2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

മലയോരംനടുങ്ങി

ഇരിട്ടി: മാക്കൂട്ടം ബ്രഹ്മഗരി വനമേഖലയില്‍ 12 ഇടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെതുടര്‍ന്ന് മേഖലയില്‍ വ്യാപക നാശം. നാലുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ വാഹനഗതാഗതം നിലച്ചു. വീട് ഭാഗികമായി തകര്‍ന്ന 17 കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിച്ചു. 33 വീടുകളില്‍ വെള്ളം കയറി. നൂറുകണക്കിന് ഏക്കര്‍ കൃഷിയിടങ്ങളില്‍ ചെളിയും വെള്ളംനിറഞ്ഞ് വ്യാപകമായ കൃഷിനാശമുണ്ടായി. ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഉള്‍പൊട്ടലിനെ തുടര്‍ന്ന് നൂറുകണക്കിന് മരങ്ങള്‍ വീണും റോഡില്‍ മണ്‍കുനകള്‍ നിറഞ്ഞും ഉണ്ടായ ഗതാഗത തടസം നീക്കുന്നതിന് ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടി. ചൊവ്വാഴ്ച്ച രാത്രി ഒന്‍പതോടെയാണ് മാക്കൂട്ടം വനത്തിലെ 12 ഇടങ്ങളില്‍ കനത്ത മഴയോടൊപ്പം ഉരുള്‍പൊട്ടലും ഉണ്ടായത്. നിമിഷ നേരം കൊണ്‍ബാരാപോള്‍ പുഴ നിറഞ്ഞുകവിഞ്ഞതോടെ പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി കോഴികളും നാല്‍ക്കാലികളും വെള്ളത്തില്‍ മുങ്ങിച്ചത്തു. മാക്കൂട്ടം, പേരട്ട, കൂട്ടുപുഴ, കച്ചേരിക്കടവ്, മുടക്കയം ഭാഗങ്ങളിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്. നൂറുകണക്കിന് കൂറ്റന്‍ മരങ്ങാണ് പുഴകളിലും കൃഷിയിടങ്ങളിലും ഒഴുകിയെത്തിയത്. മാക്കൂട്ടം ചെറിയപാലം തോടും റോഡും വെള്ളത്തില്‍ മുങ്ങി. ഇവിടെ കിലോമീറ്ററുകളോളം റോഡ് വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. മാക്കൂട്ടം-ചുരം റോഡില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരെ 12 മണിക്കൂറിന് ശേഷം നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലിസും ചേര്‍ന്ന് സാഹസികമായാണ് സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചത്. 15 ഓളം ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ചെറുവാഹനങ്ങള്‍ ചുരം റോഡില്‍ കുടുങ്ങി. കൂടാതെ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. ഉരുള്‍പൊട്ടിയപ്പോള്‍ ഉണ്ടായ വെള്ളപാച്ചിലില്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് വിളമന 29-ാം മൈല്‍ സ്വദേശി മരിച്ചത്.
സണ്ണിജോസഫ് എം.എല്‍.എ, പൊലിസ്, അഗ്നിരക്ഷാ സേന, റവന്യു ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇരിട്ടി കച്ചേരിക്കടവിലെ ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇന്ന് ഉച്ചക്ക് 1.30ന് സന്ദര്‍ശിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.