2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മലപ്പുറം ജില്ലയില്‍ ഹിന്ദുസമൂഹം അരക്ഷിതരോ?

റഹ്മാന്‍ മധുരക്കുഴി

‘കേരളത്തില്‍ പ്രത്യേകിച്ച് മലപ്പുറത്ത് ന്യൂനപക്ഷ ഹിന്ദുസമൂഹം സുരക്ഷിതരല്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മലപ്പുറത്ത് സ്ഥിരം പട്ടാള ക്യാംപ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണം.’

ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസിന്റേതായി പത്രങ്ങളില്‍ വന്ന പ്രസ്താവനയാണിത്. ഇന്ത്യയില്‍ മതസൗഹാര്‍ദവും സാമുദായിക മൈത്രിയും ഏറ്റവും ഉയര്‍ന്ന തോതില്‍ നിലനില്‍ക്കുന്നത് കേരളത്തിലാണെന്ന വസ്തുത പരക്കെ അംഗീകരിക്കപ്പെട്ട യാഥാര്‍ഥ്യമാണ്. സ്വാതന്ത്ര്യസമരാനന്തര ഭാരതത്തില്‍ നൂറ്കണക്കിന് വര്‍ഗീയകലാപങ്ങള്‍ നടമാടിയപ്പോള്‍, കാര്യമായ ഒരു കലാപവും ഉണ്ടാകാതിരുന്ന സംസ്ഥാനമാണ് കേരളം. ബാബരി മസ്ജിദ് ധ്വംസനത്തോടനുബന്ധിച്ച രാജ്യത്തിന്റെ പല ഭാഗത്തും അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയപ്പോഴും കേരളം വ്യത്യസ്തമായ ചിത്രമാണ് കാഴ്ചവച്ചത്. ഈ സൗഹാര്‍ദാന്തരീക്ഷത്തിന് കോട്ടം തട്ടാതെ കേരളം ഇപ്പോഴും കാത്തുസൂക്ഷിക്കുക തന്നെ ചെയ്യുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇസ്‌ലാമിക സംഘടനകളും സ്ഥാപനങ്ങളുമുള്ള സംസ്ഥാനമായ കേരളമാണ് വര്‍ഗീയ കലാപങ്ങള്‍ ഏറ്റവും കുറഞ്ഞ സ്ഥലമെന്നും ഇന്ത്യയില്‍ ജീവിക്കാന്‍ ഏറ്റവും സുരക്ഷിതത്തമുള്ള സ്ഥലമാണിതെന്നും 2002-ലെ ഡി.ജി.പിമാരുടെ ദേശീയ കോണ്‍ഫറന്‍സില്‍ ഇന്റലിജന്‍സ് ബ്യൂറോ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അനിഷേധ്യമായ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ പുറം തിരിഞ്ഞു നിന്ന് പ്രചാരണം നടത്തുന്നവരുടെ ദുഷ്ടലാക്ക് മറ്റൊന്നാണ്. കേരളത്തില്‍ മലപ്പുറം ജില്ലയാണ് മതസൗഹാര്‍ദത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് അനുഭവസ്ഥര്‍ വിളിച്ചു പറയുമ്പോഴാണ് ഇവിടെ ചിലര്‍ ഹിന്ദുസമൂഹം സുരക്ഷിതരല്ലെന്ന പച്ചക്കള്ളം ആവര്‍ത്തിക്കുന്നത്.
സോഷ്യല്‍ മീഡിയ ഹര്‍ത്താലിനോടനുബന്ധിച്ച് ചില സാമൂഹ്യദ്രോഹികള്‍ നടത്തിയ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലക്കെതിരെ ഏറെക്കാലമായി തങ്ങള്‍ നടത്തിവന്ന ദുഷ്പ്രചരണങ്ങളെ ഒരിക്കല്‍കൂടി ആയുധമാക്കി രംഗത്തിറങ്ങാന്‍ സംഘ്പരിവാരങ്ങള്‍ക്ക് പ്രചോദനമായത്. ഹര്‍ത്താലില്‍ ഹിന്ദുക്കളുടെ കടകള്‍ മാത്രം തെരഞ്ഞുപിടിച്ച് കൊള്ള നടത്തിയെന്ന അവാസ്തവ പ്രസ്താവനയിലൂടെ മതസ്പര്‍ധയുണ്ടാക്കുകയെന്ന ദുഷ്ടലക്ഷ്യമാണ് പി.കെ കൃഷ്ണദാസിന്റെ പാര്‍ട്ടിക്കുണ്ടായിരുന്നത്. എന്നാല്‍ 19 കടകള്‍ ആക്രമിക്കപ്പെട്ടതില്‍ 13ഓളം കടകള്‍ മുസ്‌ലിം വിഭാഗത്തിന്റേതായിരുന്നുവെന്ന സത്യം വെളിപ്പെട്ടപ്പോള്‍ നുണപ്രചാരകര്‍ അക്ഷരാര്‍ഥത്തില്‍ വിഷണ്ണരായി.
മലപ്പുറത്ത് സ്ഥിരം പട്ടാള ക്യാംപ് സ്ഥാപിക്കണമെന്ന കൃഷ്ണദാസിന്റെ വാദത്തിന്റെ പിന്നിലും ഹിന്ദുസമൂഹത്തിന്റെ അരക്ഷിതാവസ്ഥ എന്ന വ്യാജ പ്രചാരണമാണ് പ്രവര്‍ത്തിക്കുന്നത്. ഹര്‍ത്താലിന്റെ സൂത്രധാരകന്‍മാര്‍ സ്വന്തം ക്യാംപിലുള്ളവരാണെന്ന സത്യം വെളിച്ചത്ത് വന്നപ്പോള്‍ സാമൂഹ്യ സംഘര്‍ഷം ലക്ഷ്യംവയ്ക്കുന്നത് മറ്റാരുമല്ലെന്ന സത്യവും അനാവരണം ചെയ്യപ്പെട്ടു. മതേതരത്വവും ജനാധിപത്യവും മതസൗഹാര്‍ദവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഭരണകൂടവും ഭരണകൂടത്തെ നിയന്ത്രിക്കുന്ന പാര്‍ട്ടിയും നിരപരാധികളുടെ തലയില്‍ കുറ്റം കെട്ടിവയ്ക്കുന്നതിന് പകരം യഥാര്‍ഥ കുറ്റവാളികളെയും സാമൂഹ്യദ്രോഹികളെയും പിടികൂടാനുള്ള ജാഗ്രതയാണ് കാണിക്കേണ്ടത്. വിവേകത്തിന്റേയും സത്യസന്ധതയുടേയും മാര്‍ഗവും മറ്റൊന്നല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.