷ്യന്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയോര ഗ്രാമത്തില്‍ നിന്നൊരു പെണ്‍കുട്ടി. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കൂനങ്കിയില്‍ സണ്ണി- ആനിസ ദമ്പതികളുടെ ഇളയ മകളും വട്ടോളി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ ജിംനാ അബ്രാഹമിനാണ് ജൂനിയര്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചത്.
ഈ മാസം 21 ന് തായ്‌വാനിലാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ജിംന ഇപ്പോള്‍ പഞ്ചാബിലെ പട്യാലയില്‍ ടീമംഗങ്ങളോടാപ്പം പരിശീലത്തിലാണ്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി നടക്കുന്ന സൗത്ത് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇന്ന് തായ്‌വാനിലേക്ക് തിരിക്കും.
കഴിഞ്ഞ ഫെബ്രുവരിയില്‍ രാജസ്ഥാനില്‍ നടന്ന സംസ്ഥാനതല ചാംപ്യന്‍ഷിപ്പില്‍ വിജയികളായ കേരള ടീമില്‍ ജിംനയും അംഗമായിരുന്നു. ജിംന ഉള്‍പ്പെട്ട ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു. കുറ്റ്യാടി കക്കട്ടിലെ വോളി അകാദമിയിലാണ് ജിംന പരിശീലനം നടത്തുന്നത്. സഹോദരന്‍ ജോര്‍ജ്കുട്ടി തമിഴ്‌നാട് ജൂനിയര്‍ വോളിബോള്‍ ടീമിലെ അംഗമായിരുന്നു. പിതാവ് സണ്ണിയും പ്രാദേശിക വോളിബോള്‍ കളിക്കാരനായിരുന്നു. ജിംനയോടൊപ്പം വയനാട്ടില്‍ നിന്ന് ആര്യ, കോഴിക്കോട് നിന്ന് നന്ദന, കണ്ണൂരില്‍ നിന്ന് അനഘ എന്നിവരാണ് കേരളത്തില്‍ നിന്ന് സെലക്ഷന്‍ ലഭിച്ച ടീമംഗങ്ങള്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.