2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി

മലപ്പുറം: മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏപ്രില്‍ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കും.
ഇന്നലെ വൈകിട്ട് നാലിനു പാണക്കാട്ട് ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തിനു ശേഷം മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയ ഉപദേശകസമിതി ചെയര്‍മാനും സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. 20ന് കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശപ്പത്രിക സമര്‍പ്പിക്കും.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ശക്തനായ നേതാവ് തന്നെയായിരിക്കണം പാര്‍ലമെന്റില്‍ ഇ.അഹമ്മദിന്റെ പിന്‍ഗാമിയായി മുസ്‌ലിംലീഗിനെ പ്രതിനിധീകരിക്കേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം കൂടി കണക്കിലെടുത്താണ് പാര്‍ട്ടി അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോഴും സംസ്ഥാന രാഷ്ട്രീയത്തിലും കുഞ്ഞാലിക്കുട്ടിയുടെ സജീവസാന്നിധ്യം തുടര്‍ന്നുമുണ്ടാകുമെന്നും തങ്ങള്‍ പറഞ്ഞു. നിലവില്‍ വേങ്ങര നിയോജകമണ്ഡലം എം.എല്‍.എയും പ്രതിപക്ഷ ഉപനേതാവുമാണ് കുഞ്ഞാലിക്കുട്ടി.
ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ പത്രിക സ്വീകരിക്കും. അവസാന തിയതി മാര്‍ച്ച് 23. സൂക്ഷ്മപരിശോധന മാര്‍ച്ച് 24ന് നടക്കും.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.