2019 February 17 Sunday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

മലയാളി ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതല്‍; അറുപതിനായിരത്തോളം ഇന്ത്യന്‍ ഹാജിമാര്‍ സ്വദേശങ്ങളിലേക്ക് മടങ്ങി

യഥാസമയം മടങ്ങിയില്ലെങ്കില്‍ ലക്ഷം റിയാല്‍ പിഴ

 

അബ്ദുസ്സലാം കൂടരഞ്ഞി

മദീന: ഹജ്ജിനെത്തിയ മലയാളി ഹാജിമാരുടെ മടക്ക യാത്ര 12 മുതല്‍ ആരംഭിക്കും. ഹജ്ജിനു ശേഷം മദീനയിലെത്തിയ ഇവര്‍ ഇപ്പോള്‍ മദീന സന്ദര്‍ശനത്തിലാണ്. ഇവിടെ പ്രവാചക ഖബറിടവും മറ്റു പുണ്യ കേന്ദ്രങ്ങളും സന്ദര്‍ശനം നടത്തി പരിപൂര്‍ണ്ണ സംതൃപ്തിയോടെ നാട്ടിലേക്ക് തിരിക്കുന്നത്.

ആദ്യ സംഘത്തിലെ രണ്ടു വിമാനങ്ങളിലെ തീര്‍ഥാടകരാണ് ആദ്യ മടക്ക യാത്രാ സംഘത്തിലുണ്ടാവുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാട്ടില്‍ നിന്നും വന്ന വിമാന സര്‍വീസനുസരിച്ച് യാത്രകളുണ്ടാകും. മദീനയിലെത്തിയ ഹാജിമാര്‍ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി മടക്ക യാത്രക്കുള്ള വാസനഘട്ട ഒരുക്കത്തിലാണ്. നിലവില്‍ മലയാളി ഹാജിമാരില്‍ ഏഴായിരത്തോളം ആളുകളാണ് മക്കയില്‍ നിന്നും മദീനയിലെത്തിച്ചേര്‍ന്നിരിക്കുന്നത്. ബാക്കിയുള്ളവരുടെ മദീന യാത്ര പുരോഗമിക്കുകയാണ്.

മദീനയില്‍ നിന്നും മലയളി ഹാജിമാരുടെ അവസാന വിമാനം ഈ മാസം 25 നാണു. ഇന്ത്യന്‍ ഹജ്ജ് സംഘത്തിലെ അവസാന വിമാനങ്ങളിലൊന്നായിരിക്കും ഈ സര്‍വ്വീസ്. മക്കയില്‍ നിന്നും മദീനയിലെത്തുന്ന ഹാജിമാര്‍ക്ക് മദീനയില്‍ ഊഷ്മള സ്വീകരണങ്ങള്‍ ലഭിക്കുന്നുണ്ട്.

വിവിധ മലയാളി സന്നദ്ധ സേവക സംഘങ്ങള്‍ ഇതിനായി ഇവിടെ സദാ സജ്ജമാണ്. കൂടാതെ ഹാജിമാരുടെ സേവനങ്ങള്‍ക്കും സഹായത്തിനുമായും വനിതകളടക്കമുള്ള സന്നദ്ധ സംഘങ്ങള്‍ രംഗത്തുണ്ട്.

അതേസമയം, ഇന്ത്യന്‍ ഹാജിമാരുടെ മടക്ക യാത്ര പുരോഗതിക്കുകയാണ്. നിലവില്‍ എഴുപത്തയ്യായിരം ഹാജിമാര്‍ മാത്രമാണ് പുണ്യഭൂമിയിലുള്ളത്. അതില്‍ 45,000 ഹാജിമാര്‍ മക്കയിലും 28,000 ഹാജിമാര്‍ മദീനയിലുമാണ്.

200 ലധികം വിമാന സര്‍വ്വീസുകളിലായി 60,000 ത്തോളം ഹാജിമാര്‍ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാരില്‍ 142 പേര്‍ പുണ്യ ഭൂമിയില്‍ വെച്ച് മരിക്കുകയും എട്ടു വനിതകള്‍ പ്രസവിക്കുകയും ചെയ്തു. മരണപ്പെട്ടവരില്‍ 19 പേര്‍ മലയാളി ഹാജിമാരാണ്.

ഹജ്ജിനെത്തിയ വിദേശ ഹാജിമാരില്‍ പന്ത്രണ്ടു ലക്ഷത്തോളം ആളുകള്‍ സ്വദേശങ്ങളിലെക്ക് മടങ്ങിയതായി സഊദി പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. സെപ്തംബര്‍ 26 നാണു മടങ്ങാനുള്ള അവസാന തിയതി. ഇതിനിടയില്‍ ഹാജിമാര്‍ മുഴുവന്‍ സ്വദേശങ്ങളിലെക്ക് മടങ്ങണമെന്നും മടങ്ങാത്തവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തുമെന്നും സഊദി ജവാസാത്തും ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നല്‍കി.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.