2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മലബാറിലെ പ്ലസ്‌വണ്‍ സീറ്റ്: തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

ഫസല്‍ മറ്റത്തൂര്‍

മലപ്പുറം: 30 ശതമാനം ആനുപാതിക വര്‍ധനവ് വരുത്തിയിട്ടും പ്രതിസന്ധി തീരാത്ത മലബാര്‍ ജില്ലയിലെ പ്ലസ്‌വണ്‍ സീറ്റ്ക്ഷാമം സംബന്ധിച്ച് നാളത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ഏകജാലക രീതിയിലുള്ള മുഖ്യഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായിട്ടും മതിയായ സീറ്റില്ലാത്ത സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച് അടിയന്തര പ്രാധാന്യത്തോടെ വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യഘട്ടത്തില്‍ രണ്ട് അലോട്ട്‌മെന്റുകളാണ് നടന്നത്. ഇതില്‍ സംസ്ഥാനത്താകെ 2,87,479 കുട്ടികള്‍ പ്രവേശനം നേടി. ഇതില്‍ 2,48,081 സീറ്റുകളിലും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നടന്നത്. 4,526 പേര്‍ സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം ഉറപ്പിച്ചു. കമ്യൂണിറ്റി(14577), മാനേജ്‌മെന്റ്(13,036), അണ്‍ എയ്ഡഡ്(7,259)എന്നിങ്ങനെയാണ് പ്രവേശനം നേടിയവരുടെ എണ്ണം. 

മുഖ്യഘട്ട അലോട്ട്‌മെന്റ് ഘട്ടത്തില്‍ തന്നെ സംസ്ഥാനത്തെ ആറുജില്ലകളില്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിരുന്നു. ഇതിന്റെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായതോടെ തെക്കന്‍ ജില്ലകളില്‍ മാത്രം പതിനായിരക്കണക്കിന് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്്. മുഖ്യഅലോട്ട്‌മെന്റിനു ശേഷം സംസ്ഥാനത്താകെ 36,160 സീറ്റുകള്‍ ഒഴിവുണ്ട്്. അവസാന ഘട്ടത്തില്‍ പത്ത്ശതമാനം സീറ്റ് കൂട്ടാന്‍ തീരുമാനിച്ചതുപ്രകാരം മലബാര്‍ മേഖലയിലെ ആറുജില്ലകളില്‍ കൂടുക 13,923 സീറ്റുകളാണ്. ഇതോടെ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കാനുള്ള സീറ്റുകളുടെ എണ്ണം 50,083 ആവും. ഇത്രയും സീറ്റുകളുണ്ടെങ്കിലും പതിനായിരക്കണക്കിനു പേര്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ സീറ്റില്ലാതെ പുറത്തുനില്‍ക്കേണ്ടിവരും.

പത്തുശതമാനം വര്‍ധനവ് ഉള്‍പ്പെടെ 50,083 സീറ്റുകളില്‍ ഏകജാലകം വഴി മുഖ്യഘട്ടത്തില്‍ പ്രവേശനം ലഭിച്ചവര്‍ക്ക്് സ്‌കൂളും വിഷയവും മാറാനുള്ള അവസരമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഇതിന് അപേക്ഷിക്കാന്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സമയം.

സ്‌കൂള്‍, വിഷയം എന്നിവയില്‍ മാറ്റങ്ങള്‍ അനുവദിച്ച ശേഷം നിലവിലുള്ള ഒഴിവുകളുടെ വിവരങ്ങള്‍ 27ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതിലേക്ക് നേരത്തെ അപേക്ഷ നല്‍കി പ്രവേശനം ലഭിക്കാത്തവര്‍ക്കും പുതിയ ആളുകള്‍ക്കും അപേക്ഷിക്കാം. നിലവിലെ രീതി പ്രകാരം ജൂലൈ ആദ്യവാരത്തില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതിനു ശേഷവും മലബാറിലെ ഏതാനും ജില്ലകളില്‍ ഉണ്ടായേക്കാവുന്ന സീറ്റുക്ഷാമം പരിഹരിക്കാന്‍ തെക്കന്‍ ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുന്ന വിപ്ലവകരമായ തീരുമാനം എങ്ങിനെയാവുമെന്ന് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിനുശേഷമേ അറിയാനാവൂ. സീറ്റ്ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ സമര രംഗത്താണ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.