2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് യുദ്ധത്തിനില്ലെന്ന് ഇമ്രാന്‍ ഖാന്‍

അതിര്‍ത്തിയില്‍ മരിച്ച ജവാന്മാരുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് സൈനിക തലവന്‍

ഇസ്‌ലാമാബാദ്: മറ്റു രാജ്യങ്ങള്‍ നടത്തുന്ന യുദ്ധങ്ങളില്‍ പാകിസ്താന്‍ ഇനി പങ്കാളിയാവില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തുടക്കം മുതലേ താന്‍ യുദ്ധങ്ങള്‍ക്ക് എതിരാണെന്നും രാജ്യ താല്‍പര്യമാണ് തന്റെ വിദേശനയമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. റാവല്‍പിണ്ടിയില്‍ സൈനിക ആസ്ഥാനത്ത് നടന്ന രക്ത സാക്ഷി, പ്രതിരോധ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തീവ്രവാദത്തിനെതിരേ പാകിസ്താന്‍ സൈന്യത്തെ പോലെ പോരാട്ടം നടത്തിയ മറ്റൊരു സേന ലോകത്തില്ല. എല്ലാതരം ഭീഷണികളെയും മറികടന്ന് പാകിസ്താനെ സുരക്ഷിതമാക്കാന്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. രാഷ്ട്രീയ ഇടപെടലില്ലാതെ, യോഗ്യതകളുടെ അടിസ്ഥാനത്തില്‍ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഏക വിഭാഗമാണ് സൈന്യമെന്ന് അദ്ദേഹം പറഞ്ഞു.
അയല്‍രാജ്യമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഇമ്രാന്‍ ഖാന്‍ കശ്മിരിലെ ഇന്ത്യന്‍ ‘ക്രൂരതകള്‍’ അവസാനിപ്പിക്കാനായി ലോക രാജ്യങ്ങള്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചു. എക്യരാഷ്ട്ര സംഘടനാ പ്രമേയങ്ങള്‍ക്കനുസരിച്ച് കശ്മിര്‍ പ്രശ്‌ന പരിഹാരം ഒഴിവാക്കാന്‍ കഴിയാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഇമ്രാന്‍ ഖാന്റെ പ്രസ്താവനക്ക് വിരുദ്ധമായ അഭിപ്രായമാണ് അതേ വേദിയില്‍ സൈനിക തലവന്‍ ഖമര്‍ ജാവേദ് ബജ്‌വ പ്രകടിപ്പിച്ചത്. അതിര്‍ത്തിയില്‍ ജീവന്‍ സമര്‍പ്പിച്ച ജവാന്മാരുടെ രക്തത്തിനായി പ്രതികാരം ചെയ്യണമെന്ന് ബജ്‌വ പറഞ്ഞു.
രാജ്യത്തിനായി നമ്മുടെ സൈന്യം വലിയ ത്യാഗങ്ങളാണ് ചെയ്തത്. രാജ്യത്തിന് ജീവന്‍ സമര്‍പ്പിച്ചവരെ മറക്കില്ല. 1965, 1971 എന്നീ വര്‍ഷങ്ങളിലുണ്ടായ യുദ്ധങ്ങളില്‍ പാകിസ്താന്‍ നിരവധി പാഠങ്ങള്‍ പഠിച്ചു. ഈ യുദ്ധങ്ങള്‍ക്ക് ശേഷമാണ് പ്രതിരോധ സംവിധാനം വികസിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.