2019 June 15 Saturday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

മലയാളികളടക്കമുള്ള മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരും വിശുദ്ധ ഭൂമിയില്‍

കേരളത്തില്‍നിന്നുള്ള അവസാന വിമാനവും കഴിഞ്ഞ ദിവസം തിരുവനന്തപുരം വഴി ജിദ്ദയിലെത്തി

 

നിസാര്‍ കലയത്ത്

ജിദ്ദ: മുപ്പത്തി അഞ്ചു ദിവസങ്ങള്‍ നീണ്ട സര്‍വീസുകള്‍ക്ക് ശേഷം ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെയ്ക്കുള്ള ഹജ്ജ് വിമാനങ്ങളുടെ വരവ് വ്യാഴാഴ്ച അവസാനിച്ചു.

വ്യാഴാഴ്ച ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ അവസാന വിമാനം ജയ്പൂരില്‍ നിന്ന് 300 തീര്‍ഥാടകരുമായി പ്രാദേശിക സമയം രാവിലെ 7.15 ന് ജിദ്ദയിലെ ഹജ്ജ് ടെര്‍മിനലില്‍ ഇറങ്ങിയത്.

അതേ സമയം മലയാളി അവസാന സംഘവും മഴ കാരണം നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഹജ്ജ് വിമാനം തിരുവനന്തപുരം വഴിയാണ് ജിദ്ദയിലെത്തിയത്.

410 ഹാജിമാരുമായി എത്തിയ വിമാനം പുലര്‍ച്ചെ 3.30 നാണ് ജിദ്ദയിലിറങ്ങിയത്. 1,75,025 ഹാജിമാരാണ് ഈ വര്‍ഷം വിശുദ്ധ ഹജ്ജില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ നിന്നെത്തിയത്.

ഇതില്‍ 1,28,072 പേര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 46,323 പേര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ മുഖേനയുമാണ് ഹജ്ജിനെത്തിയത്. അവസാന നിമിഷം യാത്ര റദ്ദാക്കിയത് ഉള്‍പെടെ നേരിയ മാറ്റങ്ങള്‍ ഉണ്ട്.

ഇന്നലയോടെ വിമാനത്താവളങ്ങളിലെ ഹജ്ജ് ടെര്‍മിനലുകള്‍ അടച്ചു. അതേ സമയം ഹജ്ജ് കര്‍മങ്ങളിലേക്ക് നീങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ തീര്‍ത്ഥാടകരും ഇപ്പോള്‍ മക്കയിലെത്തി.
ഇതില്‍ കേരളത്തില്‍ നിന്നുള്ള സ്വകാര്യഗ്രൂപ്പ് വഴിയത്തെിയവര്‍ മദീനയിലാണിപ്പോഴുള്ളത്.

ഇവര്‍ ഇന്ന് ഉച്ചയോടെ മക്കയിലേക്ക് തിരിക്കും. ഇന്ത്യയില്‍ നിന്നത്തെിയവര്‍ക്ക് ഇതു വരെ കാര്യമായ പ്രയാസങ്ങളൊന്നുമുണ്ടായിട്ടില്ല. പ്രത്യേകിച്ച് മലയാളി തീര്‍ഥാടകരെ സഹായിക്കാന്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ സംഘടനകള്‍ മല്‍സരിക്കുകയാണ്.

തീര്‍ഥാടകര്‍ എത്തിത്തുടങ്ങും മുമ്പ് തന്നെ സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയത്. കനത്ത ചുടുള്ള കാലാവസ്ഥയാണ് മക്കയില്‍. 48ഡിഗ്രിക്ക് മുകളിലാണ് ചൂട്.

എല്ലവരും ധാരാളം വെള്ളം കുടിക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നിര്‍ദേശിക്കുന്നുണ്ട്. 40 കിടക്കകളുള്ള രണ്ട് ആശുപത്രികളും ഡിസ്‌പെന്‍സറികളും ആരോഗ്യസേവനം നല്‍കാന്‍ എല്ലാ വിധ സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിക്കുന്നുണ്ട്.ഇത് കൂടാതെ മൊബൈല്‍ കല്‍നിക്കുകളുമുണ്ട്.

ഹറമില്‍ നിന്ന് അല്‍പം ദൂരെ അസീസിയയിലാണ് മലയാളി തീര്‍ഥാടകര്‍ കൂടുതല്‍താമസിക്കുന്നത്. ഇതു വരെയുണ്ടായിരുന്ന ബസ് സര്‍വീസുകള്‍ തിരക്ക് വര്‍ധിച്ചതോടെ ബുധനാഴ്ച മുതല്‍ ബസ് സര്‍വീസുകള്‍ സഊദി ഹജ്ജ് -ഉംറ മന്ത്രാലയം നിര്‍ത്തിവച്ചിട്ടുണ്ട്.

ഇത് ഹറമിലത്തൊന്‍ പ്രായമായ ഹാജിമാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. ചരിത്രത്തിലില്ലാത്ത കര്‍ശന സുരക്ഷയാണ് ഇത്തവണ ഹജ്ജുമായി ബന്ധപ്പെട്ട് ഏര്‍പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഹജ്ജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് അടുപ്പിക്കുന്നില്ല.

മുന്‍കാലങ്ങളെ പോലെ സഊദിയിലുള്ള ബന്ധുക്കള്‍ക്കോ സുഹൃത്തുകള്‍ക്കോ അവരെ സന്ദര്‍ശിക്കുന്നതിന് കടുത്ത വിലക്കാണുള്ളത്. സ്വന്തം നിലയില്‍ ഭക്ഷണമുണ്ടാക്കിക്കഴിക്കാന്‍ സൗകര്യമുള്ളതിനാല്‍ ഹോട്ടലുകളെ ആശ്രയിക്കുന്നവര്‍ കുറവാണ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.