2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മറിയം ത്രേസ്യ ഇനി വിശുദ്ധ

 

 

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായി വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഇനി വിശുദ്ധ. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടന്ന ചടങ്ങിലാണ് മലയാളികളടക്കം ആയിരങ്ങളെ സാക്ഷിനിര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ അവരെ വിശുദ്ധയായി പ്രഖ്യാപിച്ചത്.
ഇതോടെ ആഗോള കത്തോലിക്കാസഭയുടെ ദേവാലയങ്ങളില്‍ അള്‍ത്താര വണക്കത്തിനു ത്രേസ്യ യോഗ്യയായി. കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്‌സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരെയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
കത്തോലിക്കാസഭയിലെ വിശുദ്ധരുടെ കൂട്ടത്തില്‍ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ അഞ്ചായി. അല്‍ഫോണ്‍സാമ്മയാണ് ഇന്ത്യയിലെ ആദ്യ വിശുദ്ധ. അഗതികളുടെ അമ്മയായ കൊല്‍ക്കത്തയിലെ മദര്‍ തെരേസ, ചാവറയച്ചന്‍, എവുപ്രാസ്യമ്മ എന്നിവരാണ് മറ്റ് മൂന്നുപേര്‍.
മറിയം ത്രേസ്യയടക്കം അഞ്ചുപേരുടെയും ജീവചരിത്രം വിവിധ ഭാഷകളില്‍ വായിച്ചശേഷം മാര്‍പാപ്പ ലത്തീന്‍ ഭാഷയില്‍ വിശുദ്ധപദവി പ്രഖ്യാപനം നടത്തുകയായിരുന്നു. മറിയം ത്രേസ്യയുടെ രൂപതയായ ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ചടങ്ങിന് സഹകാര്‍മികനായി. പ്രാര്‍ഥനയും ഗാനാര്‍ച്ചനയും മലയാളത്തിലും നടന്നു. ഇന്ത്യന്‍ സംഘത്തിന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ നേതൃത്വം നല്‍കി. വത്തിക്കാന്റെ ചുമതലയുള്ള സ്ഥാനപതി സിബി ജോര്‍ജും സംഘത്തിലുണ്ടായിരുന്നു. ചടങ്ങിനു സാക്ഷ്യംവഹിക്കാനായി മറിയം ത്രേസ്യയുടെ കുടുംബാംഗങ്ങള്‍ യു.എ.ഇയില്‍ നിന്ന് വത്തിക്കാനിലെത്തിയിരുന്നു.
1876 ഏപ്രില്‍ 26ന് തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയിലാണ് മറിയം ത്രേസ്യ ജനിച്ചത്. 11 വര്‍ഷം കന്യാസ്ത്രീയായി ജീവിച്ച അവര്‍ പ്രദേശത്തുകാരുടെ കുടുംബബന്ധങ്ങള്‍ ശക്തമാക്കുന്നതിനും പാവപ്പെട്ടവരെ സഹായിക്കുന്നതിനും പരിശ്രമിച്ചു.
മാമോദീസ മുക്കുമ്പോള്‍ ത്രേസ്യ എന്നായിരുന്നു പേര്. 1904ലാണ് മറിയം പേരിനൊപ്പം ചേര്‍ത്തത്. അവരെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത് ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണെന്ന് സെപ്റ്റംബര്‍ 29ലെ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. 1926 ജൂണ്‍ 5ന് പ്രമേഹരോഗം മൂലമായിരുന്നു മറിയം ത്രേസ്യയുടെ മരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.